തിരുവനന്തപുരം: ലോക്ക്ഡൗണ്‍ സമയത്തുള്ള യാത്രയ്ക്ക് പൊലീസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്ന് മുതല്‍ നിലവില്‍ വരും. നിലവില്‍ അവശ്യസര്‍വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് യാത്ര ചെയ്യുന്നതിന് അവരുടെ സ്ഥാപനം നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കാം. ഇവര്‍ക്ക് പ്രത്യേകം പൊലീസ് പാസിന്‍റെ ആവശ്യമില്ല.വീട്ടുജോലിക്കാര്‍ക്കും കൂലിപ്പണിക്കാര്‍ക്കും തൊഴിലാളികള്‍ക്കും ഇന്ന് സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കൈയില്‍ കരുതി യാത്ര ചെയ്യാം. അതിനുശേഷം മേല്‍പ്പറഞ്ഞ വിഭാഗത്തില്‍പ്പെട്ടവര്‍ നേരിട്ടോ അവരുടെ തൊഴില്‍ദാതാക്കള്‍ മുഖേനയോ പാസിന് അപേക്ഷിക്കേണ്ടതാണ്. അടിയന്തരമായി പാസ് ആവശ്യമുള്ളവര്‍ക്ക് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെ നേരിട്ട് സമീപിച്ച് പാസിന് അപേക്ഷ നല്‍കാവുന്നതാണ്.

ഇരുവശത്തേയ്ക്കും യാത്ര ചെയ്യുന്നതിനുള്ള പാസ് യാത്ര തുടങ്ങുന്ന സ്ഥലത്തുള്ള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ തന്നെ നല്‍കും.അതേസമയം, പൊലീസ് പാസിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്ന് വൈകുന്നേരത്തോടെ നിലവില്‍ വരും. കേരള പൊലീസിന്‍റെ വെബ്സൈറ്റിലാണ് ഇതിനുള്ള സൗകര്യം ലഭ്യമാകുക. പേര്, സ്ഥലം, യാത്രയുടെ ഉദ്ദേശം എന്നിവ ഓണ്‍ലൈനില്‍ പാസിനായി അപേക്ഷിക്കുമ്പോള്‍ രേഖപ്പെടുത്തണം. ഇത് പരിശോധിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ചാണ് യാത്രാനുമതി നല്‍കുക.അനുമതി ലഭിക്കുന്ന മുറയ്ക്ക് അപേക്ഷകന്‍റെ മൊബൈല്‍ ഫോണിലേക്ക് ഒ ടി പി വരികയും അനുമതി പത്രം ഫോണില്‍ ലഭ്യമാവുകയും ചെയ്യും. ഇതുപയോഗിച്ച് മാത്രമായിരിക്കും യാത്ര ചെയ്യാന്‍ സാധിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here