രാജേഷ് തില്ലെങ്കേരി 

 

 

  • പാലായിൽ ജോസ് കെ മാണിക്ക് തിരിച്ചടിയ്ക്ക് സാധ്യത.

  • സി.എഫ് ഇല്ലാത്ത ചങ്ങനാശേരിയിൽ ഇക്കുറിയും യു.ഡി.എഫ് മുന്നേറ്റം 

  • മാണി സി കാപ്പൻ ചരിത്രം രചിക്കുമോ എന്നും ചർച്ചാവിഷയം.  

  • അമ്പതും കടന്ന് ചരിത്രമാവാൻ പുതുപ്പള്ളിയും, ഉമ്മൻ ചാണ്ടിയും.

     

  • പൂഞ്ഞാറിൽ പി സി ജോർജ്ജിന്റെ ആധിപത്യത്തിനും  തിരിച്ചടിയുണ്ടാവും.

     

  • പൂഞ്ഞാറിൽ ടോമി കല്ലാനിയ്ക്ക് സാധ്യത

  • കാഞ്ഞിരപ്പള്ളികൊണ്ട് കേരളാ കോൺഗ്രസ് (എം) തൃപ്‌തിയടയേണ്ടി വന്നേക്കാം 

     

  • ഏറ്റുമാനൂർ യു.ഡി. എഫ് തിരിച്ചുപിടിക്കും

  • വൈക്കം എൽ.ഡി എഫ് നിലനിർത്തും 

  • കോട്ടയത്ത് തിരുവഞ്ചൂരിന് അനുകൂലം 

  • കടുത്തുരുത്തി മോൻസ് നില നിർത്തും 

     

     




    തെക്കൻ-മധ്യ കേരളത്തിലെ ഒരു പ്രധാന നഗരമാണ് കോട്ടയം. കോട്ടയം ജില്ലയുടെ ആസ്ഥാനമാണ് ഈ നഗരം. നഗരത്തിന്റെ കേന്ദ്ര ബിന്ദുവാണ് തിരുനക്കര . കോട്ടയത്തിന്റെ പുസ്തക പ്രസിദ്ധീകരണ മേഖലയിലുള്ള പാരമ്പര്യം കണക്കിലെടുത്ത് ഈ നഗരം ”അക്ഷര നഗരി” എന്ന അപരനാമത്തിലും അറിയപ്പെടുന്നു. ഇന്ത്യയിലാദ്യമായി സമ്പൂർണ്ണസാക്ഷരത കൈവരിച്ച നഗരമാണ് കോട്ടയം. കേരളത്തിലെയും, ദക്ഷിണേന്ത്യയിലെയും പ്രഥമ കലാലയമായ സി.എം.എസ്.കോളേജ് സ്ഥാപിക്കപ്പെട്ടത് കോട്ടയം നഗരത്തിലാണ്. മലയാളമനോരമ, ദീപിക, മംഗളം മുതലായ പ്രധാന പത്രങ്ങൾ ആരംഭിച്ചതും അവയുടെ ആസ്ഥാനവും കോട്ടയം നഗരത്തിലാണ്.

    പ്രമുഖ പുസ്തക പ്രസാധകരായ ഡി.സി ബുക്‌സിന്റെയും, നാഷണൽ ബൂക്സ്റ്റാൾ മുതലായ മറ്റു പല പുസ്തക പ്രസാധക സംഘങ്ങളുടേയും ആസ്ഥാനവും കോട്ടയമാണ്. കോട്ടയം നഗരസഭ 1924-ൽസ്ഥാപിക്കപ്പെട്ടു. 1989 ൽ, രാജ്യത്ത്  100 % സാക്ഷരത നേടിയ ആദ്യ നഗരമായി കോട്ടയം മാറി. കോട്ടയം മെഡിക്കൽ കോളേജ് നഗരത്തിൽ നിന്നും 10 കി.മി മാറി ഗാന്ധിനഗർ (ആർപ്പൂക്കര) യിൽ ആണു. മഹാത്മാഗാന്ധി സർവ്വകലാശാലാ  ആസ്ഥാനം നഗരത്തിൽ നിന്ന് 12 കി.മി മാറി പ്രിയദർശിനി ഹിൽസിൽ (അതിരമ്പുഴ) സ്ഥിതിചെയ്യുന്നു. ഒട്ടേറെ പ്രമുഖ വ്യക്തികൾക്ക് ജന്മനം നൽകിയ ജില്ലയാണ്  കോട്ടയം.  രാഷ്ട്രപതിയായിരുന്ന കെ. ആ ർ നാരായണൻ, മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ,  സിനിമാ താരം മമ്മൂട്ടി, അരുന്ധതി റോയ്, എന്നിങ്ങനെ അനേകം വ്യക്തികൾ കോട്ടയത്തിന്റെ സ്വകാര്യ അഹങ്കാരമാണ്.


    ആധുനിക കോട്ടയത്തിന്റെ ശില്പി ടി. മാധവറാവു ആയിരുന്നു. തിരുവിതാംകൂറിന്റെ വടക്കൻ ഡിവിഷന്റെ ആസ്ഥാനം  ചേർത്തലയിൽ നിന്ന് 1880-ൽ കോട്ടയത്തേയ്ക്ക് മാറ്റിയതോടെയാണ് കോട്ടയത്തിന്റെ വളർച്ചയ്ക്ക് ആരംഭം.  ആധുനിക കോട്ടയം പടുത്തുയർത്തിയതും ടി. മാധവറാവു ദിവാൻ പേഷ്‌കാരായിരുന്ന കാലത്താണ്. ആധുനിക കോട്ടയത്തിന്റെ ശിൽപ്പിയി അറിയപ്പെടുന്നത് ടി. മാധവറാവുവാണ്.

    മീനച്ചിലാറിന്റെ തീരം സമ്പന്നമായൊരു കാർഷിക സംസ്‌കാരം വളർത്തിയെടുത്തു. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ റബർ കൃഷി നടക്കുന്ന ജില്ലയും കോട്ടയമായിരുന്നു. ഇത്തവണ ഏറെ മാറിയൊരു കാലാവസ്ഥയിലാണ് കോട്ടയം തെരഞ്ഞെടുപ്പിനെ നേരിട്ടത്. കെ എം മാണിയില്ലാത്ത തെരഞ്ഞെടുപ്പ്, ഒപ്പം കെ എം മാണിയുടെ കേരളാ കോൺഗ്രസ് യു ഡി എഫിനൊപ്പമില്ലാത്ത തെരഞ്ഞെടുപ്പുകൂടിയാണിത്.
    യു ഡി എഫിന്റെ ഏറ്റവും കരുത്തനായ നേതാവിന്റെ മരണം യു ഡി എഫിനുണ്ടാക്കിയ ക്ഷീണം ഏറ്റവും കൂടുതൽ പ്രതിഫലിക്കാൻ സാധ്യതയുള്ള ജില്ലയാണ് കോട്ടയം.

    പുതുപ്പള്ളിയിൽ തുടർച്ചയായി 50 വർഷം തികച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ജില്ലയാണ്  കോട്ടയം. കാർഷിക മേഖലയിൽ വളക്കൂറുള്ള മണ്ണിനൊപ്പം കേരള കോൺഗ്രെസ്സുകൾക്ക് ഏറെ വളക്കൂറുള്ള മണ്ണ് കൂടിയായ കോട്ടയത്ത് ഇക്കുറി ഒരുമിച്ചു നിന്നിരുന്ന കേരള കോൺഗ്രസുകൾ വീണ്ടും പിളർന്ന് ഇരു മുന്നണികളിലുമായി പരസ്പരം പോരാടുമ്പോൾ രണ്ടു വിഭാഗങ്ങളുടെയും ഭാവി പ്രവചിക്കുന്ന മത്സരം കൂടിയാകും ഈ തെരെഞ്ഞെടുപ്പ് ഫലം. തെരെഞ്ഞെടുപ്പിനു ഏതാനും മാസങ്ങൾക്ക് മുൻപ് എൽ.ഡി.എഫിൽ മുന്നിണി പ്രവേശനം നടത്തിയ ജോസ് കെ. മാണി വിഭാഗത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലുണ്ടായ അപ്രതീക്ഷിത വിജയത്തിന്റെ അമിതാവേശത്തിലാണ് ഇത്തവണ നിയമസഭാ തെരെഞ്ഞെടുപ്പ് ഗോദയിലെത്തിയത്. എന്നാൽ സ്വന്തം മണ്ഡലത്തിൽ പോലും പരാജയ ഭീതി നേരിടുന്ന ജോസിനൊപ്പം ടീം അംഗങ്ങളും വൻ പരാജയത്തിന്റെ മുനയിലാണ്. ജയരാജൻ ഒഴികെ മറ്റാരും ജയിക്കുമെന്ന് ഉറപ്പില്ലാത്ത ഒരു സഹചര്യത്തിൽ ക്യാപ്റ്റനില്ലാതെ കപ്പൽ ദിശതെറ്റിഎങ്ങനെ മുന്നോട്ടുപോകുമെന്ന്കണ്ടറിയണം.

    ജില്ലയുടെ ആസ്ഥാനമായ കോട്ടയം പട്ടണം അടങ്ങുന്ന മണ്ഡലം, കോട്ടയം എന്നും യു ഡി എഫ് അനുകൂല നിലപാട് സ്വീകരിച്ചിരുന്ന മണ്ഡലം.  കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനാണ് കോട്ടയത്തിന്റെ സിറ്റിംഗ് എം എൽ എ. 2016 ൽ കോൺഗ്രസിലെ റെജി സക്കറിയായെ 33632 വോട്ടുകൾക്കാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പരാജയപ്പെടുത്തിയത്. ഇത്തവണ സി പി എമ്മിലെ കെ അനിൽകുമാറായാരുന്നു  തിരുവഞ്ചൂരിന്റെ എതിരാളി. കേരളാ കോൺഗ്രസ് എം ഇത്തവണ എതിർ പക്ഷത്താണെങ്കിലും തിരുവഞ്ചൂരിന് പരാജയഭീതിയില്ല. കോട്ടയം നൽകുന്ന പിന്തുണ രാഷ്ട്രീയത്തിനും അപ്പുറമാണെന്നാണ് തിരുവഞ്ചൂരിന്റെ പ്രതികരണം. കോട്ടയത്തിന്റെ ഹൃദയമിടിപ്പുകൾ വ്യക്തമായി അറിയാവുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്നതിൽ എതിരാളികൾക്ക് പോലും എതിരഭിപ്രായമില്ല.

    ജനാധിപത്യത്തിൽ അത്യപൂർവ്വമായ ചരിത്രം രചിക്കാൻ ഒരുങ്ങുകയാണ് കോട്ടയം ജില്ലയിലെ പൂതുപ്പള്ളി മണ്ഡലം. അമ്പത് വർഷത്തിലേറെയായി തുടർച്ചയായി ഒരു ജനപ്രതിനിധിയെ തെരെഞ്ഞെടുത്ത മണ്ഡലം എന്നാണ് ആ ചരിത്രം. രചിത്ര പുരുഷനായി മാറുന്നത് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടിയും. പുതുപ്പള്ളിയെന്നാൽ ഉമ്മൻ ചാണ്ടി, തിരിച്ചും അങ്ങിനെയായ ചരിത്രം. ഒരു വേള ഉമ്മൻചാണ്ടിയെ നേമത്ത് മത്സരിപ്പിക്കാൻ ആലോചന നടന്നപ്പോൾ പുതുപ്പള്ളിക്കാർ തടഞ്ഞു. സ്ഥാനാർത്ഥിയെ അംഗീകരിക്കില്ലെന്ന പ്രഖ്യാപനവും, പ്രതിഷേധവും നടക്കുന്ന അതേ കേരളത്തിലാണ് ഉമ്മൻ ചാണ്ടിയെ പുതുപ്പള്ളിയിൽ നിന്നും വിട്ടുതരില്ലെന്ന പ്രഖ്യാപനവുമായി പ്രവർത്തകർ ഉമ്മൻ ചാണ്ടിയുടെ വീട്ടിനുമുന്നിൽ എത്തിയത്.

    കേരളത്തിന്റെ ജനാധിപത്യ ചരിത്രത്തിൽ ഇനിയൊരാൾ ഉണ്ടാവുമോ എന്നറിയാത്ത വിധം ഉമ്മൻ ചാണ്ടിക്ക് ലഭിക്കുന്ന നേട്ടമാണ് പുതുപ്പള്ളി മണ്ഡലം കാണാനിരിക്കുന്നത്. ഉറ്റസുഹൃത്ത് ചെറിയാൻ ഫിലിപ്പ്, സിന്ദു ജോയ്, തുടങ്ങി നിരവധി പേര് ഉമ്മൻ ചാണ്ടിയോട് ഏറ്റുമുട്ടാനായി പുതുപ്പള്ളിയിൽ എത്തിയിരുന്നു. അപ്പോഴെല്ലാം ഭൂരിപക്ഷം വർധിച്ചുകൊണ്ടേയിരുന്നു. 

     

    ഇത്തവണ യുവ നേതാവ് ജെയ്ക് സി തോമസിനെയാണ് സി പി എം ഉമ്മൻ ചാണ്ടിക്കെതിരെ പോരാടാൻ നിയോഗിച്ചത്. 2016 ല് ഉമ്മൻ ചാണ്ടി നേടിയത് 27092 വോട്ടുകളായിരുന്നു. ജെയ്ക്ക സി തോമസ് തന്നെയായിരുന്നു കഴിഞ്ഞതവണയും എതിരാളി. കേരളാ കോൺഗ്രസ് എമ്മിന്റെ ശക്തി കേന്ദ്രമായ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം കുറയ്ക്കുകയാണ് എൽ ഡി എഫിന്റെ പ്രധാന ലക്ഷ്യം. ലക്ഷ്യം കൈവരിക്കാനാവുമോ മാ എന്ന് വോട്ടെണ്ണും വരെ കാത്തിരിക്കാം.

    കേരളാ കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളിൽ പ്രധാന മണ്ഡലമാണ് ചങ്ങനാശ്ശേരി. കേരളാ കോൺഗ്രസ് നേതാവായിരുന്ന സി എഫ് തോമസ് തുടർച്ചയായി വിജയിച്ച മണ്ഡലമാണ് ചങ്ങനാശ്ശേരി. കത്തോലിക്കരുടെ ശക്തി ദുർഗം. സിറ്റിംഗ് എം എൽ എ സി എഫ് അന്തരിച്ചത് ആറുമാസം മുൻപായിരുന്നു. കേരളാ കോൺഗ്രസിൽ പിളർപ്പുണ്ടായപ്പോൾ സി എഫ് തോമസ് പി ജെ ജോസഫിനൊപ്പം ചേർന്നു.

    കേരളാ കോൺഗ്രസുകളുടെ ശക്തമായ പോരാട്ടമാണ് ചങ്ങനാശ്ശേരിയിൽ അരങ്ങേറിയത്. അണികളിൽ ആരൊക്കെ കൂടെ നിൽക്കുന്നു എന്ന് ഇരു കേരളാ കോൺഗ്രസിനും നിശ്ചയമില്ല. എന്നാൽ കോൺഗ്രസ് വോട്ടുകളുടെ പിൻബലത്തിൽ ജോസഫ് ഗ്രൂപ്പിന് ജയിച്ചുകയറാൻ കഴിയുമെന്ന ആത്മ വിശ്വാസത്തിലാണ് യു ഡി എഫ് സ്ഥാനാർത്ഥി. കേരളാ കോൺഗ്രസ് ജെ യിലെ വി ജെ ലാലിയാണ് യു ഡി എഫ് സ്ഥാനാർത്ഥി. ജോബ് മൈക്കിൾ കേരളാ കോൺഗ്രസ് എമ്മിന്റെ ടിക്കറ്റിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായും മത്സരിച്ചു.

     

    പഴയകാല കോൺഗ്രസ് നേതാവ് ജി രാമൻ നായർ ബി ജെ പി സ്ഥാനാർത്ഥിയായി ചങ്ങനാശ്ശേരിയിൽ മത്സര രംഗത്തുണ്ടായിരുന്നു. ഇത് തിരിച്ചടിയാവില്ലെങ്കിലും എൽ ഡി എഫ് -യു ഡി എഫ് വോട്ടുകൾ തമ്മിലുള്ള അന്തരം വളരെ കുറവാണെന്നതും ചങ്ങനാശ്ശേരിയിൽ ഇരു മുന്നണികളും ആശങ്കയിലാണ്. ഡോ കെ സി ജോസഫിനെ 1849 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു സി എഫ്  പരാജയപ്പെടുത്തിയത്. കേരളാ കോൺഗ്രസ് എം ഏറെ പ്രതീക്ഷ വെച്ചിരിക്കുന്ന മണ്ഡലമാണ് ചങ്ങനാശ്ശേരി. എന്നാൽ യു ഡി എഫ് വിജയിക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.

    കേരളാ കോൺഗ്രസിന്റെ മറ്റൊരു ശക്തികേന്ദ്രമാണ് കാഞ്ഞിരപ്പള്ളി. സി പി ഐ തുടർച്ചയായി മത്സരിച്ചിരുന്ന മണ്ഡലം. പ്രൊഫ. ജയരാജ് യു ഡി എഫിനായി കാഞ്ഞിരപ്പള്ളി നിലനിർത്തി. സിറ്റിംഗ് എം എൽ എ  ഇത്തവണ കേരളാ കോൺഗ്രസ് എം ഇടതുപക്ഷത്തെത്തിയപ്പോൾ കാഞ്ഞിരപ്പള്ളിയുടെ തെരഞ്ഞെടുപ്പ് ചിത്രം മാറ്റിയെഴുതി.  മുന്നണിയിലെ സീറ്റ് വിഭനവേളയിൽ  സി പി ഐക്ക്  കാഞ്ഞിരപ്പള്ളി സീറ്റ് വിട്ടുകൊടുക്കേണ്ടിവന്നു. സിറ്റിംഗ് എം എൽ എ പ്രൊഫ. എൻ ജയരാജ് കേരളാ കോൺഗ്രസ് എം ടിക്കറ്റിൽ കാഞ്ഞിരപ്പള്ളിയിൽ ഇടത് സ്ഥാനാർത്ഥിയായി. മൂവാറ്റുപുഴയിൽ നിന്നും കഴിഞ്ഞതവണ തോറ്റ കോൺഗ്രസ് നേതാവ് ജോസഫ് വാഴക്കനാണ് ജയരാജിന്റെ എതിരാളി. മുൻ എം എൽ എയും മുൻ കേന്ദ്രസഹമന്ത്രിയുമായ അൽഫോൻസ് കണ്ണന്താനമാണ് ബി ജെ പി സ്ഥാനാർത്ഥി.

    2016 ൽ 3890 സി പി ഐയിലെ വി ബി ബിനുവായിരുന്നു  ജയരാജിന്റെ എതിരാളി. കേരളാ കോൺഗ്രസ് എമ്മിന് വലിയ വിജയപ്രതീക്ഷകളുള്ള മണ്ഡലമാണ് കാഞ്ഞിരപ്പള്ളി. എൻ ജയരാജ് കാഞ്ഞിപ്പള്ളിയിൽ വിജയിക്കുമെന്നുതന്നെയാണ് മണ്ഡലത്തിൽ നിന്നും ലഭിക്കുന്ന സൂചനകൾ.

    കേരളം ഏറെ ശ്രദ്ധയോടെ കാതാർത്തിരിക്കുന്ന ഫലപ്രഖ്യാപനമാണ് പൂഞ്ഞാറിലേത്. ഇരുമുന്നണികളോടും അകലം പാലിച്ച കഴിഞ്ഞ തവണ വൻഭൂരിപക്ഷത്തിൽ വിജയിച്ചു കയറിയ പി സി ജോർജിന് ഇത്തവണ എന്ത് സംഭവിക്കുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്. യു ഡി എഫിൽ ചേക്കേറാനായിരുന്നു പി സി ജോർജിന്റെ നീക്കം. എന്നാൽ അത് നടന്നില്ല. എല്ലാ നേതാക്കളെയും അധിക്ഷേപിച്ചും, വെല്ലുവെളിച്ചുമാണ് ഇത്തവണയും പി സി ജോർജ് വോട്ടുതേടിയത്. 

     

    എന്നാൽ പൂഞ്ഞാറിൽ കഴിഞ്ഞ തവണയുണ്ടായ രാഷ്ട്രീയ സാഹചര്യമല്ല. ഇരുമുന്നണികളും പി സി യെ പൂട്ടാൻ ശക്തരായ സ്ഥാനാർത്ഥികളെയാണ് അവതരിപ്പിച്ചത്. കോൺഗ്രസ് ടോമി കല്ലാനിയെയും, എൽ ഡി എഫ് കേരളാ കോൺഗ്രസിലെ സെബാസ്റ്റിയൻ കുളത്തുങ്കലിനെയും രംഗത്തിറക്കിയതോടെ മണ്ഡലത്തിൽ ശക്തമായ മത്സരമാണ് അരങ്ങേറിയത്. എൻ ഡി എ സ്ഥാനാർത്ഥിയായി ബി ഡി ജെ എസിലെ എം ആർ ഉല്ലാസിനെയാണ് മത്സര രംഗത്തിറക്കിയത്. ഇതോടെ പൂഞ്ഞാറിലെ  മത്സരം കടുത്തു. 

     

    പി സി ജോർജിന്റെ മുസ്ലിംവിരുദ്ധ പരാമർശവും തിരിച്ചടിയാവുമെന്നാണ്  ലഭിക്കുന്ന സൂചനകൾ. പൂഞ്ഞാറിൽ ടോമി കല്ലാനിയാണ് മുന്നിട്ടു നിൽക്കുന്നത്. യു ഡി എഫിൽ അടിയൊഴുക്കുകളൊന്നുമുണ്ടായില്ലെങ്കിൽ ടോമി കല്ലാനി അട്ടിമറി വിജയം നേടും. 2016 ൽ പൂഞ്ഞാറിൽ പി സി ജോർജ്, കേരളാ കോൺഗ്രസിലെ ജോർജുകുട്ടി ആഗസ്തിയെ 27821 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.

    ലതികാ സുഭാഷിന്റെ തലമുണ്ഡനത്തോടെ ശ്രദ്ധേയമായ മണ്ഡലമാണ് ഏറ്റുമാനൂർ. സി പി എമ്മിലെ സുരേഷ് കുറുപ്പ് രണ്ട് തവണ വിജയിച്ച മണ്ഡലം. സുരേഷ് കുറുപ്പ് തോമസ് ചാഴിക്കാടനെ 8899 എന്ന ഫാൻസി നമ്പരിൽ പരാജയപ്പെടുത്തിയ ഏറ്റുമാനൂരിൽ ഇത്തവണ എൽ ഡി എഫിനായി പോരാട്ടത്തിനിറങ്ങിയത് സി പി എം പ്രമുഖ നേതാവായ വി എൻ വാസവനാണ്. കേരളാ കോൺഗ്രസ് എമ്മിനെ ഇടതുപക്ഷത്തേക്ക് എത്തിക്കുന്നതിൽ മുഖ്യപങ്കാളിത്തം വഹിച്ച നേതാവാണ് വി എൻ വാസവൻ.


    യു ഡി എഫ് കേരളാ കോൺഗ്രസ് ജോസഫിന് നൽകിയ സീറ്റാണ് ഏറ്റുമാനൂർ. ഏറ്റുമാനൂർ സീറ്റിനായി മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയായിരുന്ന ലതികാ സുഭാഷ് നടത്തിയ പോരാട്ടവും, തലമുണ്ഡന നാടകവും അരങ്ങേറിയതോടെ യു ഡി എഫിന്റെ നില പരുങ്ങലിലായി. വിമത സ്ഥാനാർത്ഥിയായി ലതികാ സുഭാഷ് ഏറ്റുമാനൂരിൽ മത്സരിക്കാനെത്തി. 

     

    എന്നാൽ തെരഞ്ഞെടുപ്പ് പ്രചരണം  അവസാനഘട്ടത്തിലേക്ക് പ്രവേശിച്ചതോടെ യു ഡി എഫ് പ്രതിസന്ധികളെ മറികടന്ന് മുന്നിലെത്തി. ഇതോടെ ഏറ്റുമാനൂരിൽ വലിയ തിരിച്ചടിയുണ്ടാവില്ലെന്ന പ്രതീക്ഷയിലാണ് യു ഡി എഫ് സ്ഥാനാർത്ഥി പ്രിൻസ് ലൂക്കോസ്.  ബി ഡി ജെ എസിന്റെ വോട്ടും ഏറ്റുമാനൂരിൽ നിർണായകമാണ്,  ഭരത് കൈപ്രത്താണ് ബി ഡി ജെ എസ് സ്ഥാനാർത്ഥി. സുരേഷ് കുറുപ്പിന് ലഭിച്ച സ്വീകാര്യത വി എൻ വാസവന് ലഭിക്കില്ലെന്നാണ് മണ്ഡലത്തിൽ നിന്നും ലഭിക്കുന്നത്. അടിയൊഴുക്കുകൾ ഉണ്ടായാൽ വി എൻ വാസവൻ അടിപതറും.

    കേരളാ കോൺഗ്രസ് ജെ നേതാവും സിറ്റിംഗ് എം എൽ എയുമായ മോൻസ് ജോസഫാണ് കടുത്തുരുത്തിയിലെ യു ഡി എഫ് സ്ഥാനാർത്ഥി. കേരളാ കോൺഗ്രസുകളുടെ ലയനത്തിനു മുൻപും ശേഷവും മോൻസ് ജോസഫ് ജയിച്ച മണ്ഡലമാണ് കടുത്തുത്തുരുത്തി. കേരളാ കോൺഗ്രസ് പിളർന്നതോടെ കേരളാ കോൺഗ്രസുകളുടെ ശക്തമായ മത്സരം അരങ്ങേറുന്ന മണ്ഡലമാണിത്. പഴയ സഹപ്രവർത്തകൻ സ്റ്റീഫൻ ജോർജിനെയാണ് കേരളാ കോൺഗ്രസ് എം മോൻസ് ജോസഫിനെ നേരിടാനായി നിയോഗിച്ചിരുന്നത്.

    എൽ ഡി എഫിലെ കേരളാ കോൺഗ്രസ് സ്‌കറിയാ തോമസ് വിഭാഗത്തിനായിരുന്നു കഴിഞ്ഞതവണ കടുത്തുരുത്തി. 42256 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മോൻസ് സ്‌കറിയാ തോമസിനെ പരാജയപ്പെടുത്തിയത്. പഴയ രാഷ്ട്രീയ ചരിത്രമല്ല കടുത്തുരുത്തിയിൽ, കടുത്ത പോരാട്ടം, എന്നാൽ മോൻസിന്റെ മണ്ഡലത്തിലെ ജനകീയതയെ തകർക്കാൻ എതിരാളിക്ക് കഴിയില്ലെന്നാണ് മണ്ഡലത്തിൽ നിന്നും ലഭിക്കുന്ന സൂചനകൾ. ഭൂരിപക്ഷത്തിൽ തിരിച്ചടിയുണ്ടായാലും, വിജയം മോൻസിനുതന്നെയാവുമെന്നാണ് ലഭിച്ച സൂചനകൾ.

    സ്ത്രീകളുടെ പോരാട്ടം കൊണ്ട് ശ്രദ്ധേയമായ മണ്ഡലമാണ് വൈക്കം. കോട്ടയം ജില്ലയിൽ സി പി ഐയുടെ ശക്തി കേന്ദ്രമായാണ് വൈക്കം മണ്ഡലം  അറിയപ്പെടുന്നത്.  സി കെ ആഷയാണ് സിറ്റിംഗ് എം എൽ എ. 2016 ൽ 24584 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസിലെ സനീഷ് കുമാറിനെ സി കെ ആശ പരാജയപ്പെടുത്തിയത്. ഇത്തവണ ആശയോട് ഏറ്റുമുട്ടാൻ കോൺഗ്രസ് രംഗത്തിറക്കിയത് കോട്ടയം നഗരസഭാ അധ്യക്ഷയായിരുന്ന പി ആർ സോനയെയാണ്. ബി ഡി ജെ സ് അജിത സാബുവിനെയും രംഗത്തിറക്കിയതോടെയാണ് സ്ത്രീ സ്ഥാനാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടുന്ന മണ്ഡലമായി വൈക്കം മാറിയത്.  സി കെ ആശ വൈക്കത്ത് വിജയം ആവർത്തിക്കുമെന്നാണ് ലഭിക്കുന്ന സൂചന.

    കേരളം ഏറ ആകാംഷയോടെ കാത്തിരിക്കുന്ന ഫലമായിരിക്കും പാലായിലേത്. കേരളാ കോൺഗ്രസ് എം  നേതാവ് ജോസ് കെ മാണിയും പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പനും തമ്മിലുള്ള ശക്തമായ പോരാട്ടം നടന്ന മണ്ഡലമാണ് പാലാ. മാണി സി കാപ്പൻ എൽ ഡി എഫ് ടിക്കറ്റിലാണ് പാലായിൽ വിജയം നേടിയത്. കേരളാ കോൺഗ്രസ് എം നേതാവ് കെ എം മാണി അമ്പത് വർഷം തുടർച്ചയായി ജനപ്രതിനിധിയായിരുന്ന പാലായിൽ അദ്ദേഹത്തിന്റെ മരണത്തിനു ശേഷം നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ഇടത് സ്ഥാനാർത്ഥിയായ എൻ സി പി നേതാവ് മാണി സി കാപ്പൻ വിജയിച്ചത്.


    കേരളാ കോൺഗ്രസിലെ പടല പിണക്കവും ചിഹ്ന തർക്കവും കാപ്പന്റെ വിജയത്തിന് കരുത്തായി. എന്നാൽ ജോസ് കെ മാണിയുടെ പാർട്ടി യു ഡി എഫ് വിട്ട് ഇടതുപക്ഷത്തെത്തിയതോടെ പാലാ സീറ്റിൽ തർക്കം ഉടലെടുത്തു. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് ജില്ലയിൽ മേൽകൈ ഉണ്ടായതോടെ മാണി സി കാപ്പൻ പാലാ സീറ്റിൽ പിടിമുറുക്കി. എൻ സി പി ഇടത് മുന്നണി വിടുന്ന സാഹചര്യത്തിൽ വരെ തർക്കം എത്തിയെങ്കിലും, ദേശീയ നേതൃത്വം ഇടത് മുന്നണിക്കൊപ്പം നിന്നു. ഇതോടെ മാണി സി കാപ്പൻ പുതിയ പാർട്ടിയുണ്ടാക്കി , യു ഡി എഫിൽ ചേർന്നു. പാലായിൽ മാണി സി കാപ്പൻ യു ഡി എഫ് സ്ഥാനാർത്ഥിയും, കെ എം മാണിയുടെ മകൻ എൽ ഡി എഫ് സ്ഥാനാർത്ഥിയുമായി.

    മാണി സി കാപ്പന് അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥയാണ് കോട്ടയത്തുള്ളത്. എന്നാൽ പാലായിൽ തിരിച്ചടിയുണ്ടാവില്ലെന്നാണ് ജോസ് കെ മാണിയുടെ പ്രതീക്ഷ. പ്രാദേശിക സി പി എം, സി പി ഐ പ്രവർത്തകരും നേതാക്കളും ജോസ് കെ മാണിയുടെ മുന്നണി പ്രവേശത്തെ അത്ര പോസിറ്റീവായല്ല ഉൾക്കൊണ്ടിരുന്നത്. പഴയകാല കേരളാ കോൺഗ്രസ് അനുയായികളും മുന്നണി മാറ്റത്തിന് അനുകൂലമല്ല. മാണി സി കാപ്പന് പാലായിലുള്ള ജനപ്രീതിയും ജോസ് കെ മാണിക്ക് തിരിച്ചടിയാവുമെന്നാണ് പാലായിൽ നിന്നും ലഭിക്കുന്ന വിവരം. തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുൻപ് പാലാ നഗരസഭയിൽ സി പി എം കൗൺസിലറും, കേരളാ കോൺഗ്രസ് കൗൺസിലറും തമ്മിലുണ്ടായ തല്ലും സംഘർഷവും പാലായിൽ ജോസ് കെ മാണിക്ക് തിരിച്ചടിയുണ്ടാക്കുമെന്നാണ് പ്രാദേശിക തലത്തിൽ ലഭിക്കുന്നത്.


    ജോസ് കെ മാണിക്ക് തിരിച്ചടിയുണ്ടായാൽ അത്, കേരളാ കോൺഗ്രസ് എമ്മിന്റെ രാഷ്ട്രീയ ഭാവിയെതന്നെ ബാധിക്കും. ഭരണ തുടർച്ചയ്ക്കായി എൽ ഡി എഫ് ഉണ്ടാക്കിയ കേരളാ കോൺഗ്രസ് ബന്ധം സി പി എമ്മിലും പിന്നീട് ചർച്ചയാവാനും വിമർശനങ്ങൾക്കും വഴിയൊരുക്കും.
    ഫലം എന്തായാലും മധ്യകേരളത്തിൽ ലഭിക്കുന്ന സീറ്റുകൾ ഇരു മുന്നണിക്കും നിർണായകമാണ്.

     

LEAVE A REPLY

Please enter your comment!
Please enter your name here