ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇരുപത്തിയെട്ട് ലക്ഷം പിന്നിട്ടു. രോഗവ്യാപനവും രൂക്ഷമായി തുടരുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം നാല് ലക്ഷത്തിലധികം പേർക്കാണ് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പന്ത്രണ്ട് കോടി എൺപത്തിരണ്ട് ലക്ഷം കടന്നു. നിലവിൽ രണ്ട് കോടി പത്തൊൻപത് ലക്ഷം പേരാണ് ചികിത്സയിലുള്ളത്.

ഇന്ത്യയിൽ പ്രതിദിന കൊവിഡ് കേസുകൾ കുത്തനെ ഉയരുകയാണ്.ഇന്നലെ 68,000ത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന രോഗനിരക്കാണിത്. ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി ഇരുപത് ലക്ഷം കടന്നു. നിലവിൽ 5.21 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.291 മരണങ്ങളും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു.ഇതോടെ ആകെ മരണം 1.61 ലക്ഷം പിന്നിട്ടു.

രോഗികളുടെ എണ്ണത്തിൽ അമേരിക്കയും ബ്രസീലുമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. അമേരിക്കയിൽ മൂന്ന് കോടി പത്ത് ലക്ഷം രോഗബാധിതരുണ്ട്. അരലക്ഷത്തിലധികം പുതിയ കേസുകളാണ് കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തത്.വൈറസ് ബാധമൂലം ഏറ്റവും കൂടുതൽ പേർ മരിച്ചതും യുഎസിലാണ്. 5.63 ലക്ഷം പേരാണ് മരണമടഞ്ഞത്.രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള ബ്രസീലിൽ ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നാൽപതിനായിരത്തിലധികം പേർക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 3.14 ലക്ഷമായി ഉയർന്നു. ഒരു കോടി പേർ സുഖം പ്രാപിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here