സ്വന്തം ലേഖകൻ

തിരുവനന്തപുരം : കൈരളി ടി വി എം ഡി ജോൺ ബ്രിട്ടാസും, എസ് എഫ് ഐ മുൻ ദേശീയ പ്രസിഡന്റ് ഡോ വി ശിവദാസും രാജ്യസഭയിലേക്ക്. ഈ മാസം നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ സി പി എം സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിനായി ഇന്നു ചേർന്ന സംസ്ഥാന സമിതിയാണ് തീരുമാനം പ്രഖ്യാപിച്ചത്.
നിരവധി പേരാണ് പരിഗണനയിൽ വന്നിരുന്നത്.
ഇടത് സഹയാത്രികൻ ചെറിയാൻ ഫിലിപ്പ്, കർഷക സംഘം നേതാവ് വിജു കൃഷ്ണൻ തുടങ്ങിയവരുടെ പേരുകളെല്ലാം മാറ്റി നിർത്തിയാണ് പുതുമുഖങ്ങളായ ജോൺ ബ്രിട്ടാസിനെയും, ശിവദാസിനെയും മത്സരിപ്പിക്കാൻ തീരുമാനിച്ചത്.
നേരത്തെ പാർട്ടിമുഖ പത്രത്തിന്റെ പ്രതിനിധിയായി ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവന്നതിന്റെ പരിചയമാണ് ബ്രിട്ടാസിനെ തുണച്ചത്. എസ് എഫ് ഐ ദേശീയ പ്രസിഡന്റായിരുന്ന ശിവദാസും ഡൽഹിയിൽ സുപരിചിതനാണ്. സിപി എം സംസ്ഥാന കമ്മിറ്റി അംഗമാണ് ശിവദാസ്.

മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് എന്ന നിലയിൽ പ്രവർത്തിച്ചുവരികയായിരുന്നു ജോൺ ബ്രിട്ടാസ്. ഡൽഹി സന്ദർശന വേളയിൽ മുഖ്യമന്ത്രിക്കൊപ്പം സ്ഥിരമായി ഉണ്ടാവാറുള്ള ജോൺ ബ്രിട്ടാസിന് സർക്കാരിന് വേണ്ടി ഡൽഹിയിൽ വ്യക്തമായ റോളുണ്ടാവും. ഡൽഹിയിൽ മുഖ്യമന്ത്രിയുടെ പ്രതിനിധിയായി മുൻ എം പി എ സമ്പത്തിനെ നിയോഗിച്ചിരുന്നത് ഏറെ വിവാദമായിരുന്നു. കണ്ണൂർ സ്വദേശികളാണ് ജോൺ ബ്രിട്ടാസും, ഡോ വി ശിവദാസനും.

കാലാവധി കഴിഞ്ഞ രാജ്യസഭാ അംഗമായ കെ കെ രാഗേഷിന് ഒരു അവസരം കൂടി നൽകണമെന്ന നിർദ്ദേശം സി പി എം സംസ്ഥാന സമിതിക്കുമുന്നിൽ പരിഗണനയ്ക്ക് വന്നിരുന്നു വെങ്കിലും രണ്ട് തവണ രാജ്യസഭാംഗമായ കെ കെ രാഗേഷിനെ പരിഗണിക്കാതിരിക്കുകയായിരുന്നു.

നിലവിൽ മൂന്ന് ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ നിലവിലുള്ള അംഗബലം ഉപയോഗിച്ച് രണ്ട് പേരെ വിജയിപ്പിക്കാൻ ഇടതുപക്ഷത്തിന് സാധിക്കും.
മുസ്ലിംലീഗിലെ പി വി അബ്ദുൾ വഹാബാണ് യു ഡി എഫ് സ്ഥാനാർത്ഥി. വോട്ടെടുപ്പില്ലാതെ തന്നെ സ്ഥാനാർത്ഥികൾ തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത.

LEAVE A REPLY

Please enter your comment!
Please enter your name here