തിരുവനന്തപുരം: ഇന്ന് രാവിലെ ഏഴ് മണിമുതല്‍ തുടങ്ങിയ വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് അവസാനം. വൈകുന്നേരം ഏഴുമണിയോടെ,  കേരള നിയമസഭ തെരഞ്ഞെടുപ്പ് 2021 ന്റെ പോളിങ് സമയം അവസാനിച്ചു. പോളിങ് സമയം അവസാനിക്കുമ്പോള്‍  വരിയിലുണ്ടായിരുന്നവര്‍ക്കാണ് ഇനി വോട്ട് ചെയ്യാന്‍ അവസരമുള്ളത്.

വാശിയേറിയ പോരാട്ടത്തില്‍  73  ശതമാനത്തിലധികമാണ് പോളിങ് രേഖപ്പെടുത്തിയത്. ചിലയിടങ്ങളില്‍ ചെറിയ തോതിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായതൊഴിച്ചാല്‍  തെരഞ്ഞെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു.  വോട്ടിംഗ് ശതമാനം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്ക് പുറത്തുവന്നിട്ടില്ല.  
 
140 നിയമസഭാ മണ്ഡലങ്ങള്‍ക്കു പുറമേ, മലപ്പുറം ലോക്സഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഇന്ന് നടന്നു. മാവോയിസ്റ്റ് ഭീഷണിയുള്ള 9 മണ്ഡലങ്ങളില്‍ വൈകിട്ട് 6നു വോട്ടെടുപ്പ് അവസാനിപ്പിച്ചു. എല്ലായിടത്തും അവസാന ഒരു മണിക്കൂര്‍ കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കുമുള്ള സമയമായിരുന്നു.

 മുഖ്യമന്ത്രി പിണറായി വിജയന്‍ ഭാര്യ കമലയോടൊപ്പം ധര്‍മ്മടം ആര്‍സി അമല ബേസിക് യു.പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി
ജനങ്ങളുടെ കരുത്ത് പ്രകടമാകുന്ന തെരഞ്ഞെടുപ്പായിരിക്കും ഇത്. ജനങ്ങളെ തെറ്റിദ്ധരിപ്പിാനുള്ള ഒട്ടേറെ കാര്യങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ടപോലെ എല്ലാ അപവാദ പ്രചാരണങ്ങളും തള്ളിക്കൊണ്ടുള്ള നിലയാണ് ജനങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്.

2016 മുതല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഏതെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ജനങ്ങള്‍ക്കറിയാം. വികസനപ്രവര്‍ത്തനങ്ങള്‍ക്കും ദുരന്തങ്ങള്‍ നേരിടുന്നതിനും ജനങ്ങള്‍ സര്‍ക്കാരിനൊപ്പം ഉണ്ടായിരുന്നു. ജനങ്ങളാണ് സര്‍ക്കാരിന്റെ കൂടെ ഈ അഞ്ച് വര്‍ഷക്കാലം അണിനിരന്നത്. എല്‍ഡിഎഫിന് ജനങ്ങള്‍ ചരിത്രവിജയം സമ്മാനിക്കുമെന്നും വോട്ട് ചെയ്ത ശേഷം മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം- 69.77%, വയനാട്-74.68, കൊല്ലം- 72.66 %, പാലക്കാട്- 75.88%, പത്തനംതിട്ട-66.94%, കണ്ണൂര്‍-77.42 %, ആലപ്പുഴ- 74.43%, കാസര്‍കോട് -74.65%, എറണാകുളം-73.80%, കോട്ടയം-71.70%, ഇടുക്കി, 70,09 %, തൃശൂര്‍- 73.54 %, മലപ്പുറം-73.57%, കോഴിക്കോട്-77.95 എന്നിങ്ങനെയാണ് വോട്ട് രേഖപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here