രാജേഷ് തില്ലങ്കേരി 

 

 

  • യു ഡി എഫിന് 9 സീറ്റുകളും എൽ ഡി എഫിന് അഞ്ചു സീറ്റുകളും ലഭിച്ച ജില്ല.
  • ഇടത് തരംഗം ആഞ്ഞടിച്ചപ്പോഴും വലിയ തിരച്ചടികളില്ലാതെ യു ഡി എഫിനെ കാത്ത ജില്ല
  • വ്യവസായ നഗരത്തിൽ യു ഡി എഫിന് ശക്തമായ ആധിപത്യം.
  • കഴിഞ്ഞതവണ കൈവിട്ടുപോയ തൃപ്പൂണിത്തുറ തിരികെ പിടിക്കാൻ കെ. ബാബു.
  • മാത്യു കുഴൽനാടനിലൂടെ മൂവാറ്റുപുഴ തിരിച്ചുപിടിക്കാൻ  യു.ഡി.എഫ്.
  • ടോണി ചിമ്മണിയിലൂടെ യു.ഡി.എഫ്  ഇക്കുറി കൊച്ചി തിരിച്ചുപിടിക്കും  
  • കുന്നത്തുനാട്ടിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ട്വന്റി-20 ശക്തമായ സാന്നിധ്യമുള്ള മണ്ഡലം
  • ട്വന്റി-20 നിർണായകമാവുന്നത് മൂന്ന് മണ്ഡലങ്ങളിൽ.
  • കോതമംഗലം  എൽ ഡി എഫ് നിലനിർത്തിയേക്കും.
  • വൈപ്പിനിൽ ഇഞ്ചോടിഞ്ച് പോരാട്ടം 
  •  
  • റബിക്കടലിന്റെ റാണിയെന്നറിയപ്പെടുന്ന കൊച്ചി, കൊച്ചി രാജാക്കന്മാരുടെ അധീനതയിലായിരുന്ന പ്രദേശം, സ്വാതന്ത്ര്യാനന്തരം എറണാകുളം ജില്ലയെന്ന പേരിൽ അറിയപ്പെട്ടു. ഋഷിനാഗകുളം എന്നായിരുന്നു എറണാകുളത്തിന്റെ നാമം. പാശ്ചാത്യരും പൗരസ്ഥ്യരും കുടിയേറിയ കൊച്ചി. മട്ടാഞ്ചേരിയും ഫോർട്ടുകൊച്ചിയും നിരവധി നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ഭൂമിക. പോർച്ചുഗീസ് നാവിഗൻ വാസ്‌ഗോഡി ഗാമയുടെ അന്ത്യനാളുകൾ ഫോർട്ടുകൊച്ചിയിലായിരുന്നു. വാണിജ്യ കേന്ദ്രമായിരുന്നു കൊച്ചിയിലെ മട്ടാഞ്ചേരിയും ഫോർട്ട്‌കൊച്ചിയും.  പോർച്ചുഗീസുകാരും ഫ്രഞ്ചുകാരും, ഡച്ചുകാരും എല്ലാം കൊച്ചിയിലേക്ക് എത്തിയത്  സുഗന്ധ ദ്രവ്യം തേടിയായിരുന്നു. അങ്ങിനെ കൊച്ചി ലോകം അറിയുന്ന ഒരു വാണിജ്യകേന്ദ്രമായി വികസിച്ചു. ജൂതന്മാരും മറ്റും നൂറ്റാണ്ടുകൾക്ക് മുൻപ് കൊച്ചിയിൽ എത്തിയിരുന്നു.

 

 


ചൈനീസ് വലകളാൽ സമ്പന്നമായ കായലുകൾ. പ്രകൃതിവിഭവങ്ങളുടെ  സമ്പന്നതയാണ് എറണാകുളത്തെ വിനോദ സഞ്ചാര കേന്ദ്രമാക്കുന്നത്. ഇന്ത്യയിലെ തന്നെ പ്രധാന വളം നിർമ്മാണ ശാലയായ ഫാക്ടും, കൊച്ചി കപ്പൽ നിർമ്മാണ ശാലയും, കൊച്ചിൻ പോർട്ടും  രാജ്യത്തെ മികച്ച പട്ടണമായി കൊച്ചിയെ വളർത്തി.

രാജ്യാന്തര ചരക്കുനീക്കത്തിന് വല്ലാർപാടം കണ്ടയിർ ടർമ്മിനൽ സഹായകമായി. കൊച്ചിൻ പോർട്ട് യാഥാർത്ഥ്യമായതോടെ പ്രമുഖ തീരമായി കൊച്ചി മാറി. ചെറുദ്വീപുകളായി കിടന്നിരുന്ന പ്രദേശങ്ങളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് പാലങ്ങൾ വന്നതോടെ കൊച്ചിയുടെ വികസം ത്വരിതഗതിയിലായി. ഗോശ്രീപാലം കൊച്ചിയുടെ വളർച്ചയെ ത്വരിതപ്പെടുത്തി.
 
 

വേമ്പനാട് കായലും, കൊച്ചികായലും, മത്സ്യബന്ധനത്തിലൂടെ ആയിരങ്ങൾക്ക് ഉപജീവനമാർഗമായി. കൊച്ചിയെ രാജ്യത്തെ വലിയൊരു ഐ ടി ഹബ്ബാക്കി മാറ്റിയെടുക്കുന്നതിൽ വിവിധ സർക്കാരുകൾ വഹിച്ച പങ്ക് നിസ്തുലമാണ്.  കാക്കനാട് വളർന്നു വരുന്ന വലിയൊരു ഐ ടി നഗരമായി മാറി.

പെരുമ്പാവൂർ പ്ലൈവുഡ് വ്യവസായത്തിന്റെ കേന്ദ്രമായി വളർന്നു. കളമശേരിയിൽ പ്രവർത്തിക്കുന്ന നിരവധി വ്യവസായ ശാലകൾ എറണാകുളം നഗരത്തെ വികസനത്തിലേക്ക് നയിച്ചു. നിരവധി വ്യവസായ, വാണിജ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന ജില്ലയാണ് എറണാകുളം.

വ്യവസായ നഗരമെന്നറിയപ്പെടുന്ന എറണാകുളം ജില്ല വിവധ ജനവിഭാഗങ്ങളെ ഉൾക്കൊള്ളുന്നു. ജനസംഖ്യയിൽ മുന്നിൽ നിൽക്കുന്ന ജില്ല. നഗരമുൾപ്പെടുന്ന തീരപ്രദേശവും, ഇടനാടും. ഒപ്പം പ്രകൃതി സുന്ദരമായ മലനാട്. സമ്പന്നമായ പെരിയാർ, എറണാകുളത്തിന്റെ രാഷ്ട്രീയ ചരിത്രവും സമ്പന്നമാണ്.

എറണാകുളം ഒരു കാർഷിക ജില്ലകൂടിയാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ പൈനാപ്പിൾ കൃഷിചെയ്യുന്ന ജില്ലയും ഇതുതന്നെ. വാഴക്കുളം പൈനാപ്പിൾ കൃഷിയുടെ കേന്ദ്രമായി വളർന്നിരിക്കുന്നു. സമ്പന്നമായൊരു കാർഷിക സംസ്‌കാരവും കിഴക്കൻമലയോരത്ത് നിലനിൽക്കുന്നുണ്ട്.

രാഷ്ട്രീയരംഗത്തെ പ്രഗൽഭരായ ഒട്ടേറെ നേതാക്കളുടെ ഭാവനാപൂർണമായ സംഭാവനയാണ് എറണാകുളം നഗരം കൈവരിച്ച പുരോഗതികളേറേും.  കൊച്ചി എയർപോർട്ടും, ഗോശ്രീപാലവും ഇൻഫോപാർക്കും, സ്മാർട് സിറ്റി പദ്ധതിയുമൊക്കെ ഇതിന്റ ഉദാഹരണം മാത്രം. മെട്രോ റെയിൽ പദ്ധതിയാണ് കൊച്ചി കൈവരിച്ച ഏറ്റവും മികച്ച നേട്ടം. കൊച്ചിനഗരത്തിന്റെ മുഖച്ഛായതന്നെ മാറ്റി മറിച്ച വികസനങ്ങൾ.

ആലുവ, കളമശ്ശേരി, തൃക്കാക്കര, എറണാകുളം, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലൂടെയാണ് കൊച്ചി മെട്രോ കടന്നു പോവുന്നത്. വാട്ടർ മെട്രോ പദ്ധതിക്ക് കൂടി തുടക്കമാവുന്നതോടെ എറണാകുളം പുതിയൊരു ഗതാഗത സംസ്‌കാരത്തിലേക്ക് കടക്കും. ആധുനിക ജീവിതത്തിലേക്ക് ദിനം പ്രതി വളരുന്ന ജില്ലയാണ് എറണാകുളം.

കേരളത്തിൽ ഇടത് തരംഗം ആഞ്ഞടിച്ചപ്പോഴും വലിയ തിരച്ചടികളില്ലാതെ യു ഡി എഫിനെ കാത്ത ജില്ലയാണ് എറണാകുളം. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റുകളായിരുന്ന  കൊച്ചിയും തൃപ്പൂണിത്തുറയും, മൂവാറ്റുപുഴയും കൈവിട്ടു പോയെങ്കിലും പതിനാലിൽ ഒൻപതും യു ഡി എഫ് നിലനിർത്തി. 2016 ൽ നഷ്ടപ്പെട്ട കൊച്ചിയും മൂവാറ്റുപുഴയും തൃപ്പൂണിത്തുറയും തിരിച്ചു പിടിക്കാനുള്ള വ്യക്തമായ തന്ത്രങ്ങളുമായാണ് ഇത്തവണ യു ഡി എഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.

പഴയകാല വാണിജ്യ കേന്ദ്രങ്ങളിൽ പ്രമുഖ  പട്ടണമാണ് ആലുവ. യു ഡി എഫിന് എന്നും കരുത്തായി നിന്ന മണ്ഡലം, 2016 ൽ സിറ്റിംഗ് എം എൽ എ അൻവർ സാദത്ത് സി പി എമ്മിലെ അഡ്വ വി സലിമിനെ 18835 വോട്ടുകൾക്ക് പരാജയപ്പെടുത്തിയ മണ്ഡലമാണ് ആലുവ. സിറ്റിംഗ് എം എൽ എ അൻവർ സാദത്തിനെ നേരിടാനായി സി പി എം ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത് ഷെൽന നിഷാദിനെയാണ്. കോൺഗ്രസ് കുടുംബത്തിലെ മരുമകളെ ഉപയോഗിച്ച് ആലുവയിലെ  കോൺഗ്രസ് സ്ഥാനാർത്ഥിയെ കീഴടക്കുകയെന്ന തന്ത്രം, ഷൽന നിഷാദിന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ എൽ ഡി എഫ് ലക്ഷ്യമിടുന്നത് വലിയൊരു അട്ടിമറി വിജയമായിരുന്നു. എന്നാൽ ആലുവാ പുഴ പതിവുപോലെ മാത്രമേ ഒഴുകുകയുള്ളൂവെന്നാണ് ലഭിക്കുന്ന സൂചനകൾ. യു ഡി എഫിന് വ്യക്തമായ വേരോട്ടമുള്ള ആലുവയിൽ, അൻവർ സാദത്തിന് വലിയ വെല്ലുവിളികളില്ലാതെ വിജയിച്ചുകയറാവുന്ന സാഹചര്യമാണുള്ളത്.

ബാംഗ്ലൂരിൽ ആർകിടെക്റ്റായ ഷെൽന നിഷാദിനെ ആലുവയിൽ സ്ഥാനാർത്ഥിയാക്കിയത് പ്രാദേശിക സി പി എമ്മിൽ വലിയ എതിർപ്പുകൾക്കും കാരണമായിരുന്നു, ഇതും വോട്ടെടുപ്പിൽ എൽ ഡി എഫിന് തിരിച്ചടിയാവും.

എന്നും രാഷ്ട്രീയമായി മാറ്റങ്ങൾ, പരീക്ഷണങ്ങൾക്കൊക്കെ വേദിയായിമാറുന്ന മണ്ഡലമാണ് അങ്കമാലി. സോഷ്യലിസ്റ്റ് നേതാക്കൾ ജയിച്ചുവന്നിരുന്ന മണ്ഡലമായിരുന്നു അങ്കമാലി.  കഴിഞ്ഞ തവണ എൽ ഡി എഫിൽ നിന്നും കോൺഗ്രസ് പിടിച്ചെടുത്ത മണ്ഡലമാണിത്. യൂത്ത് കോൺഗ്രസ് നേതാവ് റോജി ജോൺ 9186 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് 2016 ൽ അങ്കമാലിയിൽ ജയിച്ചുകയറിയത്. ജനതാദളിലെ ബെന്നി മൂഞ്ഞേലിയായിരുന്നു എൽ ഡി എഫ് സ്ഥാനാർത്ഥി.

മുൻമന്ത്രിയും അങ്കമാലി മുൻ എം എൽ എയുമായ ജോസ് തെറ്റയിലാണ് എൽ ഡി എഫ് സ്ഥാനാർത്ഥി. ലൈംഗികാരോപണങ്ങളെ തുടർന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരരംഗത്തുനിന്നും  മാറി നിൽക്കുകയായിരുന്നു തെറ്റയിൽ.  കൈവിട്ടുപോയ അങ്കമാലി പിടിച്ചെടുക്കാനുള്ള ദൗത്യവുമായാണ് തെറ്റയിൽ വീണ്ടും മത്സരിക്കാനായി എത്തിയിരിക്കുന്നത്.

കണ്ണൂർക്കാരനായ റോജി ഇതിനകം തന്നെ അങ്കമാലിയുടെ സ്പന്ദനമറിയുന്ന അങ്കമാലിക്കാരനായി സ്വയം മാറിക്കഴിഞ്ഞു.  സിറ്റിംഗ് എം എൽ എ എന്ന നിലയിൽ റോജി എം ജോൺ മണ്ഡലത്തിലുണ്ടാക്കിയിരിക്കുന്ന ജനസ്വാധീനത്തെ മറികടക്കാൻ ജോസ് തെറ്റയിലിന് പറ്റാത്ത രാഷ്ട്രീയ സാഹചര്യമാണ് അങ്കമാലിയിൽ.  റോജി ജോൺ  അങ്കമാലി മണ്ഡലം നിലനിർത്തുമെന്നാണ് ലഭിക്കുന്ന സൂചനകൾ. കെ വി സാബുവാണ് അങ്കമാലിയിൽ ബി ജെ പി സ്ഥാനാർത്ഥി.

എൽ ഡി എഫിനെയും യു ഡി എഫിനെയും മാറി മാറി പരീക്ഷിക്കുന്ന മണ്ഡലമാണ് പെരുമ്പാവൂർ. സി പി എമ്മും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടിയിരുന്ന പെരുമ്പാവൂരിൽ ഇത്തവണ കോൺഗ്രസും കേരളാ കോൺഗ്രസ് എമ്മും തമ്മിലാണ് പ്രധാന പോരാട്ടം നടന്നത്. സിറ്റിംഗ് എം എൽ എ എൽദോസ് കുന്നപ്പള്ളിയാണ് പെരുമ്പാവൂരിൽ യു ഡി എഫ് സ്ഥാനാർത്ഥി.

പെരുമ്പാവൂർ തിരിച്ചു പിടിക്കാനായി എൽ ഡി എഫ് രംഗത്തിറക്കിയിരുന്നത് കേരളാ കോൺഗ്രസ് എമ്മിലെ ബാബു ജോസഫിനെയാണ്. 2016 ൽ സി പി എമ്മിലെ സാജു പോളിനെ എൽദോസ് പരാജയപ്പെടുത്തിയത് 7088 വോട്ടുകൾക്കാണ്. മുൻ എറണാകുളം ജില്ലാ പഞ്ചായത്ത് അധ്യക്ഷൻകൂടിയായ എൽദോസ്,  മണ്ഡലത്തിലെ വോട്ടർമാരുമായി  നല്ല ബന്ധം പുലർത്തുന്ന എൽദോസ് കുന്നപ്പള്ളിക്ക് അനുകൂല രാഷ്ട്രീയകാലാവസ്ഥയാണ് പെരുമ്പൂവൂരിൽ.  എന്നാൽ ട്വന്റി- 20 യുടെ സ്ഥാനാർത്ഥി ചിത്രാ സുകുമാരൻ നേടുന്ന വോട്ടുകൾ ഏത് മുന്നണിയെയാണ് ബാധിക്കുകയെന്നത് ഒരു ചോദ്യചിഹ്നമായിമാറിയിരുന്നു.  ട്വന്റി 20 സ്ഥാനാർത്ഥി നേടുന്ന വോട്ടുകൾ എൽദോസിന്റെ ഭൂരിപക്ഷം കുറയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ടി പി സിന്ധുമോളാണ് ബി ജെ പി സ്ഥാനാർത്ഥി. ഭൂരിപക്ഷം കുറഞ്ഞാലും എൽദോസ് കുന്നപ്പള്ളി വിജയിക്കുമെന്നാണ് പെരുമ്പാവൂരിൽ നിന്നും ലഭിക്കുന്ന സൂചനകൾ.

എറണാകുളം ജില്ലയിലെ മലയോര ദേശങ്ങൾ ഉൾക്കൊള്ളുന്ന മണ്ഡലമാണ് കോതമംഗലം. കാർഷിക മേഖല,   കേരളാ കോൺഗ്രസിന്റെ ശക്തികേന്ദ്രമായി അറിയപ്പെട്ടിരുന്ന മണ്ഡലംകൂടിയാണ് കോതമംഗലം.  2016 ൽ കേരളാ കോൺഗ്രസ് ജെ നേതാവും മുൻമന്ത്രിയുമായ  ടി യു കുരുവിളയെ പരാജയപ്പെടുത്തിയാണ് സി പി എമ്മിലെ ആന്റണി ജോൺ കോതമംഗലം പിടിച്ചെടുത്തത്.  19282 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ആന്റണി ജോൺ വിജയിച്ചത്.

ഇത്തവണ സിറ്റിംഗ് എം എൽ എ ആന്റണി ജോൺ വീണ്ടും മത്സരിക്കാനെത്തുമ്പോൾ എതിരാളി മാറിയിരിക്കുന്നു.  കേരളാ കോൺഗ്രസ് നേതാവ് ടി യു കുരുവിള മത്സരരംഗത്തോട് വിടപറഞ്ഞു. പകരം ഷിബു തെക്കുംപുറമാണ് കേരളാ കോൺഗ്രസ് ജെ യുടെ ടിക്കറ്റിൽ കോതമംഗലതത്ത് സ്ഥാനാർത്ഥിയായത്. പി ജെ ജോസഫിന്റെ മരുകൻ ഡോ ജോ ജോസഫായിരുന്നു കോതമംഗലത്ത് ട്വന്റി 20 യുടെ സ്ഥാനാർത്ഥി.

മണ്ഡലത്തിൽ മികച്ച മുന്നേറ്റം നടത്താൻ ആന്റണി ജോണിന് കഴിഞ്ഞെന്നാണ് മണ്ഡലത്തിൽ നിന്നും ലഭിക്കുന്ന സൂചനകൾ. സി പി എം വിജയം ഉറപ്പിച്ചിരിക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് കോതമംഗലം. കോതമംഗലത്ത് മാറ്റങ്ങൾ ഉണ്ടാവാനുള്ള സാധ്യത വളരെ കുറവാണെന്നാണ് കോതമംഗലംകാരുടെ വിശ്വാസം. കോതമംഗലം ട്വന്റി-20 മികച്ച പ്രവർത്തനം കാഴ്ചവച്ച മണ്ഡലമാണ്.

സിറ്റിംഗ് എം  എൽ എ, എൽദോ എബ്രഹാമാണ് ഇത്തവണയും മൂവാറ്റുപുഴയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി. ജില്ലയിൽ സി പി ഐ വിജയിച്ച   ഏക സീറ്റാണ് മൂവാറ്റുപുഴ. 2016 ൽ കോൺഗ്രസിലെ മുതിർന്ന നേതാവായ ജോസഫ് വാഴക്കനെ പരാജയപ്പെടുത്തിയാണ് എൽദോ എബ്രഹാം മൂവാറ്റുപുഴയിൽ നിന്നും ജയിച്ചുകയറിയത്. ഇത്തവണ മത്സരം കടുത്തതായിരുന്നു. കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടനാണ് മൂവാറ്റുപുഴ തിരിച്ചുപിടിക്കാനായി യുഡി എഫ് കളത്തിലിറക്കിയിരുന്നത്.  കോൺസിലെ ക്ലീൻ ഇമേജുള്ള നേതാവാണ് മാത്യു കുഴൽനാടൻ.

2016 ൽ ജോസഫ് വാഴക്കനെ 9375 വോട്ടുകൾക്കാണ് എൽദോ അബ്രഹാം തോൽപ്പിച്ചത്. എന്നാൽ, ഇത്തവണ മണ്ഡലത്തിൽ  ഇടതുപക്ഷത്തിന് മേൽക്കൈ നഷ്ടപ്പെട്ടതും, മുന്നണിയിലെ അടിയൊഴുക്കുകളും തിരിച്ചടിയാവുമെന്നാണ് സൂചനകൾ.  മാത്യു കുഴൽനാടന് അനുകൂലമാണ് മൂവാറ്റുപുഴയിലെ രാഷ്ട്രീയ കാലാവസ്ഥ. മൂവാറ്റുപുഴയിൽ അപ്രതീക്ഷിതമായ കാരണങ്ങൾ തിരിച്ചടിയായില്ലെങ്കിൽ മാത്യു കുഴൽനാടൻ ജയിച്ചുകയറും. ജിജി ജോസഫാണ് ബി ജെ പി സ്ഥാനാർത്ഥി. സി എൻ പ്രകാശാണ് ട്വന്റി 20യുടെ മൂവാറ്റുപുഴയിലെ സ്ഥാനാർത്ഥി.

കേരളാ കോൺഗ്രസ് ജേക്കബ്ബ് ഗ്രൂപ്പിന്റെ തട്ടകമായാണ് പിറവം അറിയപ്പെടുന്നത്. യാക്കോബായ വിഭാഗത്തിന്റെ ശക്തി കേന്ദ്രം കൂടിയാണ് പിറവം. പിറവത്തുമാത്രം ഒതുങ്ങിയ രാഷ്ട്രീയ പാർട്ടിയായി കേരളാ കോൺഗ്രസ് ജേക്കബ്ബ് മാറിയെങ്കിലും പിറവത്തെ കൈവെള്ളയിലാക്കാൻ കേരളാ കോൺഗ്രസിനു മാത്രമേ കഴിയുകയുള്ളൂ. യുഡിഎഫിന്റെ  ഫിക്‌സഡ് സീറ്റാണ് പിറവം.

കേരളാ കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായിരുന്ന  ടി എം ജേക്കബ്ബ് തുടർച്ചയായി വിജയിച്ചുവന്നിരുന്ന മണ്ഡലമായിരുന്നു പിറവം.  ടി എം ജേക്കബ്ബിന്റെ മരണത്തോടെയാണ് പിറവത്ത് മകൻ അനൂപ് ജേക്കബ്ബ് മത്സരിക്കാനെത്തുന്നത്. കന്നി അങ്കത്തിൽ തന്നെ ജയിച്ച് മന്ത്രിയായി. എന്നാൽ പാർട്ടിയെ പടലപിണക്കവും,  അപക്വമായ സമീപനവും പിറവത്തെ കുത്തകാവസ്ഥയ്ക്ക് തിരിച്ചടിയായിമാറിക്കൊണ്ടിരുന്നു. 
 
എന്നാൽ എൽ ഡി എഫിന്റെ സ്ഥാനാർത്ഥി നിർണയം അനൂപിന് അനുകൂല തരംഗമായി. സി പി എം കേരളാ കോൺഗ്രസ് എമ്മിന് പിറവം വിട്ടു നിൽകിയതും, സിപി എം അംഗമായിരുന്ന സിന്ധുമോൾ കേരളാ കോൺഗ്രസ് എമ്മിന്റെ ടിക്കറ്റിൽ ഇടതു സ്ഥാനാർത്ഥിയായി പിറവത്ത് എത്തിയതും ഏറെ വിവാദങ്ങൾക്ക് വഴിവച്ചു. ഇതോടെ പിറവത്തെ ചിത്രം മാറി. കേരളാ കോൺഗ്രസ് എമ്മിൽ  നിന്നുതന്നെ ശക്തമായ എതിർപ്പുകൾ അരങ്ങേറി. പെയ്‌മെന്റ് സീറ്റാണ് പിറവത്തേതെന്നായിരുന്നു ആരോപണം, സിന്ധുമോൾക്ക് സീറ്റുനൽകിയതിൽ ഇടതുമുന്നണിയിലും വ്യാപകമായ പ്രതിഷേധം ഉടലെടുത്തു, കേരളാ കോൺഗ്രസ് എമ്മിലെ  ചിലനേതാക്കൾ പാർട്ടിവിട്ടു. ഈ സംഭവവികാസങ്ങളെല്ലാം, എൽ ഡി എഫിന്റെ വിജയസാധ്യതകൾക്ക് മങ്ങലേൽപ്പിച്ചു.

2016 ൽ സി പി എമ്മിലെ എം ജെ ജേക്കബ്ബിനെ 6195 വോട്ടുകൾക്കാണ് അനൂപ് ജേക്കബ്ബ് പരാജയപ്പെടുത്തിയിരുന്നത്. ഇത്തവണ അനൂപിന്റെ ഭൂരിപക്ഷം വർദ്ധിക്കാനാണ് സാധ്യത. എം എ ആഷിഷാണ് ബി ജെ പി സ്ഥാനാർത്ഥി. വ്യവസായ നരമായ കളമശ്ശേരിയിൽ ഇത്തവണ കനത്ത പോരാട്ടമാണ് നടന്നത്. പാലാരിവട്ടം പാലമായിരുന്നു കളമശ്ശേരിയിൽ താരം. സി പി എം നേതാവ് പി രാജീവിന്റെ സ്ഥാനാർത്ഥിത്വത്തോടെ ശ്രദ്ധേയമായ മണ്ഡലമായി കളമശ്ശേരി മാറി. പി ഇ അബ്ദുൽ ഗഫൂറാണ് യു ഡി എഫ് സ്ഥാനാർത്ഥി.

മുൻമന്ത്രി വി കെ ഇബ്രാഹികുഞ്ഞായിരുന്നു കളമശ്ശേരിയിൽ സിറ്റിംഗ് എം എൽ എ. 2016 ൽ ഇബ്രാഹിംകുഞ്ഞ് 12118 വോട്ടുകൾക്ക് സി പി എമ്മിലെ എ എം യൂസഫിനെ പരാജയപ്പെടുത്തിയിരുന്നു. പാലാരിവട്ടം പാലം അഴിമതിക്കേസിൽ പ്രതിയായ സാഹചര്യതത്തിൽ കളമശ്ശേരിയിൽ നിന്നും  ഇബ്രാഹിംകുഞ്ഞിനെ മാറ്റി നിർത്താൻ മുസ്ലീംലീഗ് നേതൃത്വം തീരുമാനമെടുത്തിരുന്നു. എന്നാൽ സ്ഥാനാർത്ഥിയായി ഇബ്രാഹിംകുഞ്ഞിന്റെ മകൻ രംഗത്തെത്തിയതോടെ കളമശ്ശേരിയിൽ ലീഗ് നേതൃത്വം പ്രതിഷേധവുമായി രംഗത്തെത്തി. മങ്കട എം എൽ എയായിരുന്ന അഹമ്മദ് കബീറിനെ സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു ഉയർന്നത്. എന്നാൽ പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ പിൻവലിക്കില്ലെന്ന് സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചതോടെ വിമതർ പത്തിമടക്കി.

കളമശ്ശേരിയിൽ അട്ടിമറി വിജയം നേടാനായി സി പി എം പി രാജീവിനെ നിയോഗിച്ചതോടെ യു ഡി എഫ് നേതൃത്വം ശക്തമായി. പഞ്ചവടിപ്പാലത്തിന്റെ പോസ്റ്ററുകൾ അടക്കം കളമശ്ശേരിയിൽ തെരഞ്ഞെടുപ്പിൽ ആയുധമാക്കി. സക്കീർ ഹുസൈന്റെ സംരക്ഷകനായി രാജീവിനെതിരെ ആരോപണ മുയർത്തി യു ഡി എഫും പ്രതിരോധം തീർത്തു. കളമശ്ശേരിയിൽ അട്ടിമറിയൊന്നും ഉണ്ടാവില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ. പി രാജീവിന് അവസാന റൗണ്ടിൽ പ്രതീക്ഷിച്ച വോട്ടുകൾ ലഭിച്ചില്ലെന്നാണ് അണികളിൽ നിന്നും ലഭിക്കുന്ന വിവരം. അബ്ദുൽ ഗഫൂർ മണ്ഡലം നിലനിർത്താനുള്ള സാധ്യതയാണ് തെളിയുന്നത്.

സി പി ഐയുടെ കുത്തകമണ്ഡലമെന്നായിരുന്നു ആദ്യകാലത്ത് പറവൂർ അറിയപ്പെട്ടിരുന്നത്. എന്നാൽ കോൺഗ്രസ് നേതാവ് വി ഡി സതീശന്റെ വരവോടെ വലതുപക്ഷത്തേക്ക് ചാഞ്ഞ മണ്ഡലമാണ് പറവൂർ. തുടർച്ചയായി സതീശനെ പിന്തുണച്ച മണ്ഡലം. 2016 ൽ ഇടതു തരംഗം ആഞ്ഞടിച്ചപ്പോഴും 20634 വോട്ടുകൾക്കാണ് സി പി എമ്മിലെ ശാരദാ മുരളീധരനെ സതീശൻ പരാജയപ്പെടുത്തിയത്. നിയമസഭയിലെ തീപ്പൊരി നേതാവായി സതീശനെ തളയ്ക്കാൻ ഒരു പൊതു സ്ഥാനാർത്ഥിയെ പോലും ഇടതുമുന്നണി ആലോചിച്ചു. വി ഡി സതീശൻ മുൻകൈയെടുത്ത് വിദേശമലയാളികളുടെ സഹായത്തോടെ പ്രളയത്തിൽ വീടു നഷ്ടപ്പെട്ടവർക്കുള്ള ഭവന പദ്ധതി നടപ്പാക്കിയതിനെതിരെ സി പി എം നടത്തിയ നീക്കവും മറ്റും സതീശന് മണ്ഡലത്തിൽ പിന്തുണ വർധിപ്പിച്ചിരുന്നു.
 

സി പി ഐ ഇത്തവണ എം ടി നിക്‌സനെയാണ് പറവൂരിൽ സ്ഥാനാർത്ഥിയായി രംഗത്തിറക്കിയത്. എന്നാൽ വി ഡി സതീശൻ വീണ്ടും ബഹുഭൂരിപക്ഷത്തിൽ ജയിച്ചുകയറാനാണ് സാധ്യത. ബി ഡി ജെ എസിലെ എ ബി ജയപ്രകാശാണ് എൻ ഡി എ സ്ഥാനാർത്ഥി.

എന്നും യു ഡി എഫിനൊപ്പം ശക്തമായി നിലയുറപ്പിചച്ച ചരിത്രമാണ് തൃക്കാക്കരയ്ക്കുള്ളത്. യു ഡി എഫ് കൺവീനറായിരുന്ന ബെന്നിബനാനിൽ നിന്നും പി ടി തോമസിലേക്ക് മണ്ഡലം കൈമാറിയപ്പോഴു ചരിത്രം ആവർത്തിച്ചു. തൃക്കാക്കരയിൽ സ്വതന്ത്രനെയാണ് ഇത്തവണ എൽ ഡി എഫ് രംഗത്തിറക്കിയത്. പി ടി തോമസിനെതിരെ ഡോ കെ ജെ ജേക്കബ്ബിനെ രംഗത്തിറക്കിയത് അട്ടിമറി വിജയം പ്രതീക്ഷിച്ചാണ്. എന്നാൽ തൃക്കാക്കരയിൽ 2016 ൽ പി ടി തോമസ് നേടിയ 11996 വോട്ടുകളുടെ ഭൂരിപക്ഷം ഇത്തവണ വർദ്ധിക്കുമെന്നാണ് മണ്ഡലത്തിൽ നിന്നും ലഭിക്കുന്ന സൂചനകൾ. കഴിഞ്ഞ തവണ പി ടിയെ നേരിടാനായി സി പി എം ഡോ സെബാസ്റ്റയ്ൻ പോളിനെയായിരുന്നു രംഗത്തിറക്കിയത്.

ട്വന്റി-20 യുടെ സ്ഥാനാർത്ഥിയും , ബി ജെ പി സ്ഥാനാർത്ഥിയും ശക്തമായി പ്രതിരോധവുമായി രംഗത്തുണ്ടായിരുന്നു. ട്വന്റി 20 സ്ഥാനാർത്ഥിയായി ഡോ ടെറി തോമസും തൃക്കാക്കരയിൽ മത്സരരംഗത്തുണ്ടായിരുന്നു. അടിയൊഴുക്കുകൾ ശക്തമായാൽ മാത്രമേ തൃക്കാക്കരയിൽ മറിച്ചെന്തെങ്കിലും സംഭവിക്കൂ. നിലവിൽ  പി ടി തോമസ് തന്നെയായിരിക്കും തൃക്കാക്കരയിൽ വിജയിക്കുക.

പഴയ മട്ടാഞ്ചേരി മണ്ഡലമാണ് കൊച്ചിയെന്ന പേരിലറിയപ്പെടുന്നത്. സി പി എം അട്ടിമറി വിജയം നേടിയ മണ്ഡലമാണ് കൊച്ചി. കെ ജെ മാക്‌സിയാണ് സിറ്റിംഗ് എം എൽ എ. മുൻമന്ത്രിയായിരുന്ന ഡൊമനിക് പ്രസന്റേഷനെ 1086 വോട്ടുകൾക്കാണ് കെ ജെ മാക്‌സി പരാജയപ്പെടുത്തിയത്. ഇത്തവണ കോൺഗ്രസ് കൊച്ചി പിടിക്കാനായി നിയോഗിച്ചത് മുൻമേയർ ടോണി ചമ്മിണിയെയാണ്.
യു ഡി എഫ് അനുകൂല കാലാവസ്ഥ നിലനിൽക്കുന്ന മണ്ഡലമാണെങ്കിലും കെ ജെ മാക്‌സി മണ്ഡലത്തിൽ സ്വീകാര്യനാണ്. എന്നാൽ പലഘടകങ്ങളും ഇത്തവണ മാക്‌സിക്ക് അനുകൂലമല്ല, ടോണി ചമ്മിണി വിജയിക്കാനുള്ള സാധ്യതയാണ് നിലവിലുള്ളത്. മണ്ഡലത്തിൽ ഏറെ സ്വാധീനമുള്ള സി ജി രാജഗോപാലാണ് ബി ജെ പി സ്ഥാനാർത്ഥി. ഷൈനി ആന്റണിയാണ് ട്വന്റി 20 യുടെ സ്ഥാനാർത്ഥി.

സി പി എമ്മിന്റെ സിറ്റിഗ് സീറ്റായി അറിയപ്പെടുന്ന മണ്ഡലമാണ് വൈപ്പിൻ. പഴയ ഞാറയ്ക്കൽ പുനസംഘടനയോടെ വൈപ്പിനായി മാറുകയായിരുന്നു. മുൻ മന്ത്രിയും ജില്ലയിലെ തലമുതിർന്ന സി പി എം നേതാവുമായ എസ് ശർമ്മയായിരുന്നു വൈപ്പിനിൽ സിറ്റിംഗ് എം എൽ എ. ഇത്തവണ ശർമ്മയ്ക്ക് സീറ്റ് നിഷേധിച്ചതോടെയാണ് കെ എൻ ഉണ്ണികൃഷ്ണൻ സ്ഥാനാർത്ഥിയാവുന്നത്. കോൺഗ്രസിൽ നിന്നും ദീപക് ജോയിയാണ് എതിരാളി.
2016 ൽ കോൺഗ്രസിലെ കെ ആർ സുഭാഷിനെ 19353 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ശർമ്മ പരാജയപ്പെടുത്തിയത്. എന്നാൽ എസ് ശർമ്മ മാറിയതോടെ വൈപ്പിനിൽ എൽ ഡി എഫിന് പഴയ ജനപിന്തുണ ലഭിക്കാനുള്ള സാധ്യത മങ്ങിയിരിക്കയാണ്. തീരദേശ മണ്ഡലമാണ് വൈപ്പിൻ. ആഴക്കടൽ മത്സ്യബന്ധന കരാറും മറ്റും ഏറെ തിരിച്ചടിക്കാൻ സാധ്യതയുള്ള മണ്ഡലംകൂടിയാണ് വൈപ്പിൻ. ദീപക് ജോയ് ഒരു അട്ടിമറി വിജയം വൈപ്പിനിൽ നേടിയാൽ അത്ഭുതപ്പെടാനില്ല. അഡ്വ കെ എസ് ഷൈജുവായിരുന്നു ബി ജെ പി സ്ഥാനാർത്ഥി.
ട്വന്റി 20 സ്ഥാനാർത്ഥിയായി ജോബ് ചക്കാലക്കലും  മണ്ഡലത്തിൽ സജീവമായിരുന്നു.

നരഗഹൃദയമായ എറണാകുളത്ത് സിറ്റിംഗ് എം എൽ എ ടി ജെ വിനോദാണ് യു ഡി എഫ് സ്ഥാനാർത്ഥി. ഹൈബി ഈഡനായിരുന്നു എറണാകുളത്ത് 2016 ൽ വിജയിച്ചത്. പാർലമെന്റ് അംഗമായതോടെ ഹൈബി രാജവച്ചു. ഉപതെരഞ്ഞെടുപ്പിലാണ് ഡി സി സി അധ്യക്ഷനായ ടി ജെ വിനോദ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. മനു റോയിയെ 3,750 വോട്ടുകൾക്കാണ് ടി ജെ വിനോദ് പരാജയപ്പെടുത്തിയത്. അപരനായി എത്തിയ മനു കെ എം 2544 വോട്ടുകളും നേടിയിരുന്നു.

പ്രഗൽഭരായ നിരവധി കോൺഗ്രസ് നേതാക്കൾ വിജയിച്ച മണ്ഡലമാണ് എറണാകുളം. സി പി എമ്മിന് പാർട്ടി ചിഹ്നത്തിൽ സ്ഥാനാർത്ഥികളെ അവതപ്പിക്കാൻ പറ്റാത്ത മണ്ഡലംകൂടിയാണ് എറണാകുളം. കെ കരുണാകരൻ പാർട്ടി വിട്ടപ്പോൾ ഉപതെരഞ്ഞെടുപ്പിൽ സെബാസ്റ്റ്യൻ പോൾ വിജയിച്ച മണ്ഡലം കൂടിയാണ് എറണാകുളം. സാഹിത്യകാരനായ പ്രഫ. എം കെ സാനുമാഷ് എൽ ഡി എഫ് സ്വതന്ത്രനായി ജയിച്ച ചരിത്രവും എറണാകുളത്തിന് പറയാനുണ്ടെങ്കിലും എറണാകുളം വ്യക്തമായി വലത്പക്ഷ കാഴ്ചപ്പാടുള്ള മണ്ഡലമാണ്. ലാറ്റിൻ ക്രിസ്ത്യാനികൾക്ക് ഏറെ ശക്തിയുള്ള മണ്ഡലങ്ങളിൽ ഒന്നാണ് എറണാകുളം.

സി പി എം ഇത്തവണ രംഗത്തിറക്കിയത് ഷാജി ജോർജ് എന്ന സ്വതന്ത്രനെയാണ്. പുസ്തക പ്രസാധകനായ ഷാജി ജോർജ്ജ് ലാറ്റിൻ സഭാ പ്രതിനിധിയായാണ് മത്സരിക്കാനായി എത്തിയത്. ടി ജെ വിനോദ് എറണാകുളത്ത് വീണ്ടും വിജയിക്കുമെന്നാണ് മണ്ഡലത്തിൽ നിന്നും ലഭിക്കുന്ന വ്യക്തമായ സൂചനകൾ. ബി ജെ പി സ്ഥാനാർത്ഥിയായി പത്മജാ മേനോനും രംഗത്തുണ്ട്. ട്വന്റി-20യുടെ പ്രഫ. ലസ്ലി പള്ളത്തും, വീഫോർ കേരള തുടങ്ങിയ സംഘടനകളും സ്ഥാനാർത്ഥികളെ മത്സരംഗത്തിറക്കിയിരുന്നു.

ജില്ലയിലെ സംവരണ മണ്ഡലമാണ് കുന്നത്തുനാട്. കോൺഗ്രസിന് എന്നും മേൽകൈയുള്ള മണ്ഡലം. വി പി സജീന്ദ്രനാണ് സിറ്റിംഗ് എം എൽ എ. ഇത്തവണയും കോൺഗ്രസ് സ്ഥാനാർത്ഥി സജീന്ദ്രനാണ്. പഴയ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന പി വി ശ്രീനിജനാണ് എൽ ഡി എഫ് സ്ഥാനാർത്ഥി. കുന്നത്തുനാടിൽ ട്വന്റി 20 യും അതിശക്തമായ മത്സരമാണ് കാഴ്ചവയ്ക്കുന്നത്. ട്വന്റി 20യുടെ അധീനതയിലുള്ള നാല് പഞ്ചായത്തുകളടങ്ങുന്നതാണ് കുന്നത്തുനാട് മണ്ഡലം.

ട്വന്റി 20ക്ക് വിജയപ്രതീക്ഷയുള്ള മണ്ഡലമാണ് കുന്നത്തുനാട്. 2016 ൽ 2679 വോട്ടുകൾക്കാണ് വി പി സജീന്ദ്രൻ കുന്നത്തുനാടിൽ വിജയിച്ചിരുന്നത്. ട്വന്റി 20 നേടുന്ന വോട്ടുകൾ സജീന്ദ്രന്റെ വിജയപ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുമെന്നാണ് കരുതുന്നത്. എന്നാൽ മണ്ഡലം യു ഡി എഫ് നിലനിർത്തുമെന്നാണ് അവസാന റൗണ്ടിൽ ലഭിക്കുന്ന സൂചനകൾ. കുന്നത്തുനാട്ടിൽ ട്വന്റി 20 രണ്ടാം സ്ഥാനത്തേക്ക് എത്താനുള്ള സാധ്യതയാണുള്ളത്. സുജിത് പി സുരേന്ദ്രനാണ് ട്വന്റി 20യുടെ കുന്നത്തുനാട്  സ്ഥാനാർത്ഥി.

ജില്ലയിൽ ഏറ്റവും കനത്ത പോരാട്ടം അരങ്ങേറുന്നത് രാജനഗരിയെന്നറിയപ്പെടുന്ന തൃപ്പൂണിത്തുറയിലാണ്. മുൻമന്ത്രിയും തൃപ്പൂണിത്തുറയുടെ ദീർഘകാല എം എൽ എയുമായിരുന്ന കെ ബാബുവാണ് യു ഡി എഫിന്റെ സ്ഥാനാർത്ഥി. സി പി എമ്മിന്റെ യുവ നേതാവും തൃപ്പൂണിത്തുറയിലെ നിലവിലുള്ള എം എൽ എയുമായ എം സ്വരാജാണ് എൽ ഡി എഫ് സ്ഥാനാർത്ഥി. മുൻ പി എസ് സി ചെയർമാനും, കാലടി സർവ്വകലാശാല പി വി സിയുമായിരുന്ന ഡോ കെ എസ് രാധാകൃഷ്ണനാണ് തൃപ്പൂണിത്തുറയിൽ ബി ജെ പി സ്ഥാനാർത്ഥി. 2016 ൽ എം സ്വരാജ് 4467 വോട്ടുകൾക്കാണ് കെ ബാബുവിനെ  അട്ടിമറിച്ചത്. ബി ജെ പി സ്ഥാനാർത്ഥിയായിരുന്ന തുറവൂർ വിശ്വംഭരന് 29,843  വോട്ടുകളാണ് ലഭിച്ചിരുന്നത്.

25 വർഷം തുടർച്ചയായി ജയിച്ച തന്റെ സ്വന്തം തട്ടകമായ തൃപ്പൂണിത്തുറ തിരിച്ചുപിടിക്കാനുള്ള ഭഗീരഥ പ്രയത്‌നത്തിലാണ് കെ ബാബു. സി പി എമ്മിന് എം സ്വരാജിന്റെ വിജയം അഭിമാന പ്രശ്‌നമാണ്. എന്നാൽ ശബരിമല വിഷയം ഏറ്റവും ചർച്ച ചെയ്യപ്പെട്ട മണ്ഡലം കൂടിയാണ് തൃപ്പൂണിത്തുറ. വിശ്വാസസംരക്ഷവുമായി ബന്ധപ്പെട്ടുണ്ടായ നിരവധി വിവാദങ്ങൾ തൃപ്പൂണിത്തുറയെ സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ മണ്ഡലമാക്കി മാറ്റി. ബി ജെ പിയുമായി വോട്ട് കച്ചവടം നടത്തിയെന്നായിരുന്നു തൃപ്പൂണിത്തുറയിൽ സി പി എം ഉന്നയിച്ച പ്രധാന ആരോപണം. ബാർകോഴ ആരോപണത്തിൽ പ്രതിയാക്കപ്പെട്ട കെ ബാബുവിനെ വീണ്ടും സ്ഥാനാർത്ഥിയാക്കിയതിനെതിരെയുണ്ടായ പ്രതിഷേധം തിരിച്ചടിയാവുമോ എന്ന ഭയവും യു ഡി എഫിനുണ്ട്. എന്തായാലും മണ്ഡലം കെ ബാബു തിരിച്ചുപിടിക്കുമെന്നാണ് തൃപ്പൂണിത്തുറയിൽ നിന്നും ലഭിക്കുന്ന സൂചനകൾ.

 

 

LEAVE A REPLY

Please enter your comment!
Please enter your name here