സ്വന്തം ലേഖകൻ

പാലായിൽ പാർട്ടി ചെയർമാൻ തകർന്നടിഞ്ഞതോടെ ഇടുക്കിയിൽ നിന്നും വിജയിച്ച റോഷി അഗസ്റ്റിനോ കാഞ്ഞിരപ്പള്ളിയിൽ നിന്നും എൻ ജയരാജിനോ മന്ത്രിസ്ഥാനം ലഭിക്കും.
പാലായിൽ പാർട്ടി ചെയർമാൻ അടിപതറിയോടെയാണ് കെ എം മാണിയുടെ മാനസ പുത്രനും ജോസ് കെ മാണിയുടെ വിശ്വസ്തനുമായി അറിയപ്പെടുന്ന റോഷിയുടെ ശുക്രദശ തെളിയുന്നത്. എം എം മണി മന്ത്രിയായി തുടരാൻ പിണറായി വിജയൻ തീരുമാനിച്ചാൽ ഹൈറേഞ്ചിലേക്ക് രണ്ട് സ്റ്റേറ്റ് സർക്കാറിന്റെ കാറുകൾ എത്തും.
ജോസ് കെ മാണിക്കേറ്റ തിരിച്ചടി ഇടതുമുന്നണിയെയും കേരളാ കോൺഗ്രസിനെയും ഒരുപോലെ ഞെട്ടിച്ചിരിക്കയാണ്.
പാലായിലെ സി പി എമ്മിൽ ഉണ്ടായിരുന്ന അനിഷ്ടമാണ് ജോസ് കെ മാണിയുടെ പരാജയത്തിന് പ്രധാനകാരണം. സി പി എമ്മിന് ശക്തിയുണ്ടായിരുന്നിടങ്ങളിൽ പോലും മാണി സി കാപ്പന് അനുകൂല വിധിയെഴുത്താണ് ഉണ്ടായത്. ഇത്  സിപി എമ്മിലെ പല നേതാക്കളുടെയും തലയുരുളാൻ കാരണമാവും. തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുൻപ് പാലാ നഗരസഭയിലെ സി പി എം കേരളാ കോൺഗ്രസ് സംഘർഷവും തിരിച്ചടിക്ക് ആക്കംകൂട്ടിയിരുന്നു.

പാലാ കൈവിട്ടതോടെയാണ് കേരളാ കോൺഗ്രസിൽ വിഭാഗീയത ശക്തമായത്. പി ജെ ജോസഫ് വിഭാഗം പാലം വലിച്ചതും, പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ കഴിയാത്തതുമാണ് പാലായിലെ തോൽവിക്ക് കാരണമെന്നായിരുന്നു ജോസ് കെ മാണിയുടെ ആരോപണം. ഇതോടെയാണ് ജോസ് കെ മാണി ഇടതുപക്ഷത്തേക്ക് നീങ്ങാൻ കാരണം. യു ഡി എഫിൽ തുടർന്നാൽ പാലായിൽ വിജയിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് ജോസ് കെ മാണി കളംമാറ്റിച്ചവിട്ടിയത്.
ഇടതുമുന്നണിയിൽ മുഖ്യവകുപ്പിന്റെ ചുമതലയുള്ള മന്ത്രിയെന്ന ജോസ് കെ മാണിയുടെ സ്വപ്‌നത്തിനാണ് വൻ തിരിച്ചടിയുണ്ടായിരിക്കുന്നത്.
ഇതാദ്യമായാണ് ജോസ് കെ മാണി നിയമസഭയിലേക്ക് മത്സരിച്ചത്. രാജ്യസഭാംഗമായിരുന്ന ജോസ് കെ മാണി അത് രാജിവച്ചാണ് എൽ ഡി എഫിന്റെ സ്ഥാനാർത്ഥിയായി പാലായിൽ മത്സരിക്കാനെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here