സ്വന്തം ലേഖകൻ

കൊച്ചി :  ബന്ധുനിയമനത്തിൽ അധികാര ദുർവിനിയോഗം കാട്ടിയെന്ന ലോകായുക്തയുടെ വിധിക്കെതിരെ മന്ത്രി കെ ടി ജലീൽ ഹൈക്കോടതിയെ സമീപിക്കും.  
കെ ടി ജലീലിന് മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നായിരുന്നു ലോകായുക്തയുടെ വിധിന്യായത്തിൽ പറയുന്നത്. മുഖ്യമന്ത്രിക്ക് ലോകായുക്തയുടെ വിധിപ്പകർപ്പ് നൽകുന്നതോടെ ധാർമ്മികമായി മന്ത്രി സ്ഥാനത്ത് തുടരാൻ കെ ടി ജലീലിന് പറ്റാതെ വരും. തിങ്കളാഴ്ച ഹൈക്കോടതിയിൽനിന്നും  ലോകായുക്തയുടെ ഉത്തരവ് സ്‌റ്റേ വാങ്ങിയെടുക്കാനാണ് നീക്കം.

ബന്ധുവിനെ നിയമിക്കാൻ അധികാര ദുർവിനിയോഗം നടത്തിയെന്നാണ് കെ ടി ജലീലിനെതിരെയുള്ള ആരോപണം.
സംസ്ഥാന ന്യൂനപക്ഷ വികസന കോർപ്പറേഷൻ ജനറൽ മാനാജേറായിരുന്ന കെ ടി അദീബിന്റെ നിയമനമാണ്  വിവാദമായത്. മന്ത്രി കെ ടി ജലീലിന്റെ പിതൃസഹോദര പുത്രനാണ് അദീബ്. നിലവിൽ ജനറൽ മാനേജർ തസ്തികയിൽ നിയമിക്കപ്പെടാനുള്ള വിദ്യാഭ്യാസ യോഗ്യതയില്ലാതിരുന്ന അദീബിനെ തൽസ്ഥാനത്ത് നിയമിക്കാനായി വിദ്യാഭ്യാസ യോഗ്യതയിൽ മാറ്റം വരുത്താനായി കെ ടി ജലീൽ കത്ത് നൽകി. ഈ കത്താണ് ജലീലിനെ കുരുക്കിയത്.
സൗത്ത് ഇന്ത്യൻ ബാങ്കിൽ മാനേജരായിരുന്ന അദീബിനെ 2018 ഒക്ടോബർ എട്ടിനാണ് ഡപ്യൂട്ടേഷനിൽ ന്യൂനപക്ഷ വികസ കോർപ്പറേഷൻ എം ഡിയായി നിയമിക്കുന്നത്. ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ സർക്കാർ സ്ഥാപനത്തിൽ ഡപ്യൂട്ടേഷനിൽ നിയമിക്കാൻ മന്ത്രി തന്റെ അധികാരം ഉപയോഗിച്ചു. നിയമനം വിവാദമായതോടെ അദീബ് തൽസ്ഥാനത്തുനിന്നും രാജിവച്ചു. കെ ടി ജലീലിനെ മന്ത്രി സ്ഥാനത്തുനിന്നും നീക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി വി കെ മുഹമ്മദ് ഷാഫിയാണ് ലോകായുക്തയെ സമീപിച്ചത്.
സത്യപ്രതിജ്ഞാ ലംഘനം, അധികാരദുർവിനിയോഗം എന്നിവ വ്യക്തമായി തെളിഞ്ഞ സാഹചര്യത്തിൽ മന്ത്രിയെ നീക്കണമെന്നാണ് ലോകായുക്തയുടെ നിർദ്ദേശം. ഹൈക്കോടതിയിൽ നിന്നും അനുകൂല നിലപാടുണ്ടായില്ലെങ്കിൽ കെ ടി ജലീലിന് മന്ത്രി സ്ഥാനത്ത് തുടരാനാവില്ല.  

LEAVE A REPLY

Please enter your comment!
Please enter your name here