സ്വന്തം ലേഖകൻ

കൊച്ചി : സ്വർണക്കടത്ത് കേസിലെ അന്വേഷണ ഏജൻസികളെ വിരട്ടാനുള്ള സർക്കാർ നീക്കം പാളി. ഇ ഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈബ്രാഞ്ച് റജിസ്റ്റർ ചെയ്ത രണ്ടു കേസുകളും റദ്ദാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു.
സ്വർണകേസിൽ പ്രതിയായ സ്വപ്‌നാ സുരേഷിനെയും സന്ദീപ് നായരെയും ഭീഷണിപ്പെടുത്തി മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴിനൽകാൻ നിർബന്ധിച്ചുവെന്ന വെളിപ്പെടുത്തലിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് ഇഡി ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തത്. കേന്ദ്ര ഏജൻസികൾ വേട്ടയാടുന്നുവെന്ന ആരോപണത്തിന് പിന്നാലെ ഇഡി ക്കെതിരെയും കസ്റ്റംസിനെതിരെയും കേസെടുക്കാനായിരുന്നു സർക്കാർ നീക്കം.
സ്വപ്നയെ ജയിലിൽ എത്തി ചോദ്യം ചെയ്യാനും സന്ദീപ് നായരിൽ നിന്നും രഹസ്യമൊഴിയെടുക്കാനുമുള്ള നീക്കം നടത്തവെയാണ് ഹൈക്കോടതി വിധി.
ഹൈക്കോടതിയിൽ സർക്കാരിന് തിരിച്ചടി കിട്ടിയ സാഹചര്യത്തിൽ മൊഴിനൽകിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാനുള്ള നീക്കത്തിലാണ് ഇ ഡി.
വനിതാ പൊലീസിന്റെ മൊഴി രേഖപ്പെടുത്തിയ ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥർ ഇതോടെ വെട്ടിലായി. ഇഡിക്കെതിരെയുള്ള നീക്കത്തിന് നിയമപരമായി തിരിച്ചടി കിട്ടുമോ എന്ന ആശങ്ക ചില ഉദ്യോഗസ്ഥർ പ്രകടിപ്പിച്ചിരുന്നുവെങ്കിലും എ ജിയുടെ നിയമോപദേശത്തെടെയായിരുന്നു നീക്കം. ഇ ഡിക്കെതിരെ നീങ്ങിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസും സമ്മർദ്ധങ്ങളും ഉണ്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സ്വപ്‌നയുടെ മൊഴിയെന്ന രീതിയിൽ കോടതിയിൽ സമർപ്പിച്ച ഓഡിയോ ക്ലിപ്പ് വ്യാജമായി നിർമ്മിച്ചതാണോ എന്നാണ് അന്വേഷണം നടത്തിയതെന്നും, കേസെടുക്കാവുന്ന കുറ്റകൃത്യമാണ് നടത്തിയതെന്നുമുള്ള സർക്കാർ അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചില്ല. ഒരു ഏജൻസി കോടതിയിൽ നൽകിയ തെളിവുകളുടെ വസ്തുതയും വിശ്വാസ്യതയും മറ്റൊരു ഏജൻസിക്ക് പരിശോധിക്കാനാവില്ലെന്ന് ഇഡി കോടതിയിൽ വാദിച്ചു.

സർക്കാർ സുപ്രിംകോടതിയെ സമീപിക്കാനാണ് സാധ്യത.

LEAVE A REPLY

Please enter your comment!
Please enter your name here