സ്വന്തം ലേഖകൻ

ആലപ്പുഴ: മുൻ പേഴ്‌സണൽ സ്റ്റാഫിന്റെ പരാതി സംബന്ധിച്ച് മാധ്യമങ്ങൾക്കു മുന്നിൽ തുറന്ന പ്രതികരണവുമായി മന്ത്രി ജി സുധാകരൻ. തൻറെ സംശുദ്ധമായ രാഷ്ട്രീയ ജീവിതത്തെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും തനിക്കെതിരെ വിവിധ പാർട്ടികളിൽ പ്രവർത്തിക്കുന്നവരുടെ ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്നും ജി സുധാകരൻ പറഞ്ഞു. തനിക്കെതിരെ ഉയർന്ന ആരോപണം രാഷ്ട്രീയ ധാർമികത ഇല്ലാത്തതാണെന്നും സുധാകരൻ മാധ്യമങ്ങളോടു പറഞ്ഞു.

താനും കുടുംബവും ഒരു വിവാദവും ഉണ്ടാക്കുന്നില്ലെങ്കിലും കുടുംബത്തെ വരെ ആക്ഷേപിക്കുകയാണെന്ന് സുധാകരൻ ആരോപിച്ചു. തൻറെ ഭാര്യയെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും സുധാകരൻ പറഞ്ഞു. ആരോപണം ഉന്നയിച്ചവരെ തനിക്കെതിരെ ഉപയോഗിക്കുകയായിരുന്നുവെന്നും സുധാകരൻ ആരോപിച്ചു. താൻ ശരിയായ കമ്മ്യൂണിസ്റ്റാണ്. താൻ ആരെയും അപമാനിച്ചിട്ടില്ല. പരാതിയിക്കു പിന്നിൽ മറ്റു ലക്ഷ്യങ്ങളുണ്ടെന്നും തനിക്കെതിരെ ഒരു ഗ്യാങ് പ്രവർത്തിക്കുന്നുണ്ടെന്നും ജി സുധാകരൻ ആരോപിച്ചു. ഈ ഗ്യാങിൽ പല പാർട്ടിക്കാരുമുണ്ട്. പൊളിറ്റിക്കൽ ക്രിമിനലകുളെ ഒരു പാർട്ടിയും പ്രോത്സാഹിപ്പിക്കരുതെന്നും ജി സുധകാരൻ ആവശ്യപ്പെട്ടു.

തനിക്കും കുടുംബത്തിനും ആവശ്യത്തിനു വരുമാനമുണ്ടെന്നും മകൻ വിദേശത്ത് ജോലി നേടിയത് ജി സുധാകരന്റെ മകനാണെന്ന് ഒരിടത്തും പറയാതെയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പളായി വിരമിച്ച ഭാര്യയ്ക്ക് നല്ലൊരു തുക പെൻഷൻ കിട്ടുന്നുണ്ടെന്നും തനിക്ക് ഒന്നര ലക്ഷം രൂപയോളം ശമ്പളമുണ്ടെന്നും മന്ത്രി പറഞ്ഞു. മകൻറേത് 12 ലക്ഷം രൂപയോളം ശമ്പളം ലഭിക്കുന്ന ജോലിയാണ്. ഇത്തവണ രണ്ട് ലക്ഷം രൂപ മുടക്കിയാണ് മകനും ഭാര്യയും വോട്ട് ചെയ്യാനെത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലും ആരിഫിന് വോട്ട് ചെയ്യാനായി എത്തി. മകൻ രാഷ്ട്രീയ പ്രവർത്തകനല്ലെങ്കിലും കമ്മ്യൂണിസ്റ്റ് ബോധ്യങ്ങളുണ്ട്. ഇതാണ് ഞങ്ങളുടെ കുടുംബം. എന്തിന്റെ പേരിലാണ് ഇങ്ങനെയുള്ള ഞങ്ങളുടെ കുടുംബത്തിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. താൻ മരിക്കുന്നതു വരെ യഥാർഥ കമ്മ്യൂണിസ്റ്റുകാരനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പേഴ്‌സണൽ സ്റ്റാഫിനെയോ ഭാര്യയെയോ താൻ ഒന്നും പറഞ്ഞിട്ടില്ലെന്ന് ജി സുധാകരൻ ആവർത്തിച്ചു. എന്നാൽ പരാതി നൽകിയവർ നിരപരാധികളാണെന്നും തനിക്കെതിരെ അവരെ ഉപയോഗിക്കുകയായിരുന്നുവെന്നും അവരോട് സഹതാപം മാത്രമാണുള്ളതെന്നും ജി സുധാകരൻ പറഞ്ഞു.

അതേ സമയം പരാതിയുമായി മുന്നോട്ട് പോകുമെന്ന് പരാതിക്കാരി വ്യക്തമാക്കി. തന്റെ വ്യാജ ഒപ്പിട്ട് പരാതി പിൻവലിക്കാനുള്ള ശ്രമം നടന്നു. സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമം നടത്തിയെന്ന പരാതി പിൻവലിക്കാൻ സി പി എം ജില്ലാ നേതൃത്വത്തിന്റെ സമ്മർദ്ധമുണ്ടെന്നാണ് പരാതിക്കാരിയുടെ ഭർത്താവും മുൻപേഴ്‌സണൽ സ്റ്റാഫിന്റെയും ആരോപണം.

ജില്ലിയിലെ സി പി എം നേതാക്കൾ തമ്മിലുള്ള പോര് കനക്കുന്നതിനിടയിലാണ് സുധാകരൻ വീണ്ടും രംഗത്തിറങ്ങിയത്. കഴിഞ്ഞ ദിവസം ആലപ്പുഴയിലെ രാഷ്ട്രീയ ക്രിമിനലുകൾ തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ജി സുധാകരൻ പരസ്യ പ്രസ്താവനയുമായി രംഗത്തെത്തിയത് നേതൃത്വത്തിന് തലവേദനയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here