രാജേഷ് തില്ലങ്കേരി

ഒടുവിൽ മന്ത്രി കെ ടി ജലീൽ രാജിവച്ചു, കാലം കാത്തുവച്ച കാവ്യനീതി. ഇത് അഞ്ചാമനാണ് ഇടതു സർക്കാരിൽ നിന്നും രാജിവച്ചൊഴിയുന്നത്.
നിരവധി ആരോപണങ്ങളാണ് മന്ത്രി കെ ടി ജലീലിനെതിരെ ഇക്കാലങ്ങളിൽ  ഉയർന്നുവന്നിരുന്നത്. അപ്പോഴെല്ലാം ജലീൽ തന്നെ പറഞ്ഞൊരു കാര്യമുണ്ട്, എന്റെ നിലപാടുകൾ സത്യസന്ധമാണ്, അതിനാൽ എന്നെ ഒന്നും ചെയ്യാനാവില്ല, കാരണം സത്യം മാത്രമേ ജയിക്കൂ, ഒടുവിൽ സത്യം ജയിച്ചു.
മന്ത്രി കാര്യങ്ങളും സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് കാര്യങ്ങൾ പറഞ്ഞിരുന്നത്. നൂറുശതമാനം സത്യസന്ധമായാണ് താൻ ജീവിക്കുന്നതെന്നും, മന്ത്രിയെന്ന നിലയിലും ഒരു പൊതുപ്രവർത്തകൻ എന്ന നിലയിലും താൻ കാത്തുസൂക്ഷിക്കുന്നത് പരിശുദ്ധിയാണ് എന്നൊക്കെ ജലീൽ പറഞ്ഞുകൊണ്ടേയിരുന്നു. ഇതൊക്കെ കേട്ട വരിൽ കുറച്ചുപേർ ജലീൽ സത്യസന്ധനാണെന്ന്  ഉറച്ചു വിശ്വസിക്കുകയും ചെയ്തു. അപ്പോഴും സത്യം ജയിക്കുമെന്ന് ജലീലിന്റെ വിശ്വാസം ജയിച്ചു, സത്യം ജയിച്ചു, ഒടുവിൽ മന്ത്രിസ്ഥാനത്തുനിന്നും രാജിവച്ചൊഴിയേണ്ടിവന്നു. അവസാന ലാപ്പിൽ ഒരു മന്ത്രിയുടെ രാജി സി പി എം ഒട്ടും പ്രതീക്ഷിച്ചതായിരുന്നില്ല. തുടർഭരണത്തിനുള്ള ഒരുക്കങ്ങൾക്കിടയിൽ കിട്ടിയ തിരിച്ചടി വലിയ ആഘാതമാണ്,  മുന്നണിക്കും പാർട്ടിക്കും ഉണ്ടാക്കിയതെന്ന് നിശ്ചയം പറയാം.

ബന്ധു നിയമന വിവാദം മലയാളികൾ എല്ലാം മറന്നിരുന്നതാണ്.  ലോകായുക്തയുടെ വിധി ഒരു മാസം മുൻപായിരുന്നെങ്കിൽ കേരള രാഷ്ട്രീയത്തിന്റെ ചരിത്രം മറ്റൊന്നാവുമായിരുന്നു. ബന്ധുവിന് എന്ത് യോഗ്യതയാണോ ഉള്ളത്, ആ യോഗ്യതയാണ് ഉന്നതമായ സ്ഥാനത്തേക്കുള്ള നിയമനത്തിനുള്ള യോഗ്യതയെന്ന് നിശ്ചയിച്ച മന്ത്രി, സംസ്ഥാനത്ത് മറ്റാർക്കും ഉണ്ടാവാൻ സാധ്യതയില്ലാത്ത യോഗ്യത മാനദണ്ഡമാക്കി സ്വന്തം പിതാവിന്റെ സോദരപുത്രനെ ന്യൂനപക്ഷ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടാക്കി നിയമിച്ച ഡോക്ടർ ജലീൽ, അപാരബുദ്ധിയാണ് കാണിച്ചത്.  യഥാർത്ഥത്തിൽ ഈ കേസിൽ മന്ത്രിയായിരുന്ന  കെ ടി ജലീൽ മാത്രമാണോ കുറ്റക്കാരൻ. മന്ത്രി ജലീലിന്റെ ബന്ധുവിനെ നിയമിക്കാൻ കൂട്ടുനിന്ന മുഖ്യമന്ത്രിയും കുറ്റക്കാരനല്ലേ….ജലീലിൽ സ്വന്തക്കാരനെ തിരുകി കയറ്റിയപ്പോഴും, അത് വിവാദമായപ്പോഴും അതിനെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ച സി പി എം സംസ്ഥാന നേതൃത്വത്തെയും സംശയത്തോടെ വേണം കാണാൻ.
എന്തുകൊണ്ടാണ് ഇത്തരം കൊള്ളരുതായ്മകളെ  സി പി എം പോലുള്ള പാർട്ടി കൂടെ കൊണ്ടുനടക്കുന്നത്. മുസ്ലിംലീഗു നേതാവായിരുന്ന കെ ടി ജലീൽ രാജിവച്ച് ഇടത് പാളയത്തിൽ എത്തിയതിലുള്ള കരുതലാണ് സി പി എം കാണിക്കുന്നതെന്നാണ് വിശദീകരണം. എന്നാൽ  മന്ത്രിയെന്ന നിലയിൽ കാണിക്കേണ്ട സാമാന്യ മദ്യാദയും നിയമവും ഒന്നുമല്ലല്ലോ ജലീലിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനാവില്ലല്ലോ.


എം ജി യൂണിവേഴ്‌സിറ്റിയിലും, ആരോഗ്യ സർവ്വകലാശാലയിലും മാർക്കുദാനത്തിന് ഒത്താശ ചെയ്തതും ഇതേ കെ ടി ജലീൽ എന്ന മന്ത്രിയായിരുന്നു. ബി ടെകിന് മാർക്ക് ദാനം നടത്തിയത് ഏറെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാരണമായി. മാധ്യമ വിചാരണയാണ് ജലീൽ നേരിട്ടതെന്നാണ് ആരോപണം. എന്നാൽ ഒരു മന്ത്രി തുടർച്ചയായി ഇങ്ങനെ ആരോപണങ്ങളിൽ പെടുന്നത് എന്തുകൊണ്ടായിരിക്കാമെന്ന് പരിശോധിക്കാൻ സി പി എം നേതൃത്വവും തയ്യാറായില്ല. കാരണം ഒരു ഘടകത്തിലും പ്രവർത്തിക്കുന്ന പാർട്ടി അംഗമല്ലല്ലോ ജലീൽ. അതിനാൽ വിവാദം കനത്തപ്പോഴും ജലീൽ രാജിവയ്ക്കില്ലന്നും, രാജിവെക്കേണ്ട കാര്യമില്ലെന്നും പറഞ്ഞ സി പി എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവനും, നിയമന്ത്രി എ കെ ബാലനും ഒക്കെ രാഷ്ട്രീയ ധാർമ്മികതയുമായി രംഗത്തിറങ്ങിയിട്ടുണ്ട്. ധാർമ്മികമായി രാജിവെക്കേണ്ടതില്ലെന്നാണ് ബാലൻ മന്ത്രി രാവിലെ പറഞ്ഞത്. ജനാധിപത്യത്തെ ശക്തിപ്പെടുത്താനായി രാജിവച്ചതാണെന്നാണ് വിജയരാഘവൻ പറയുന്നത്. എം എ ബേബി മാത്രമാണ് ജലീൽ രാജിവെക്കില്ലെന്ന് പറയാതിരുന്നത്. ബേബി ഇപ്പോൾ വെറും ബേബിയല്ല, വലുതായി, പൊളിറ്റ് ബ്യുറോ മെമ്പറാണെന്ന നിലയിലൊക്കെ സംസാരിച്ചു തുടങ്ങിയിട്ടുണ്ട്. പിണറായിക്ക് അതിന്റെ അപകടവും മണത്ത ലക്ഷണമാണ്. ഗത്യന്തരമില്ലാതെയാണ് ജലീലിനെ പാർട്ടി കൈവിടുന്നത്.

എൽ ഡി എഫ് മന്ത്രിസഭയ്ക്ക്  ബാധ്യതയായിരുന്നു കെ ടി ജലീൽ എന്ന മന്ത്രി. എന്നിട്ടും കെ ടി ജലീലിനെ മുഖ്യമന്ത്രി കണ്ണടച്ച് പിന്തുണച്ചു. നിർഭാഗ്യവശാൽ ഭരണ തുടർച്ച ഉണ്ടാവുകയും  കെ ടി ജലീൽ തവനൂരിൽ നിന്നും ജയിച്ചുവരികയും ചെയ്താൽ വീണ്ടും മന്ത്രിയായി വാഴ്ത്താനും സി പി എം മുൻകൈ എടുത്തുവെന്നും വരാം, അനുഭവിക്കുക അത്രമാത്രം.


ആരോപണങ്ങളെ തുടർന്നുള്ള മന്ത്രിമാരുടെ രാജി ഇത് നാലാമന്റേത്

ആരോപണങ്ങളെ തുടർന്ന് രാജിവച്ചൊഴിയുന്ന നാലാമത്തെ മന്ത്രിയാണ് കെ ടി ജലീൽ. ഈ മന്ത്രിസഭയിൽ നിന്നും രാജിവെച്ച അഞ്ചാമത്തെ മന്ത്രിയും. ഇ പി ജയാരജൻ രാജിവച്ചൊഴിഞ്ഞത് ബന്ധുനിയമന വിവാദത്തിലായിരുന്നു. ജയരാജന്റെ ഭാര്യാസഹോദരിയും മുൻ മന്ത്രിയുമായ പി കെ ശ്രീമതിയുടെ മകൻ സുധീർ നമ്പ്യാരെ വ്യവസായവകുപ്പിൽ ഉന്നത സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ ഇ പി ജയരാജൻ നടത്തിയ വഴിവിട്ട നീക്കമാണ് വിവാദമായത്. സംഗതി കുഴപ്പമായതോടെ ഇ പി ജയരാജൻ രാജിവച്ചു. വിജിലൻസ് കേസെടുത്തെങ്കിലും വിജിലൻസിനെ ഭീഷണിപ്പെടുത്തിയും മറ്റും കേസ് അട്ടിമറിച്ചതിന് ശേഷം ജയരാജൻ വീണ്ടും മന്ത്രിസഭയിൽ തിരികെയെത്തി. ഫോൺവിളി വിവാദത്തിൽ പെട്ട് മന്ത്രിപ്പണി പോയ മറ്റൊരാൾ എ കെ ശശീന്ദ്രനായിരുന്നു. വിവാദങ്ങൾ കത്തിയപ്പോൾ പകരക്കാരനായി എത്തിയത് കുവൈറ്റ് ചാണ്ടിയെന്ന തോമസ് ചാണ്ടിയായിരുന്നു. എന്നാൽ വിവാദങ്ങൾ തോമസ് ചാണ്ടിയെയും കുരുക്കി. തന്റെ ഉടമസ്ഥതയിലുള്ള ലേക്ക്പാലസ് റിസോർട്ടിനായി കുട്ടനാട് കായൽ നികത്തിയെന്ന ആരോപണത്തെ തുടർന്ന് തോമസ് ചാണ്ടിയും രാജിവച്ചൊഴിഞ്ഞു. ഫോൺവിളിക്കേസ് ഒരു വിധം ഒതുക്കി എ കെ ശശീന്ദ്രൻ വീണ്ടും മന്ത്രി സ്ഥാനം തിരിച്ചുപിടിച്ചു.


ഇതിനിടയിൽ പാർട്ടിയിലെ പടലപിണക്കംമൂലം ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന മാത്യു ടി തോമസും രാജിവച്ചു, പകരം കെ കൃഷ്ണൻ കുട്ടി മന്ത്രിയായി.
മാർക്ക് ദാനം തുടങ്ങി, ഖുറാൻ കടത്തും, ഈന്തപ്പഴം ഇറക്കുമതിയുമൊക്കെ ജലീലിനെ പിന്നെയും വിവാദച്ചുഴിയിൽ അകപ്പെടുത്തിയെങ്കിലും അതൊന്നും സി പി എം കണ്ടതായി നടിച്ചില്ല. പാർട്ടി അംഗമല്ലാതാരുന്നിട്ടും പാർട്ടി ശക്തമായി കൂടെ നിന്നു. ലോകായുക്തവിധിക്കെതിരെ ഹൈക്കോടതിയിൽ നിന്നും പെട്ടെന്നൊരു ജാമ്യം ലഭിക്കില്ലെന്ന് മനസിലായതോടെയാണ് കെ ടി ജലീൽ രാജിവച്ചത്, മറ്റ് ഗത്യന്തരമില്ലാതെ എന്നർത്ഥം.

മുല്ലപ്പള്ളിയെ കുരുക്കാനായി കെ സുധാകരൻ നടത്തിയ നീക്കം

കണ്ണൂരിലെ കളരയിൽ നിന്നും അങ്കം ജയിച്ചവനാണ് കെ സുധാകരൻ. എന്നാൽ തച്ചോളി ഒതേനന്റെ കളരയിൽ നിന്നും കളരി അഭ്യസിച്ചയാളാണ് മുല്ലപ്പള്ളി. മുല്ലപ്പള്ളിയെ മാറ്റി കെ പി സിസി അധ്യക്ഷനാവാൻ നടത്തിയ എല്ലാ അടവുകളും അസ്ഥാനത്തായതോടെ പൂഴിക്കടകനായി ഒരു ഐറ്റം ഇട്ടു കെ സുധാകരൻ. കോൺഗ്രസിൽ ജനാധിപത്യം അവസാനിച്ചിട്ട് വർഷം മുപ്പതായി എന്നും, സംഘടനയിൽ അടിമുടി അഴിച്ചുപണി നടത്തിയില്ലെങ്കിൽ പാർട്ടിയുണ്ടാവില്ലെന്നുമായിരുന്നു കെ സുധാകരന്റെ പ്രസ്താവന.


പോസ്റ്റർ വിവാദം തീർക്കാനായി തിരുവനന്തപുരത്തെത്തിയ കെ പി സി സി അധ്യക്ഷൻ പോസ്റ്റർ ആക്രിക്കടയിൽ വിറ്റയാളെ കണ്ടുപിടിക്കണോ , അതോ കെ പി സി സി യും ഡി സി സികളും പുനസംഘടിപ്പിക്കണോ എന്ന് ഒരു വേള സംശയിച്ചുവത്രേ…
എന്തായാലും സുധാകരൻ ആരെയാണ് ഉദ്ദേശിച്ചതെന്നു മനസിലായ മുല്ലപ്പള്ളി, അടുത്ത ദിവസം പ്രസ്താവിച്ചു, കെ സുധാകരന്റെ അഭിപ്രായം പോസിറ്റീവായി കാണുന്നു. പക്ഷേ, ഈ സാഹചര്യത്തിൽ ഒരു സംഘടനാ തെരഞ്ഞെടുപ്പ് നടത്താൻ പറ്റില്ലെന്ന് സുധാകരനും അറിയാവുന്നതാണ്. സംഘടനാ തെരഞ്ഞെുപ്പ് നടത്തണം, നടത്തുമെന്ന് ഉറപ്പാണ്, പക്ഷേ, തെരഞ്ഞെടുപ്പ് റിസൽട്ടൊക്കെ വന്ന്, ആരോക്കെ കോൺഗ്രസിലുണ്ടാവുമെന്ന് ഉറപ്പിച്ചതിനു ശേഷം മതിയല്ലോ സംഘടനാ ഭാരവാഹികളെ പുതുതായി കണ്ടെത്തുന്നതെന്നാണ് മുല്ലപ്പള്ളിയുടെ വാദം. കെ സുധാകരന്റെ തന്റെ കീഴിൽ നന്നായി പ്രവർത്തിക്കുന്ന ശക്തനായ വർക്കിംഗ് പ്രസിഡന്റാണെന്നുള്ള സർട്ടിഫിക്കറ്റും നൽകി.
ഹൈക്കമാന്റ് വഞ്ചിച്ചുവിട്ടതോടെ വാശിയിലാണ് കണ്ണൂർ സിംഗം, സംഘടനാ തെരഞ്ഞെടുപ്പിലൂടെ കെ പി സി സി അധ്യക്ഷനാവുകയെന്നതാണ് കെ സുധാകരന്റെ അടുത്ത നീക്കം. ജനാധിപത്യപരമായി ഭാരവാഹികളെ നിശ്ചയിക്കുന്ന ശീലം തിരികെ കൊണ്ടുവരണമെന്നാണ് സുധാകരന്റെ ആവശ്യം. അങ്ങിനെയൊക്കെ നടന്നതുകൊണ്ടാണ് താനൊക്കെ നേതാവായതെന്നാണ് സുധാകരപക്ഷം. മുല്ലപ്പള്ളിയെ വീഴ്ത്താനുള്ള ഒടുവിലത്തെ അടവുകളാണ് കെ സുധാകരൻ എടുത്തു പയറ്റുന്നത്.

വാൽകഷണം:

കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. മഹാരാഷ്ട്രയിൽ 14 ദിവസം അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കയാണ്. കേരളത്തിൽ മെയ് രണ്ടിന് ശേഷം മിക്കവാറും നിയന്ത്രണം വന്നേക്കും. തെരഞ്ഞെടുപ്പ് ഫലം മെയ് രണ്ടിനാണല്ലോ പ്രഖ്യാപിക്കുന്നത്. വിജയാഘോഷങ്ങൾ കഴിഞ്ഞതിന് ശേഷം നിയന്ത്രണം പ്രഖ്യാപിക്കുമെന്ന് കരുതാം.

LEAVE A REPLY

Please enter your comment!
Please enter your name here