സ്വന്തം ലേഖകൻ 

കോഴിക്കോട് : കഥകളി ആചാര്യൻ ചേമഞ്ചേരി കുഞ്ഞിരാമൻ നായർ (105) നിര്യാതനായി. കൊയിലാണ്ടിയിലെ വീട്ടിലായിരുന്നു അന്ത്യം. നൃത്തവും, കഥകളിയും ഒരുപോലെ അഭ്യസിച്ച അപൂർവ്വം ചിലരിൽ ഒരാളായിരുന്നു ചേമഞ്ചേരി.

എട്ട് പതിറ്റാണ്ട് നീണ്ടുനിന്ന കലാ ജീവിതത്തിനാണ് ഇന്ന് തിരശീല വീണത്. 2017 ൽ രാജ്യം ചേമഞ്ചേരിയെ പദ്മശ്രീ നൽകി ആദരിച്ചു. നൃത്തത്തിനും കഥകളിക്കുമുള്ള ഫെലോഷിപ്പ് നൽകി കേരള സംഗീത നാടക അക്കാദമിയും അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു. ചെറുപ്രായത്തിൽ നൃത്തം അഭ്യസിച്ചുതുടങ്ങിയ ചേമഞ്ചേരി ഭാരതനാട്യവും മോഹിനിയാട്ടവും പഠിച്ചതിനുശേഷമാണ് കഥകളിയിലേക്ക് മാറുന്നത്.

1931 മുതൽ നൃത്താധ്യാപനം ആരംഭിച്ചു. 1944 ൽ കണ്ണൂരിൽ ഭാരതീയ നൃത്തവിദ്യാലയം ആരംഭിച്ചു. ഉത്തരമലബാറിലെ ആദ്യത്തെ നൃത്തവിദ്യാലയമായിരുന്നു അത്. തലശ്ശേരിയിൽ പിന്നീട് സ്ഥാപിച്ചതാണ് നാട്യകലാസംഘം. മലബാർ സുകുമാരൻ ഭാഗവതർ, ചേമഞ്ചേരി ശിവദാസ് എന്നിവരുടെ സഹായത്തോടെ 1974 ൽ കോഴിക്കോട് പൂക്കാട് യുജനകലാലയവും ആരംഭിച്ചു.
ആദ്യമായി ചുട്ടികുത്തുമ്പോൾ 14 വയസ് മാത്രമായിരുന്നു ചേമഞഞ്ചേരിയുടെ പ്രായം. കൃഷ്ണ,കുചേല വേഷങ്ങൾ കഥകളി ആസ്വാദകർക്ക് മറക്കാനാവില്ല. കുചേല വൃത്തം, രുഗമിണി സ്വയംവരം തുടങ്ങിയ കഥകളിലെ കുഞ്ഞിരാമൻ നായരുടെ വേഷങ്ങൾ പ്രസിദ്ധമാണ്. സിനിമാ താരങ്ങൾ ഉൾപ്പെടെ വലിയൊരു ശിഷ്യസമ്പത്തിന് ഉടമയായിരുന്നു ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ.

LEAVE A REPLY

Please enter your comment!
Please enter your name here