രാജേഷ് തില്ലങ്കേരി

വിശ്വാസികളെ സംരക്ഷിക്കും, മതമില്ലാത്തവർക്ക് സമാധാന ജീവിതം, വീട്ടമ്മമാർക്ക് പെൻഷൻ, ക്ഷേമ പെൻഷൻ 2500 രൂപയാക്കും… എന്റമ്മോ എൽ ഡി എഫ് പ്രകടന പത്രിക കണ്ട് അന്തം വിട്ടിരിക്കുകയായിരുന്നു കേരളീയർ….അതിഗംഭീരം തന്നെ.

എൽ ഡി എഫിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ വിലയിരുത്തി വോട്ടർമാർ ഇടതു സർക്കാറിനെ തുടർന്നും ഭരണത്തിലേറ്റുമെന്നായിരുന്നു രണ്ട് ദിവസം മുൻപുവരെ ഇടത്, സി പി എം നേതാക്കളുടെ വാദം. എന്നാൽ എന്തോ അതിലങ്ങോട്ട് അത്രയുറപ്പില്ലാത്തതിനാലാവണം, വലിയ വാഗ്ധാനങ്ങളുമായി ഇടത് പത്രിക പുറത്തിറക്കിയത്.
 


വിശ്വാസികളെ വെല്ലുവിളിച്ച പാർട്ടിയാണ് സി പി എം എന്നായിരുന്നല്ലോ കോൺഗ്രസിന്റെയും ബി ജെ പിയുടേയും ആരോപണം. എന്നാൽ അതൊന്നുമല്ല സഖാക്കളേ, സി പി എം… എല്ലാ വിശ്വാസികളെയും, അവരുടെ വിശ്വാസത്തിന് അനുസരിച്ച് ജീവിക്കാൻ പ്രാപ്തരാക്കുന്ന വലിയ പദ്ധതിയാണ് എൽ ഡി എഫ് വിഭാവനം ചെയ്തിരിക്കുന്നത്. വിശ്വാസം അനുസരിച്ച് ജീവിക്കാൻ ജോസ് മോനും, ഗണേഷ് മോനും അനുവാദം. മതമില്ലാത്ത എം എ ബേബിക്കും സംരക്ഷണം. കടുത്ത വിശ്വാസിയായ കടകംപള്ളിക്കും പാർട്ടിയിൽ തുടരാം…..


എൽ ഡി എഫിന്റെ പ്രകടന പത്രിക കണ്ട് ആകെ കണ്ണുമിന്നി നിൽക്കുമ്പോഴിതാ വരുന്നു യു ഡി എഫ് പ്രകടന പത്രിക. കേരളത്തെ ലോകനിലവാരത്തിലേക്ക് ഉയർന്നാനുള്ള വമ്പിച്ച പദ്ധതിയാണ് പ്രകടന പത്രികയിലുള്ളത്. വാഗ്ധാന പെരുമഴയുമായാണ് പ്രകടന പത്രിക വന്നത്. കേരളത്തെ രക്ഷപ്പെടുത്തിയേ അടങ്ങൂ എന്ന വാശിയിലാണ് ശശി തരൂർ.  
കേരളത്തെ ആഗോള നിലവാരത്തിൽ ഉയർത്താനുള്ള തയ്യാറെടുപ്പിലാണ് യു ഡി എഫ് എന്നാണ് വിശ്വപൗരന്റെ അഭിപ്രായം. വിനോദ സഞ്ചാര മേഖലയിൽ വമ്പിച്ച കുതിച്ചുചാട്ടം മുതൽ, യുവാക്കൾക്ക് ന്യായ് പദ്ധതിയിലൂടെ ആറായിരം രൂപ നൽകുമെന്നും, വിദ്യാർത്ഥികൾക്ക് പരിശീലനത്തിനായി വിവിധ പദ്ധതികളും പ്രകട പത്രികയിൽ വാഗ്ധാനമുണ്ട്.
വിശ്വാസ സംരക്ഷണത്തിനായി പ്രത്യേക നിയമം നടപ്പാക്കും. പോക്‌സോ കേസന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും.

ഹർത്താൽ നിർത്തലാക്കും, വ്യവസായങ്ങൾക്ക് സംരക്ഷണം നടപ്പാക്കും. ഐ ടി ആക്റ്റ് കൊണ്ടുവരും, ക്ഷേമ പെൻഷനും വർധിപ്പിക്കുമത്രേ…വീട്ടമ്മമാർക്ക് പ്രത്യേക സംരക്ഷണം, കോവിഡ് പാക്കേജ്, തുടങ്ങി നിരവധിയുണ്ടാശാനേ….  വാഗ്ധാനങ്ങൾ…. ജനം ആകെ കൺഫ്യൂഷനിലാണ്…. വാഗ്ധാനപെരുമഴയുടെ കുളിരിലാണ് ജനം….
ഇതൊക്കെ സത്യാണോ….
ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുമോ……..


പ്രവർത്തകരുടെ വികാരം മനസിലാക്കി; ഇരിക്കൂറിൽ ആ അടവ് നടന്നില്ല



പത്തനംതിട്ടയിൽ മോഹൻ കുമാറിനെയും പാലക്കാട് ഗോപിനാഥിനെയും മെരുക്കിയതിന് ശേഷമാണ് ഉമ്മൻ ചാണ്ടി സാറ് കണ്ണൂരിലെത്തിയത്. അതിശക്തമായ ഗ്രൂപ്പ് പോരാട്ടം മൂലം എ, ഐ ഗ്രൂപ്പുകൾ രണ്ടായ ഇരിക്കൂറിൽ പ്രശ്‌നം രമ്യമായി പരിഹരിക്കാനായാണ് ചാണ്ടിസാർ എത്തിയത്. എന്നാൽ ഇരിക്കൂറിക്കൂറിൽ ഇരുകൂറുകാരും വിടുന്ന ലക്ഷണമില്ലെന്ന് മനസിലാക്കിയ ചാണ്ടിസാർ തീരുമാനം ഹൈക്കമാൻഡുമായി സംസാരിച്ച് പ്രഖ്യാപിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കയാണ്. 
 
 
ഡി സി സി അധ്യക്ഷസ്ഥാനം വേണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം. കാര്യം കെ സുധാകരനുമായി ചാണ്ടിസാർ സംസാരിച്ചുവെങ്കിലും ഐ ഗ്രുപ്പിന്റെ കയ്യിലുള്ള ഡി സി സി അധ്യക്ഷ സ്ഥാനം വിട്ടുകൊടുക്കുന്നതിൽ തീരുമാനമായില്ല. പ്രവർത്തകരുമായി സംസാരിച്ച് അറിയിക്കാമെന്നായിരുന്നു സുധാകന്റെ പ്രതികരണം.
ഇരിക്കൂറിലെ കൂറ് ചാണ്ടിസാറിന് സോണി സെബാസ്റ്റ്യനോടായിരിക്കുമല്ലോ, സോണിയെയാണല്ലോ കെ സി ജോസഫ് ശുപാർശ ചെയ്ത സ്ഥാനാർത്ഥി.
 
പരാതികൾ എല്ലാം കേട്ടുവെന്നും, പരാതിക്കാരുടെ പരാതിയിൽ കഴമ്പുണ്ടെന്ന് തനിക്ക് ബോധ്യമായിട്ടുണ്ടെന്നാണ് ചാണ്ടിസാർ അഭിപ്രായപ്പെട്ടത്. സജീവ് ജോസഫ് നോമിനേഷൻ കൊടുത്തത് പ്രശ്‌നം പരിഹരിക്കുന്നതിന് മുൻപാണ്. മറ്റൊരു സ്ഥാനാർത്ഥിയായി ആരും രംഗത്തുവന്നിട്ടുമില്ല. വിമത പ്രവർത്തനങ്ങൾക്കൊന്നും ഞങ്ങളില്ലെന്ന് എ ഗ്രൂപ്പ് നേതാക്കൾ അറിയിച്ചിട്ടുണ്ട്.

സജീവ് ജോസഫിനോട് ഒരു തരത്തിലും ഒത്തുതീർപ്പിന് പോവേണ്ടതില്ലെന്നാണ് എ ഗ്രൂപ്പിന്റെ വാദം. നിസ്സഹകരണം തുടർന്നാൽ കോൺഗ്രസിന്റെ ശക്തി കേന്ദ്രമായ ഇരിക്കൂറിൽ തിരിച്ചടി കിട്ടും. അതിനാൽ പ്രശ്‌നം കൂടുതൽ സങ്കീർണമാവാതെ അവസാനിപ്പിക്കണമെന്നാണ് എല്ലാ
ഗ്രൂപ്പു നേതാക്കളുടെയും തീരുമാനം. 
 
എന്നാൽ കെ സുധാകരൻ ഇരിക്കൂറിൽ ഇതുവരെയും വ്യക്തമായ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. കെ സി വേണുഗോപാലിന്റെ സ്ഥാനാർത്ഥിയുമായി സഹകരിക്കേണ്ടതില്ലെന്നാണ് സുധാകരൻ ഗ്രൂപ്പിന്റെ നിലവിലുള്ള നിലപാട്. രാജിവച്ച നേതാക്കളെ അനുനയിപ്പിച്ച് പാർട്ടിയിൽ സജീവമാക്കിയില്ലെങ്കിൽ സ്ഥതിഗതികൾ ഗുരുതരമാവും. ഉമ്മൻ ചാണ്ടി ഇടപെട്ടിട്ടും തർക്കം പരിഹരിക്കപ്പെട്ടില്ലെങ്കിൽ പേരാവൂരും, കണ്ണൂരിലും തിരിച്ചടി കിട്ടുമെന്ന് ഗ്രൂപ്പ് മാനേജർമാർക്കും അറിയാം.

കൊടുത്താൽ കൊല്ലത്തുമാത്രമല്ല, പാലായിലും കിട്ടും

കൊടുത്താൽ കൊല്ലത്തും കിട്ടുമെന്നാണ് പഴംചൊല്ല്. എന്നാൽ പാലായിൽ ആണ് ഇപ്പോൾ ആ ചൊല്ല് ഏറ്റവും കൂടുതൽ ചേരുക.
പാലാ ഉപതെരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നം വിട്ടുകൊടുക്കാൻ തയ്യാറാവാതെ ജോസ് കെ മാണിയെ വെള്ളം കുടിപ്പിച്ച പി ജെ ജോസഫും, മോൻസ് ജോസഫും നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധിയാണ് പാലാക്കാരെക്കൊണ്ട് കൊടുത്താൽ പാലായിലും കിട്ടുകയെന്ന് പറയിച്ചത്.
 
10 സീറ്റുകളിൽ മത്സരിക്കുന്ന പിജെയുടെ  കേരളാ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് സ്വന്തമായൊരു ചിഹ്നം തേടിയുള്ള നെട്ടോട്ടത്തിലാണ് നേതാക്കൾ. തെരഞ്ഞെടുപ്പ് കഴിഞ്ഞ് എം എൽ എയായാൽ കൂറുമാറ്റം തടയണമെങ്കിൽ പാർട്ടിയും ചിഹ്നവും വേണം. പാർട്ടി പി സി തോമസിന്റെ കാരുണ്യത്താൽ ഉണ്ടായി. എന്നാൽ സൈക്കിൾ ചിഹ്നം തന്റെ എല്ലാ സ്ഥാനാർത്ഥിക്കും അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ല, എന്നാൽ ട്രാക്ടർ കിട്ടിയാലും കുഴപ്പമില്ലെന്നാണ് പി ജെ പാർട്ടിയുടെ ആവശ്യം. ട്രാക്ടർ ഓടിക്കുന്ന കർഷകൻ ചിഹ്നം വേണമെന്നാണ് ആവശ്യം. കർഷകന്റെ പാർട്ടിയെന്ന നിലയിലാണ് ട്രാക്ടർ ചിഹ്നം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ എല്ലാ സ്ഥാനാർത്ഥികൾക്കും ഒരേ ചിഹ്നം യാഥാർത്ഥ്യമാവുമോ എന്നൊന്നും അറിയില്ല. ഭാഗ്യം കടാക്ഷിച്ചാൽ ചിഹ്നം കിട്ടും, ഇല്ലെങ്കിൽ ഇല്ല അത്ര തന്നെ.

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ചെണ്ടയായിരുന്നു ജോസഫിന്റെ പാർട്ടിക്ക് ലഭിച്ചിരുന്ന ചിഹ്നം. ഇത്തവണ ചെണ്ടയും കിട്ടിയില്ല. ചെണ്ടയായിരുന്നെങ്കിൽ ജോസ് കെ മാണിക്ക് ഒന്നു കൊട്ടിയിട്ടു പോവാമായിരുന്നു.


പാണക്കാട്ടേക്ക് പോയ കളമശ്ശേരി ലീഗുകാരെ കാണാനില്ല….

അഴിമതിക്കാരനായ മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ മകനെ കളമശ്ശേരി മണ്ഡലത്തിൽ നിന്നും മത്സരിപ്പിക്കാനുള്ള തീരുമാനം വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ലീഗ് സംസ്ഥാന നേൃത്വം അടിച്ചേൽപ്പിച്ച സ്ഥാനാർത്ഥിയെ അംഗീകരിക്കില്ലെന്നും , മങ്കടയിൽ സീറ്റു നഷ്ടപ്പെട്ട അഹമ്മദ് കബീറിനെ സ്ഥാനാർത്ഥിയാക്കണമെന്നുമായിരുന്നു ലീഗ് നേതാക്കളുടെ ആവശ്യം.

കഴിഞ്ഞ ദിവസം കളമശ്ശേരിയിൽ വലിയ പ്രതിഷേധ യോഗം നടന്നു. യോഗത്തിൽ പങ്കെടുത്ത ജില്ലാ നേതാക്കൾ ഒന്നടങ്കം പ്രമേയം പാസാക്കി, കുഞ്ഞിന്റെ മകനെ അംഗീകരിക്കില്ല, പകരം
അഹമ്മദ് കബീർ മതി. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ കളമശ്ശേരിയിൽ അഹമ്മദ് കബീറിനെ വിമത സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുമെന്നായിരുന്നു ജില്ലാ കമ്മിറ്റിയുടെ ഭീഷണി. സംസ്ഥാന നേതൃത്വം ഇതൊന്നും കേട്ടതായി ഭാവിച്ചില്ല.

പാണക്കാട്ടെത്തി ആവശ്യം നേരിട്ട് പറയാനായി ഒരു സംഘത്തെ ചുമതലപ്പെടുത്തി. സംഘം കളമശ്ശേരിയിൽ നിന്നും പുറപ്പെട്ടത് വലിയ ആവേശത്തോടെയായിരുന്നു. എന്നാൽ അവർ തിരികെ എത്തിയോ, അതോ പാണക്കാട് തന്നെ നിൽക്കുകയാണോ എന്നൊന്നും ആർക്കും അറിയില്ലത്രേ… ഇബ്രാഹിംകുഞ്ഞിന്റെ മകനും കളമശ്ശേരിയിൽ യു ഡി എഫ് സ്ഥാനാർത്ഥിയുമായ വി ഇ അബ്ദുൽ ഗഫൂർ മണ്ഡലത്തിൽ സജീവമായി നിൽക്കുകയാണ്. ആർക്കുമിപ്പോൾ എതിർപ്പുമില്ലത്രേ….പാണക്കാട്ടെ മന്ത്രം ഫലിച്ചു വെന്നു സാരം.


എവിടെ ഫോൺ, എവിടെ നോട്ടീസെന്ന് കോടിയേരി…. നോട്ടീസ് ഇതാ വീണ്ടും വിട്ടിട്ടുണ്ടെന്ന് കസ്റ്റംസ്


തന്റെ ഭാര്യ വിനോദിനിയോട് ചോദ്യം ചെയ്യലിന് ഹാജരാവാൻ കസ്റ്റംസ് ആവശ്യപ്പെട്ടെന്ന വാർത്ത വ്യാജമാണെന്ന് കോടിയേരി ബാലകൃഷ്ണൻ. നോട്ടീസ് നേരത്തെ അയച്ചിരുന്നുവെന്നും ഇന്നലെ വീണ്ടും നോട്ടീസ് അയച്ചിട്ടുണ്ടെന്ന് കസ്റ്റംസ്.
ലൈഫ് മിഷൻ അഴിമതിയുമായി ബന്ധപ്പെട്ട് കരാറുകാരനായ സന്തോഷ് ഈപ്പൻ നൽകിയ ഐഫോണുകളിൽ ഒരെണ്ണം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ആ ഫോൺ കോടിയേരിയുടെ ഭാര്യ വിനോദിനിയാണ് ഉപയോഗിച്ചിരുന്നതെന്നായിരുന്നു കസ്റ്റംസിന്റെ കണ്ടെത്തൽ.
എന്നാൽ ഏത് സന്തോഷ് ഈപ്പൻ എന്നും ഏത് ഫോൺ എന്നും ആയിരുന്നു കോടിയേരിയുടെ ആദ്യപ്രതികരണം. ഫോൺ പണം കൊടുത്ത് വാങ്ങിയതാണെന്ന് ന്യായീകരിച്ച കോടിയേരി, കസ്റ്റംസ് നോട്ടീസ് അയച്ചിട്ടില്ലെന്നായിരുന്നു ഇന്നലെ പറഞ്ഞത്.
ഇന്ന് രാവിലെ ഇതാ കസ്റ്റംസ് വീണ്ടും നോട്ടീസ് അയച്ചുവെന്ന വാർത്തകൾ വരുന്നു.
 

തെരഞ്ഞെടുപ്പ് കഴിയുംവരെ ചോദ്യം ചെയ്യലിന് ഹാജരാവേണ്ടതില്ലെന്ന നിലപാടാണ് സി പി എം സ്വീകരിച്ചിരിക്കുന്നത്. മകൻ മയക്കുമരുന്ന് ഇടപാടിൽ ജയിലിൽ ആയതോടെ സെക്രട്ടറി പണിയിൽ നിന്നും മാറിനിൽക്കുന്ന കോടിയേരി തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമാണ്. വിനോദിനിയെ കസ്റ്റംസ് ചോദ്യം ചെയ്താൽ വീണ്ടും കോടിയേരി പ്രതിരോധത്തിലാവും. ഇത് ഒഴിവാക്കാനാണ് നോട്ടീസ് ഇല്ലെന്നു വാദിക്കുന്നത്. മകനെ ജയിലിൽ അടച്ചത് തന്നോടുള്ള രാഷ്ട്രീയ പോരാട്ടത്തിന്റെ ഭാഗമാണെന്നായിരുന്നു കോടിയേരിയുടെ മറ്റൊരു പ്രതികരണം. മയക്കുമരുന്ന് വ്യാപാരത്തിന് ആരെങ്കിലും ബാങ്കിലൂടെ പണം കൈമാറുമോ എന്നാണ് കോടിയേരി സഖാവിന്റെ ചോദ്യം.  അതൊക്കെ ഇടപാട് നടത്തുന്നവർക്കല്ലേ അറിയൂ സഖാവേ….

വാൽകഷണം:

ശബരിമലയിൽ വിശ്വാസികൾക്ക് ഒരു പ്രശ്നവുമില്ലെന്ന് മുഖ്യമന്ത്രി. അവിടെ ഇപ്പോ എന്താ പ്രശ്നം….? അന്തിമ വിധി വരട്ടേ, അപ്പോൾ വിശ്വാസികളുമായി ആലോചിച്ച്, ചർച്ച ചെയ്ത് കാര്യങ്ങൾ തീരുമാനിത്തക്കുമെന്നും പിണറായി സാർ പറഞ്ഞു… എന്തൊരു തങ്കപ്പെട്ട മുഖ്യമന്ത്രി….



LEAVE A REPLY

Please enter your comment!
Please enter your name here