ന്യൂഡൽഹി : കടൽക്കൊലപാതക കേസില്‍ നിയമനടപടി അവസാനിപ്പിക്കുംമുമ്പ്‌ ഇറ്റലി മുഴുവൻ നഷ്ടപരിഹാരത്തുകയും കെട്ടിവയ്‌ക്കണമെന്ന്‌‌ സുപ്രീംകോടതി. അന്താരാഷ്ട്ര തർക്കപരിഹാര ട്രിബ്യൂണലിന്റെ ഉത്തരവ്‌ പ്രകാരം‌ കേന്ദ്രസർക്കാർ ആവശ്യപ്പെടുന്ന നഷ്ടപരിഹാരത്തുക ഇറ്റലി കൈമാറണം. തു​ക ലഭിച്ച്‌ ഒരാഴ്‌ചയ്‌ക്കുള്ളിൽ സർക്കാർ അത്‌ സുപ്രീംകോടതിയിൽ കെട്ടിവയ്‌ക്കണം. അതിനുശേഷം, ഇറ്റാലിയൻ സൈനികർക്ക്‌ എതിരായ ക്രിമിനൽ നടപടി അവസാനിപ്പിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാം –- ചീഫ്‌ജസ്‌റ്റിസ്‌ എസ്‌ എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗബെഞ്ച്‌ ഉത്തരവിട്ടു.

കൊല്ലപ്പെട്ട രണ്ട്‌ മത്സ്യത്തൊഴിലാളികളുടെയും കുടുംബങ്ങൾക്ക്‌ നാല്‌ കോടി രൂപ വീതവും ബോട്ട് ഉടമയ്‌ക്ക്‌ രണ്ട്‌കോടിയും നഷ്ടപരിഹാരം നൽകാമെന്ന്‌ ഇറ്റലി വാഗ്‌ദാനം ചെയ്‌തിരുന്നു. പണം സ്വീകരിക്കാന്‍ കുടുംബാം​ഗങ്ങള്‍ തയ്യാറാണെന്നും അവരുടെ അക്കൗണ്ട് വിവരം ഉടന്‍ ഇറ്റലിക്ക് കൈമാറുമെന്നും കേന്ദ്രത്തിനുവേണ്ടി സോളിസിറ്റർജനറൽ തുഷാർ മെഹ്‌ത പറഞ്ഞു.

നഷ്‌ടപരിഹാരം ഉറപ്പാക്കണമെന്ന്‌ കേരളം

ഇറ്റാലിയൻ സൈനികരെ ക്രിമിനൽ കേസുകളില്‍നിന്ന് ഒഴിവാക്കുംമുമ്പ് ഇറ്റലി നഷ്ടപരിഹാരത്തുക കെട്ടിവച്ചെന്ന് ഉറപ്പാക്കണമെന്ന്‌ കേരളത്തിനായി മുതിർന്ന അഭിഭാഷകനായ ജയ്‌ദീപ്‌ ഗുപ്‌തയും സ്‌റ്റാൻഡിങ്‌ കോൺസൽ ജി പ്രകാശും ആവശ്യപ്പെട്ടു. നിയമനടപടി അവസാനിപ്പിക്കുന്നതിനെ ശക്തമായി എതിര്‍ത്ത് നവംബറില്‍ കേരളം കേന്ദ്രസർക്കാരിന്‌ കത്ത്‌ നൽകിയിരുന്നു. തുടർന്നാണ്‌, 10 കോടി നഷ്ടപരിഹാരമെന്ന വ്യവസ്ഥയുണ്ടാക്കാൻ കേന്ദ്രം നിർബന്ധിതമായത്‌.‌‌

LEAVE A REPLY

Please enter your comment!
Please enter your name here