തിരുവല്ല: നിർമ്മലമായ പൗരോഹിത്യ ജീവിതത്തിലൂടെ,​ ചിരിയും ചിന്തയും കലർന്ന പ്രഭാഷണങ്ങളിലൂടെ ജാതിമതഭേദമില്ലാതെ എല്ലാവരുടെയും മനസിൽ വലിയ ഇടയനായ മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന് (103) അന്ത്യാഞ്ജലി.ഒരാഴ്ച മുമ്പ് 104ാം ജന്മദിനം ആഘോഷിച്ച ക്രിസോസ്റ്റം തിരുമേനി ഇന്നലെ പുലർച്ചെ 1.15നാണ് കാലം ചെയ്തത്. സമൂഹത്തിലാകെ കരുണയുടെയും സ്നേഹത്തിന്റെയും പ്രകാശം പരത്തിയ,​ ഒരു നൂറ്റാണ്ടിലേറെ നീണ്ട ധന്യ ജീവിതത്തിനാണ് അന്ത്യമായത്. കബറടക്കം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മാർത്തോമ്മ സഭ ആസ്ഥാനമായ തിരുവല്ല എസ്.സി.എസ് കുന്നിൽ ബിഷപ്പുമാർക്കുള്ള പ്രത്യേക കബറിടത്തിൽ നടക്കും.ഭൗതികശരീരം അലക്സാണ്ടർ മാർത്തോമ്മ മെത്രാപ്പൊലീത്ത സ്മാരക ഹാളിൽ പൊതുദർശനത്തിന് വച്ചിരിക്കുകയാണ്.

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ അനുശോചിച്ചു. ആദരാഞ്ജലി അർപ്പിക്കാൻ മുഖ്യമന്ത്രി ഇന്ന് രാവിലെ എത്തും.ഇന്ത്യയിലെ ക്രൈസ്തവ സഭകളുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം മേൽപ്പട്ട സ്ഥാനം വഹിച്ച ബിഷപ്പാണ് ക്രിസോസ്റ്റം തിരുമേനി. 2018ൽ രാഷ്ട്രം പദ്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.ഏറെ നാളായി കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ പരിചരണത്തിലായിരുന്നു. ഏപ്രിൽ 23ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ക്രിസോസ്റ്റത്തെ തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യം മെച്ചപ്പെട്ടതിനെ തുടർന്ന് ചൊവ്വാഴ്‌ച ഡിസ്ചാർജ് ചെയ്ത് ഫെലോഷിപ്പ് ആശുപത്രിയിൽ തിരികെയെത്തിച്ചു. രാത്രിയോടെ ആരോഗ്യനില വഷളാവുകയായിരുന്നു.ക്രൈസ്‌തവ സഭകളിൽ ഏറ്റവും കൂടുതൽ കാലം (68 വർഷം) ​മെത്രാനായിരുന്നതിന്റെ റെക്കാഡ് ക്രിസോസ്റ്റം തിരുമേനിക്കാണ്. 1978 മേയിൽ സഭയുടെ സഫ്രഗൻ മെത്രാപ്പൊലീത്തയായി. 1999 മാർച്ച് 15ന് ഒഫിഷ്യേറ്റിംഗ് മെത്രാപ്പൊലീത്തയും 1999 ഒക്ടോബർ 23ന് മാർത്തോമ്മാ മെത്രാപ്പൊലീത്തയുമായി. 2007ൽ ആരോഗ്യ കാരണങ്ങളാൽ സ്ഥാനമൊഴിഞ്ഞു. കേരള കൗൺസിൽ ഒഫ് ചർച്ചസ്, നാഷണൽ കൗൺസിൽ ഒഫ് ചർച്ചസ് എന്നിവയുടെ അമരക്കാരനുമായിരുന്നു.വൈദിക പാരമ്പര്യമുള്ള കുമ്പനാട് അടങ്ങപ്പുറത്ത് കലമണ്ണിൽ കുടുംബമാണ് ക്രിസോസ്റ്റത്തിന്റേത്. റവ.കെ.ഇ.ഉമ്മൻ കശീശയുടെയും കാർത്തികപ്പള്ളി നടുക്കേവീട്ടിൽ കുടുംബാംഗമായ ശോശാമ്മയുടെയും മകനായി 1918 ഏപ്രിൽ 27നാണ് ജനനം. ഫിലിപ്പ് ഉമ്മൻ എന്നായിരുന്നു യഥാർത്ഥ പേര്.

LEAVE A REPLY

Please enter your comment!
Please enter your name here