തിരുവനന്തപുരം:തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക് ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിൽ വിഷു കിറ്റ് ഇന്നുമുതലും,സ്പെഷ്യൽ അരി നാളെ മുതലും വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രിയുടെ ഒാഫീസ് അറിയിച്ചു.വിഷുവും ഇൗസ്റ്ററും പ്രമാണിച്ച് ഒൻപതിന് പകരം പതിന്നാല് സാധനങ്ങൾ ഉൾപ്പെടുത്തിയാണ് സ്പെഷ്യൽ കിറ്റ് തയ്യാറാക്കിയത്. ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ വിശദീകരണത്തിന് മറുപടിയൊന്നും വരാതിരുന്ന സാഹചര്യത്തിൽ ഇന്നലെമുതൽ വിതരണം തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്. ഇന്നലെ വൈകിട്ട് സിവിൽ സപ്ളൈസ് ഡയറക്ടർ നിർദ്ദേശം നൽകിയതോടെ, ഇ പോസ് മെഷീനിൽ സ്പെഷ്യൽ കിറ്റ് ഉൾപ്പെടുത്തി. ഇന്നുമുതൽ മഞ്ഞ കാർഡുകാർക്ക് കിറ്റുകൾ ലഭിക്കും.ഫെബ്രുവരിയിലെ ഭക്ഷ്യകിറ്റ് വിതരണം ഈ മാസം 31ന് അവസാനിക്കും. ഏപ്രിലിലെ കിറ്റിനൊപ്പം മാർച്ചിലെ കിറ്റ് വിതരണവും തുടരുമെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ ഹരിത വി.കുമാർ അറിയിച്ചു.എട്ടു മാസങ്ങൾക്ക് ശേഷമാണ് മുൻഗണനേതര വിഭാഗങ്ങൾക്ക് സ്പെഷ്യൽ അരി വിതരണം. നീല,വെള്ള കാർഡുകാർക്ക് കിലോയ്ക്ക് 15 രൂപ നിരക്കിൽ പത്തു കിലോഗ്രാം അരിയാണ് കിട്ടുക. മാർച്ച് മാസത്തെ റേഷൻ വിതരണം ഏപ്രിൽ ആറ് വരെ നീട്ടിയിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here