തിരുവനന്തപുരം: 18 വയസിന് മുകളിലുള്ളവർക്ക് കൊവിഡ് വാക്‌സിൻ നൽകുന്നതിനുള്ള രജിസ്‌ട്രേഷൻ ഇന്നലെ ആരംഭിച്ചെങ്കിലും പോർട്ടൽ തകരാറുമൂലം രജിസ്ട്രേഷൻ നടന്നില്ല.ഒരു ജില്ലയിലും രജിസ്റ്റർ ചെയ്യാനാവാത്ത സ്ഥിതിയായിരുന്നു. അതേസമയം മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്യുന്നതിന് തടസമുണ്ടായില്ല. പോർട്ടലിലെ തകരാർ പരിഹരിച്ചുവെന്ന് ആരോഗ്യ വകുപ്പ് അവകാശപ്പെടുന്നുണ്ടെങ്കിലും

ചുരുക്കം ചിലർ മാത്രമാണ് രജിസ്റ്റർ‌ ചെയ്തത്. പലർക്കും ഒ.ടി.പി ലഭിച്ചില്ല. ആരോഗ്യസേതു ആപ്പ്, www.cowin.gov.in, www.umang.gov.in എന്നീ പോർട്ടലുകൾ വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്.

മേയ് ഒന്നിന് ആരംഭിക്കുന്ന വാക്‌സിനേഷന്റെ മൂന്നാം ഘട്ടത്തിലാണ് ഇവർക്ക് വാക്സിൻ നൽകുക. 18 മുതൽ 44 വയസ് വരെയുള്ളവരിലെ വാക്‌സിനേഷൻ വൈകാനാണ് സാദ്ധ്യത.കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുള്ള വാക്‌സിൻ 18 മുതൽ 44 വയസ് വരെയുള്ളവർക്ക് നൽകരുതെന്നാണ് നിർദ്ദേശം. കമ്പനികൾ നൽകുന്ന 50 ശതമാനം വാക്‌സിൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നൽകുന്നുണ്ട്. ഈ വാക്‌സിൻ മുൻഗണനാവിഭാഗങ്ങൾക്ക് മാത്രമേ നൽകാവൂയെന്നും കേന്ദ്ര നിർദ്ദേശമുണ്ട്.

ബാക്കിയുള്ള 50 ശതമാനം വാക്‌സിനാണ് കമ്പനികൾ സംസ്ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും നൽകുന്നത്. ഇത് ഉപയോഗിച്ച് വേണം 18 മുതൽ 44 വരെ പ്രായമുള്ളവർക്ക് വാക്‌സിൻ നൽകാൻ. നിലവിലെ സാഹചര്യത്തിൽ മേയ് 15 കഴിയാതെ സംസ്ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും വാക്‌സിൻ നൽകാനാവില്ലെന്നാണ് കമ്പനികളുടെ നിലപാട്. ഈ സാഹചര്യത്തിൽ മേയ് 15 കഴിയാതെ 18 മുതൽ 44 വയസ് വരെയുള്ളവർക്ക് വാക്‌സിൻ ലഭിക്കില്ലെന്നാണ് അറിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here