രാജ്യത്ത് ആദ്യമായി സംസ്ഥാന സർക്കാർ കർഷകർക്ക് പ്രേ‍ാവിഡന്റ് ഫണ്ട് നടപ്പാക്കുന്നു. കർഷകർക്കു പലിശ രഹിത വായ്പ ഉൾപ്പെടെ ആനുകൂല്യങ്ങൾ ലഭിക്കുന്ന തരത്തിലായിരിക്കും കർഷകക്ഷേമ ബേ‍ാർഡ് മുഖേനയുള്ള പദ്ധതി. കർഷകർ അവരുടെ വരുമാനത്തിന് അനുസൃതമായി നിശ്ചയിക്കുന്ന തുകയുടെ വിഹിതം പിഎഫിൽ ഒടുക്കണം. ബാക്കി തുക കർഷകക്ഷേമ ബേ‍ാർഡ് വഹിക്കും.

കർഷകന് 60 വയസ്സു തികഞ്ഞാ‍ൽ പിഎഫ് ആനുകൂല്യം ലഭിക്കും. പദ്ധതി നടത്തിപ്പിനുള്ള നടപടി ഉടൻ പൂർത്തിയാക്കാൻ മന്ത്രി കെ.പി. മേ‍ാഹനൻ കൃഷി ഡയറക്ടർക്കു നിർദ്ദേശം നൽകി. അഞ്ച് ഏക്കറിൽ താഴെ കൃഷിഭൂമിയുള്ളവർക്കാണു കർഷകക്ഷേമ ബേ‍ാർഡിൽ അംഗത്വമെങ്കിലും കൂടുതൽ സ്ഥലമുള്ളവർക്കും പിഎഫിൽ ചേരാൻ സൗകര്യമുണ്ടാകും. ഇതുവഴി നിശ്ചിത കാലത്തേക്ക് വലിയ തുക നിക്ഷേപമായി ലഭിക്കുമെന്നതാണു സർക്കാരിനു നേട്ടം.

കർഷകർ‌ക്കു സാങ്കേതിക സഹായം, അവരുടെ മക്കൾക്കു ഉപരി പഠന പരിശീലനത്തിനു സഹായം, കർഷക ഉൽപാദന കമ്പനികൾ, സഹകരണ, സ്വാശ്രയ സംഘങ്ങൾ എന്നിവയ്ക്കു സഹായം, ഭക്ഷ്യസംസ്കരണം, യന്ത്രവൽക്കരണം എന്നിവക്കുള്ള സഹായം, കർഷക കുടുംബങ്ങൾക്കു ഭക്ഷ്യ–സാമ്പത്തിക സുരക്ഷ, ആരേ‍ാഗ്യ സുരക്ഷാ പദ്ധതി, കാർഷിക പെൻഷൻ തുടങ്ങിയവയാണു കർഷക ‌ക്ഷേമ ബേ‍ാർഡ് വഴി നടപ്പാക്കുന്നത്.

പിഎഫ് ആനുകൂല്യം കൂടാതെ കർഷകർക്കു സമാശ്വാസനിധിയും രൂപീകരിക്കും. പ്രകൃതി ദുരന്തങ്ങളിൽ കൃഷി നശിച്ചവർക്കും കടക്കെണിയിലായവർക്കും വീണ്ടും കൃഷിയിറക്കാൻ സാമ്പത്തിക സഹായം നൽകുന്നതിനാണു സമാശ്വാസ നിധി. വായ്പാ തുക കുറഞ്ഞ ഗഡുക്കളായി തിരിച്ചടയ്ക്കണം

LEAVE A REPLY

Please enter your comment!
Please enter your name here