രാജേഷ് തില്ലങ്കേരി 

സംസ്ഥാനത്ത് കേവലം മൂന്നു അസംബ്ലി മണ്ഡലങ്ങൾ മാത്രമുള്ള ജില്ലയാണ് വയനാട്. കുടിയേറ്റക്കാരും ആദിവാസികളും ഭൂരിപക്ഷമുള്ള മണ്ഡലങ്ങൾ. എന്നാൽ രാഷ്ട്രീയമായി ഏറ്റവും കഠിനമായ പോരാട്ടം നടന്ന ജില്ലയാണ് വയനാട്. രാഷ്ട്രീയ രംഗത്ത് എന്നും മാറിയും മറിഞ്ഞും നിൽക്കുന്ന മണ്ഡലങ്ങളാണ് മൂന്നും.

നിലവിൽ രണ്ട് സീറ്റുകളിൽ എൽ ഡി. എഫും, ഒരു സീറ്റിൽ യു ഡി എഫുമായിരുന്നു വിജയിച്ചിരുന്നത്.
ഇത്തവണ മൂന്നിൽ മൂന്ന് സീറ്റിലും യു ഡി എഫ് വിജയിക്കുമെന്നാണ് യു ഡി എഫിന്റെ അവകാശവാദം. എന്നാൽ രണ്ട് സീറ്റുകൾ യു ഡി എഫും, ഒരു സീറ്റ് എൽ ഡി എഫും നേടും.
 

കേരളത്തിൽ ഏറ്റവും കൂടുതൽ ആദിവാസികൾ അധിവസിക്കുന്ന ജില്ലയാണ് വയനാട്. ജനസംഖ്യയിലും ഏറ്റവും പിന്നിൽ നിൽക്കുന്ന ജില്ലയാണ് വയനാട്. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നും അടർത്തിയെടുത്തിയെടുത്ത ഭൂപ്രദേശങ്ങൾ ചേർത്ത് 1980 ലാണ് വയനാട് ജില്ല രൂപം കൊണ്ടത്. 38 ശതമാനവും വനമാണ് വയനാട്. വയൽനാട്, വനനാട്, വഴിനാട്  എന്നിങ്ങനെ യൊക്കെയാണ് വയനാട് എന്ന പേരിന്റെ പിന്നിലുള്ള ചരിത്രം. പലചരിത്രങ്ങളുണ്ട് വയനാടിന് പറയാൻ. പഴശിയുടെയും ടിപ്പുവിന്റെയും ഇംഗ്ലീഷുകാരുടെയും പോരാട്ട ഭൂമിയായിരുന്നു വയനാട്.

പഴശിയുടെ അങ്കം കണ്ട ഭൂമി, രാഷ്ട്രീയമായും കുറേയധികം ചരിത്രം പറയാനുണ്ട് വയനാടൻ കാടുകൾക്ക്. നക്‌സലൈറ്റ് വേട്ട, വർഗീസിന്റെ കൊലപാതകം, മുത്തങ്ങയിലെ ആദിവാസി സമരം, അവർക്കെതിരെയുള്ള വെടിവയ്പ്പ്  തുടങ്ങി മാവോയിസ്റ്റ് വേട്ടവരെ നീളുന്നു ആ രാഷ്ട്രീയ ചരിത്രം.

വയനാട്ടിൽ മത്സരിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി എത്തിയതോടെ രാഷ്ട്രീയ ചരിത്രത്തിൽ മാറ്റങ്ങളുണ്ടായി. വയനാട്ടിൽ രാഹുൽ ഫാക്ടർ ഏറെ ഗുണം ചെയ്തു. മാനന്തവാടി, കൽപ്പറ്റ, സുൽത്താൻ ബത്തേരി എന്നീ മൂന്ന് മണ്ഡലങ്ങലാണ് വയനാട്ടിലുള്ളത്. ഇതിൽ മാനന്തവാടിയും ബത്തേരിയും സംവരണ സീറ്റുകളാണ്.  കൽപ്പറ്റ മാത്രമാണ് ജനറൽ സീറ്റ്.

മുൻമന്ത്രി പി കെ ജയലക്ഷ്മിയായിരുന്നു യു ഡി എഫ് സ്ഥാനാർത്ഥി. സിറ്റിംഗ് എം എൽ എ ഒ ആർ കേളുവാണ് എൽ ഡി എഫിനായി ഇത്തവണയും രംഗത്തുണ്ടായിരുന്നത്. ജയലക്ഷ്മിയെ 2016 ൽ ഒ ആർ കേളു പരാജയപ്പെടുത്തിയത് 1307 വോട്ടുകൾക്കാണ്. ഇത്തവണ മാനന്തവാടി തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങൾ വിജയം കാണുമെന്നാണ് പി കെ ജയലക്ഷ്മിയുടെ പ്രതികരണം. ഇത്തവണ അടിയൊഴുക്കുകൾ ഒന്നും ഉണ്ടായില്ലെങ്കിൽ ജയലക്ഷ്മി മണ്ഡലം തിരിച്ചുപിടിക്കും.

രാഹുൽ ഗാന്ധിയുടെ പ്രചാരണവും ചിട്ടയായ പ്രവർത്തനവും യു ഡി എഫിന്  ഗുണം ചെയ്തുവെന്നാണ് മാനന്തവാടിയിൽ നിന്നും ലഭിക്കുന്ന സൂചനകൾ. എന്നാൽ ഒ ആർ കേളു സീറ്റ് നിലനിർത്തുമെന്നാണ് എൽ ഡി എഫിന്റെ വിശ്വാസം.

ബത്തേരി, വയനാട്ടിലെ രണ്ടാമത്തെ സംവരണമണ്ഡലം, കോൺഗ്രസിലെ ഐ സി ബാലകൃഷ്ണനാണ് സിറ്റിംഗ് എം എൽ എ, ഇത്തവണയും ബാലകൃഷ്ണന്റെ സ്ഥാനാർത്ഥിത്വം തന്നെയാണ് സുൽത്താൻ ബത്തേരിയിലെ കോൺഗ്രസിന്റെ ആത്മവിസ്വാസം. കോൺഗ്രസ് നേതാവായിരുന്ന എം എസ് വിശ്വനാഥൻ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് സി പി എമ്മിൽ ചേരുകയും, സി പി എമ്മിന്റെ സ്ഥാനാർത്ഥിയായി എം എസ് വിശ്വനാഥൻ മാറി. ഐ സി ബാലകൃഷ്ണൻ 2016 ൽ 11198 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ്   സി പി എമ്മിലെ രുഗ്മിണി സുബ്രഹ്മണ്യനെ പരാജയപ്പെടുത്തിയത്. കോൺഗ്രസിന് വ്യക്തമായ മേൽകൈയുള്ള മണ്ഡലമാണ് ബത്തേരി. ആദിവാസി നേതാവ് സി കെ ജാനു എൻ ഡി എ സ്ഥാനാർത്ഥിയായി സുൽത്താൻബത്തേരിയിൽ മത്സര രംഗത്തുണ്ടായിരുന്നു. ജാനു നേടുന്ന വോട്ടുകൾ നിർണായക മാവില്ലെന്നാണ് ബത്തേരിയിൽ നിന്നും ലഭിക്കുന്ന സൂചനകൾ.
 

കൽപ്പറ്റ, സോഷ്യലിസ്റ്റ് നേതാവ് എം പി വീരേന്ദ്രകുമാറും, മകൻ ശ്രേയാംസ് കുമാറും വിജയിച്ച മണ്ഡലം. ലോക് താന്തിക് യു ഡി എഫ് പക്ഷത്തേക്ക് മാറിയപ്പോൾ ശ്രേയാംസ് കുമാറിനെ നേരിട്ടത് സി പി എം നേതാവായിരുന്ന സി കെ ശശീന്ദ്രനായിരുന്നു. 13083 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ശശീന്ദ്രൻ വിജയിച്ച കൽപ്പറ്റയിൽ ഇത്തവണ ചിത്രത്തിൽ മാറ്റം വന്നിരിക്കുന്നു. സിറ്റിംഗ് എം എൽ എ ശശീന്ദ്രന് ഇത്തവണ സീറ്റില്ല. പകരം മുന്നണിയിലേക്ക് തിരിച്ചെത്തിയ ലോക് താന്ത്രിക്ക് ജനതാദളിന് കൽപ്പറ്റ തിരികെ കൊടുത്തതോടെ ശ്രേയാംസ് കുമാർ ഇത്തവണ ഇടത് സ്ഥാനാർത്ഥിയായി പുനവതരിച്ചു. 
 
കോൺഗ്രസ് നേതാവ് ടി സിദ്ദിഖാണ് യു ഡി എഫ് സ്ഥാനാർത്ഥി. തദ്ദേശീയർ കൽപ്പറ്റയിൽ മത്സരിച്ചാൽ മതിയെന്ന തീരുമാനം കോൺഗ്രസിൽ കലാപങ്ങൾ സൃഷ്ടിച്ചിരുന്നുവെങ്കിലും പ്രചാരണ രംഗത്ത് ഗ്രൂപ്പിസമൊന്നും തലപൊക്കിയില്ലെന്നതും, രാഹുൽ ഗാന്ധിയുടെ പ്രചാരണം ഗുണം ചെയ്യുമെന്നുമാണ് സിദ്ദിഖിന്റെ വിശ്വാസം.

നിലവിൽ രാജ്യസഭാംഗമാണ് ശ്രേയാംസ് കുമാർ. കഴിഞ്ഞതവണ വയനാട്ടിൽ നിന്നും പാർലമെന്റിലേക്ക് മത്സരിക്കാൻ മലകയറിയ സിദ്ദിഖ്, രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തിയതോടെ പാതിവഴിയിൽ വച്ച് തിരികെ പോയതായിരുന്നു. എന്നാൽ ഇത്തവണ വിജയം ഉറപ്പാണെന്ന ഉറച്ച വിശ്വാസത്തിലാണ് ശ്രേയാംസ് കുമാർ.  

 വയനാട്ടിൽ തിരിച്ചടിയുണ്ടാവുമെന്ന കണക്കുകൂട്ടലിലാണ് സി പി എമ്മും. മൂന്നിൽ രണ്ട് സീറ്റിൽ യു ഡി എഫ് വിജയിക്കുo.
 വയനാടൻ കാറ്റ് വലത്തോട്ട് വീശുമെന്നാണ്  ലഭിക്കുന്ന സൂചനകൾ.

LEAVE A REPLY

Please enter your comment!
Please enter your name here