തിരുവനന്തപുരം: തിരുവനന്തപുരത്ത് ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം. ആർസിസിയിൽ ഇന്ന് നടത്താനിരുന്ന എട്ട് ശസ്ത്രക്രിയകൾ മാറ്റിവച്ചു. ചില സ്വകാര്യ ആശുപത്രികളിലും മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ മാറ്റിവച്ചിട്ടുണ്ട്. ക്ഷാമം ഉടൻ പരിഹരിക്കുമെന്ന് ഡിഎംഒ അറിയിച്ചു

ആർസിസിയിൽ പ്രതിദിനം അറുപത്തിയഞ്ച് മുതൽ എഴുപത് സിലിണ്ടറുകളാണ് ആവശ്യം. കൊവിഡ് വ്യാപനത്തെ തുടർന്ന് ലഭിക്കുന്ന സിലിണ്ടറുകളുടെ എണ്ണം ദിവസത്തിൽ ഇരുപതായി കുറഞ്ഞു. ഇന്ന് ഓക്സിജൻ സിലിണ്ടറുകൾ ആശുപത്രിയിൽ എത്തിയിരുന്നില്ല. തുടർന്നാണ് എട്ട് ശസ്ത്രക്രിയകൾ മാറ്റിവച്ചത്. ചില അടിയന്തര ശസ്ത്രക്രിയകൾ മാത്രമാണ് നടത്തിയത്. ഈ സ്ഥിതി തുടർന്നാൽ പ്രതിസന്ധി രൂക്ഷമാകുമെന്ന് ആർസിസി അധികൃതർ ഡിഎംഒയെ അറിയിച്ചു.

സ്വകാര്യ ആശുപത്രികളും ഓക്സിജൻ ക്ഷാമം നികത്താൻ സമാനമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. എന്നാൽ വിതരണത്തിലുണ്ടായ ചില പ്രശ്നങ്ങൾ മാത്രമാണെന്നും ഉടൻ പരിഹരിക്കുമെന്നും ഡിഎംഒ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ശ്രീചിത്ര മെഡിക്കൽ സെന്ററിലും ഓക്സിജൻ ക്ഷാമത്തെ തുടർന്ന് ചില ശസ്‍ത്രക്രിയകൾ മാറ്റിവച്ചിരുന്നു. ഐഎസ്ആര്‍ഒയുടെ മഹേന്ദ്രഗിരിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുവന്ന ഓക്സിജനില്‍ 40 സിലിണ്ടര്‍ എത്തിച്ചാണ് പ്രശ്നം താൽകാലികമായി പരിഹരിച്ചത് .

 

LEAVE A REPLY

Please enter your comment!
Please enter your name here