ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കോവിഡ് -19 പാന്‍ഡെമിക്കിന്റെ ‘സൂപ്പര്‍ സ്‌പ്രെഡര്‍’ എന്ന് വിശേഷിപ്പിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഡോ. നവജോത് ദാഹിയ. വിനാശകരമായ ഈ കോവിഡ് രണ്ടാം തരംഗത്തിന്റെ ഉത്തരവാദിത്വം മോദിയുടെ സര്‍ക്കാരിന് മാത്രമാണെന്ന് അദ്ദേഹം ട്രിബ്യൂണ്‍ ദിനപത്രത്തോട് പറഞ്ഞു.

കോവിഡ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താന്‍ മെഡിക്കല്‍ സംഘം കഠിനമായി പരിശ്രമിക്കുമ്പോള്‍ എല്ലാ കോവിഡ് മാനദണ്ഡങ്ങളും വായുവില്‍ വലിച്ചെറിയുന്ന വലിയ രാഷ്ട്രീയ റാലികളെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി മോദി മടിച്ചില്ലെന്ന് നവജോത് ദാഹിയ വിമര്‍ശിച്ചു. പശ്ചിമ ബംഗാളിലും ഇന്ത്യയുടെ മറ്റ് വോട്ടെടുപ്പ് പ്രദേശങ്ങളിലും മോദിയും അമിത്ഷായും ചേര്‍ന്ന് നടത്തിയ വന്‍ തിരഞ്ഞെടുപ്പ് റാലികളുടെ പശ്ചാത്തലത്തിലാണ് ദാഹിയയുടെ ശക്തമായ പ്രസ്താവന. രാ്ട്രീയ റാലികളിലേക്ക് മോദി ജനങ്ങളെ ആകര്‍ഷിക്കുക മാത്രമല്ല, അവയെല്ലാം തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ വലിയ വിജയങ്ങളായി അദ്ദേഹം ആഘോഷിക്കുകയും ചെയ്തു.

ഹരിദ്വാറിലെ ഗംഗാ നദീതീരത്ത് 3 ലക്ഷം വരെ ആളുകള്‍ തടിച്ചുകൂടിയ ഹിന്ദു സമ്മേളനമായ കുംഭമേള അതിനൊര ഉദാഹരണമായിരുന്നു. പ്രതിദിനം പതിനായിരമെന്ന കോവിഡ് കണക്കുകളെ മറികടന്ന് ഒരു മാസത്തിനുള്ളില്‍ 350,000 ലധികം ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച അവസ്ഥയിലേക്കാണ് അതെത്തിച്ചത്. അപ്രതീക്ഷിതമായ ഈ വര്‍ധനവ് ഇന്ത്യയുടെ ദുര്‍ബലമായ ആരോഗ്യസംരക്ഷണ സംവിധാനത്തെ തകര്‍ക്കുകയാണ് ചെയ്തത്. ആശുപത്രികളില്‍ ഓക്‌സിജന്‍ കിട്ടാനില്ലാതായി. നിസ്സഹായരായ സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും തങ്ങളുടെ രോഗികളെ സഹായിക്കാന്‍ കോടതിയില്‍ പോയി അപ്പീല്‍ നല്‍കേണ്ടി വരുന്ന അവസ്ഥയിലെത്തി.

ഓക്‌സിജന്റെ ദൗര്‍ലഭ്യം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും നിരവധി രോഗികളുടെ മരണത്തിന് കാരണമായി. ഓക്‌സിജന്‍ സ്ഥാപിക്കുന്നതിനുള്ള നിരവധി പദ്ധതികള്‍ ഇപ്പോഴും കേന്ദ്രസര്‍ക്കാരിന്റെ അനുമതി കാത്ത് കിടക്കുമ്പോഴും അതിനൊന്നും മോദി സര്‍ക്കാര്‍ യാതൊരു പരിഗണനയും നല്‍കിയില്ല. അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളില്‍ ഇന്ത്യയുടെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുന്നതിലാണ് ഗവണ്‍മെന്റിന്റെ വിദേശ ദൗത്യങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മോദിയുടെ മോശം പെരുമാറ്റത്തെക്കുറിച്ച് ഓസ്‌ട്രേലിയന്‍ ദിനപത്രത്തില്‍ വന്ന റിപ്പോര്‍ട്ടിന് ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ പ്രതികരണം ഇത് പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന ”അടിസ്ഥാനരഹിത” റിപ്പോര്‍ട്ട് എന്നായിരുന്നു.

മോശം ആസൂത്രണത്തിന്റെ ഒരു വര്‍ഷമാണ് കഴിഞ്ഞുപോയതെന്ന് ഹാഹിയ വിമര്‍ശിച്ചു. ദാഹിയയുടെ വിലയിരുത്തലില്‍, 2020 മാര്‍ച്ചിനു ശേഷം കൊറോണ വൈറസ് പാന്‍ഡെമിക് കൈകാര്യം ചെയ്യുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടു. മോദിയുടെ തെറ്റായ മുന്‍വിധികളുടെ തെളിവായി, കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കന്നി ഔദ്യോഗിക ഇന്ത്യ സന്ദര്‍ശനം ദാഹിയ ചൂണ്ടിക്കാട്ടി. ആദ്യത്തെ കോവിഡ് -19 കേസ് 2020 ജനുവരിയിലാണ് ഇന്ത്യയില്‍ കണ്ടെത്തിയത്, അക്കാലത്ത് ആരോഗ്യസംരക്ഷണ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനു പകരം, ട്രംപിന്റെ പ്രീതി പിടിച്ചു പറ്റുന്നതിന് ഗുജറാത്തിലെ കോളനികള്‍ മറച്ച് മതിലുയര്‍ത്താനാണ് മോദി തിരക്ക് കൂട്ടിയത്. മരണം ഇന്ത്യയില്‍ പിടിമുറുക്കുകയും ശ്മശാനങ്ങള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് ഈ ആസൂത്രണത്തിന്റെ അഭാവമാണ് വ്യക്തമാക്കുന്നതെന്നും ദാഹിയ വിമര്‍ശിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here