രാജേഷ് തില്ലങ്കേരി

തിരുവനന്തപുരം : കേരള രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത നാമമായിരുന്നു കെ കരുണാകരന്റേത്. കെ കരുണാകരന്റെ മകൻ കെ മുരളീധരൻ സേവാദൾ പ്രവർത്തനവുമായാണ് കോൺഗ്രസിൽ എത്തുന്നത്. 1989 ൽ പാർലമെന്റ് തെരഞ്ഞെടുപ്പ് വേളയിൽ അപ്രതീക്ഷിതമായാണ്കെ മുരളീധൻ സ്ഥാനാർത്ഥിയാവുന്നത്. മുരളീധരന്റെ രാഷ്ട്രീയ പ്രവേശം ഏറെ കോലാഹലങ്ങൾക്ക്
വഴിയൊരുക്കി. എന്നാൽ കോഴിക്കോട് മണ്ഡലത്തിൽനിന്നും സി പി എം നേതാവായിരുന്ന ഇ കെ ഇമ്പിച്ചി ബാവയെ പരാജയപ്പെടുത്തിയാണ് ആദ്യമായി ലോക് സഭയിൽ എത്തുന്നത്.

1991 ൽ ജനതാദൾ നേതാവായിരുന്ന എം പി വീരേന്ദ്രകുമാറിനെ പരാജയപ്പെടുത്തിയതോടെ മുരളീധരൻ ഒരു നേതാവിന്റെ പരിവേഷം  കൈവന്നിരുന്നു. 1996 ൽ എം പി വീരേന്ദ്രകുമാറിനോട് തന്നെ തോറ്റു. അച്ഛന്റെ തട്ടകമായിരുന്ന തൃശ്ശൂരിലേക്ക് മാറിയെങ്കിലും സി പി ഐ നേതാവായിരുന്ന  വി വി രാഘവനോടും തോറ്റു. ഇതോടെ മുരളീധരന്റെ ശ്രദ്ധ കോൺഗ്രസ് നേനേതൃത്വത്തിലേക്ക് എത്തുകയെന്നതായിരുന്നു. അക്കാലത്തെ തിരുത്തൽ വാദിനേതാക്കൾ മുരളിയെ ശക്തമായി എതിർത്തു. എന്നിട്ടും  കെ പി സി സി ജനറൽ സെക്രട്ടറിയും വൈസ് പ്രസിഡന്റുമായി.


1999 ൽ ജനതാദൾ നേതാവായിരുന്ന ഇബ്രാഹിമിനെ പരാജയപ്പെടുത്തി വീണ്ടും ലോക് സഭയിൽ എത്തി. 2001 – 2004 കാലത്ത് എ കെ ആന്റണി കേരളത്തിൽ മുഖ്യമന്ത്രിയായിരുന്നപ്പോൾ കെ മുരളീധരൻ ആയിരുന്നു കെ പി സി സി അധ്യക്ഷൻ. എന്നാൽ മന്ത്രിയാവാനുള്ള മുരളീധരന്റെ തീരുമാനം വലിയ തിരിച്ചടിയുടെ തുടക്കമായിരുന്നു. 2004 ൽ മന്ത്രിയായി. വടക്കഞ്ചേരി
എം എൽ എയയായിരുന്ന ബലറാം രാജിവച്ചാണ് മുരളീധരന് മത്സരിക്കാൻ അവസരമൊരുക്കിയത്. എന്നാൽ ദയനീയ പരാജയമായിരുന്നു
മുരളി നേരിട്ടത്. ഇതോടെ മന്ത്രി സ്ഥാനത്തുനിന്നും രാജിവെക്കേണ്ടിവന്നു. 2004 ൽ രാജ്യസഭാ സീറ്റിന്റെ തർക്കത്തെത്തുടർന്ന് കെ
കരുണാകരൻ കോൺഗ്രസിൽ ഇടഞ്ഞുനിന്ന കാലം. അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേൽ എന്നു വിളിച്ചതിനെ തുടർന്ന് പാർട്ടിയിൽ
നിന്നും ആറ് വർഷത്തേക്ക് പുറത്താക്കി. കെ കരുണാകരൻ കോൺഗ്രസ് വിട്ടു, പുതിയ പാർട്ടിയുണ്ടാക്കി. ഡി ഐ സി (കെ)  എന്നായിരുന്നു പാർട്ടിയുടെ പേര്. മുരളി ആ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനായി, ഇടതുപക്ഷമായിരുന്നു മുരളിയുടെ ആശ്രയം. 

എന്നാൽ വി എസ് അച്ചുതാനന്ദനും, സി പി ഐ നേതാവ് വെളിയം ഭാർഗവനും ഡി ഐ സിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു.
ഇതോടെ ഡി ഐ സി യു ഡി എഫുമായി നീക്കുപോക്കുണ്ടാക്കി. 2006 ൽ കൊടുവള്ളിയിൽ നിന്നും പരാജയപ്പെട്ടു. ഡി ഐ സി
പിന്നീട് എൻ സി പിയിൽ ലയിച്ചുവെങ്കിലും കരുണാകരനും മുരളിയും മാതൃസംഘടനയിലേക്ക് തിരികെ പോന്നു. 2011 ഫെബ്രുവരി 15 ന്
മുരളിയെ കോൺഗ്രസിൽ തിരിച്ചെടുത്തു. 2011 ൽ വട്ടിയൂർക്കാവിൽ നിന്നും കോൺഗ്രസ് ടിക്കറ്റിൽ നിയമസഭയിലെത്തി. 2016 ലും
വട്ടിയൂർക്കാവിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. വടകരയിൽ നിന്നും മുല്ലപ്പള്ളി രാമചന്ദ്രൻ മാറിനിൽക്കാൻ തീരുമാനിച്ചപ്പോൾ
വടകരയിലെത്തി. എം പിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ വട്ടിയൂർക്കാവിനെ ഉപേക്ഷിച്ചു. ഇപ്പോഴിതാ തിരുവനന്തപുരത്തെ നേമം
പിടിക്കാനുള്ള ചുമതല കോൺഗ്രസ് ദേശീയ നേതൃത്വം കെ മുരളീധരനെ ഏൽപ്പിച്ചിരിക്കയാണ്.

ബി ജെ പി യുടെ പ്രസ്റ്റീജസ്  സീറ്റായി അറിയപ്പെടുന്ന നേമത്ത് മുരളീധരൻ മൽസരിക്കാനെത്തുമ്പോൾ, കഴിഞ്ഞതവണ
വട്ടിയൂർക്കാവിൽ എതിരാളിയായിരുന്ന കുമ്മനം  രാജേന്ദ്രനെയാണ്  നേനേരിടേണ്ടത്.  വിജയിക്കുകയും കോൺഗ്രസിന് ഭൂരിപക്ഷം ലഭിക്കുകയും ചെയ്താൽ കെ മുരളീധരൻ വീണ്ടും പാർട്ടിയിൽ കരുത്തനാവും. മുരളി അധികാര കേന്ദ്രമാവുന്നതും കേരളം കാണേണ്ടിവരും.

LEAVE A REPLY

Please enter your comment!
Please enter your name here