രാജേഷ് തില്ലങ്കേരി


കേരളത്തിൽ പ്രകൃതി താണ്ഡവമാടുകയാണ്. ശക്തമായ കാറ്റ്, പേമാരി, ഇടിമിന്നൽ എന്നിവ ശക്തമായതോടെ ദൈവത്തിന്റെ സ്വന്തം നാട്ടിൽ പരീക്ഷണങ്ങളുടെ ദിനങ്ങളാണ്.

സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന പേമാരിയിൽ ജന ജീവിതം ഏറെക്കുറെ ദുസ്സഹകമായി. കോവിഡ് വ്യാപനം മൂലം കേരളം ഏറെ പ്രതിസന്ധിയിൽ അകപ്പെടുകയും, ദുരിതത്തിൽ നിന്നും ദുരിതത്തിന്റെ കയത്തിലേക്ക് ആഴ്ന്നു തുടങ്ങിയ വേളയിലാണ്  അപ്രതീക്ഷിതമായുള്ള പേമാരിയും ദുരിതം വിതച്ചത്.

തീരദേശങ്ങളിൽ വ്യാപകമായ കടലാക്രമണവും, വെള്ളപ്പൊക്കവും കാരണം ദുരിതം വർധിച്ചിരിക്കയാണ്. കോവിഡ് വ്യാപനഭീഷണി നിലനിൽക്കുന്നതിനാൽ തീരദേശവാസികൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാൻ മടിക്കുകയാണ്. കൊച്ചി ചെല്ലാനത്തും, തിരുവനന്തപുരത്തുമാണ് കടലാക്രമണം രൂക്ഷമായിരിക്കുന്നത്.

നൂറുക്കണക്കിന് കുടുംബങ്ങളാണ് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് പ്രതിസന്ധിയിലായത്. കോവിഡ് ബാധിതരടക്കം വെള്ളപ്പൊക്കത്തിൽ അകപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇന്നു രാത്രിമുതൽ ഞായറാഴ്ചവരെ അതിതീവ്രമായ മഴയുണ്ടാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ നൽകുന്ന മുന്നറിയിപ്പുകൾ. വ്യാപകമായി കാറ്റടിച്ചതോടെ ഗ്രാമ പ്രദേശങ്ങളിലും, മലയോരങ്ങളിലും മരം കടപുഴകിയതോടെ വൈദ്യുതി മുടങ്ങിയതും ആശങ്കയുണ്ടാക്കിയിരിക്കയാണ്.

അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെതുടർന്നാണ് കേരളത്തിൽ വ്യാപകമായ മഴയുണ്ടായിരിക്കുന്നത്. നിർത്താതെ ആർത്തുലച്ച് പെയ്യുന്ന മഴ വ്യാപകമായ വെള്ളപ്പൊക്കത്തിനിടയാക്കിയേക്കുമെന്ന ആശങ്കയുമുണ്ട്.
മലങ്കരയടക്കമുള്ള ഡാമുകളുടെ ഷട്ടറുകൾ തുറന്നതോടെ തീരപ്രദേശത്തും ജലനിരപ്പ് ഉയർന്നിരിക്കയാണ്. കുട്ടനാടപോലുള്ള താഴ്ന്ന പ്രദേശങ്ങളിലും ജലനിരപ്പ് ഉയർന്നിരിക്കയാണ്.
തെക്കൻ കേരളത്തിൽ കഴിഞ്ഞ രണ്ടുദിവസമായി തുടരുന്നമഴ സാധാരണ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കയാണ്.
ലോക്ഡൗൺ മൂലം ജനങ്ങൾ പ്രതിസന്ധിയിൽ കഴിയുന്ന സംസ്ഥാനത്ത് പേമാരികൂടിയായതോടെ സ്ഥിതിഗതികൾ ആശങ്കയിലാഴ്ത്തുകയാണ്. മഴ വീണ്ടും കനത്താൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമല്ലാതാവും.  

വെള്ളം കയറുന്ന വീട്ടിൽ നിന്നും ജനം എങ്ങോട്ട് പോവണമെന്നറിയില്ല,  അവർ എന്ത് ചെയ്യണമെന്നറിയില്ല. മഴ ശക്തമായാൽ സാംക്രമിക രോഗങ്ങൾ പെരുകിയാൽ എവിടെയാണ് ചികിൽസ തേടുകയെന്നൊക്കെയുള്ള ആശങ്കയാണ് ജനത്തെ ബാധിച്ചിരിക്കുന്നത്.
ലോക് ഡൗണും ട്രിപ്പിൾ ലോക് ഡൗണും ഒരുഭാഗത്ത്,  പുറത്തിറങ്ങാൻ പറ്റാത്ത കാലാവസ്ഥയുംകൂടിയായതോടെ തൊഴിലാളികളും പ്രതിസന്ധിയിലായിരിക്കയാണ്.


കൊള്ളക്കാർക്ക് താക്കീതായി സർക്കാർ ഉത്തരവ്


മാസ്‌കിന് കഴുത്തറപ്പൻ വിലയാണ് കേരളത്തിൽ. പൾസ് ഓക്‌സി മീറ്ററിന് കൊല്ലുന്ന വില. കോവിഡ് തടയാനായി നാം വാങ്ങുന്ന എല്ലാറ്റിനും കൊള്ളവില. കോടികളാണ് ഈവക സാധനങ്ങൾ വിൽപ്പന നടത്തി ഓരോ കമ്പനികളും, കച്ചവടക്കാരും ഉണ്ടാക്കുന്നത്.
രോഗികളെ കൊള്ളയടിച്ച് പോക്കറ്റ് വീർപ്പിച്ചിരുന്ന സ്വകാര്യ ആശുപത്രികളെ കോടതിയും സർക്കാരും ഒരു പരിധിവരെ നിയന്ത്രിച്ചുവെങ്കിലും നിയമത്തിൽ എന്തെങ്കിലും മാർഗമുപയോഗിച്ച് പണം കൊയ്യാനുള്ള മാർഗമാണ് അവർ തേടുന്നത്.

 


ഓക്‌സി മീറ്ററിന് മൂവായിരവും, മറ്റും ഈടാക്കുന്ന സംഭവങ്ങൾ വലിയ വിവാദമായതോടെയാണ് സർക്കാർ ഇടപെടലുകളുണ്ടായത്.
ആശുപത്രികളിൽ ഒരു കഞ്ഞിക്ക് 1350 രൂപവരെ ഈടാക്കിയ സംഭവങ്ങൾ കോടതിയെപ്പോലും ഞെട്ടിച്ചു. 275 രൂപയുടെ പി പി ഇ കിറ്റിന് സ്വകാര്യ ആശുപത്രികൾ ഈടാക്കിയിരുന്നത് 1500 മുതൽ രണ്ടായിരം രൂപവരെയാണ്.
മഹാമാരിക്കാലത്ത് പോലും രോഗികളെ കഴുത്തറുത്ത് പണം കൊയ്യാൻ തക്കം പാർത്തിരിക്കുന്ന സ്വകാര്യ ആശുപത്രി ഉടമകളുടെ സാമൂഹ്യബോധം അപാരം തന്നെ എന്നേ പറയാനാവൂ.
അതിലും വലിയ കൊള്ളയാണ് മാസ്‌ക് വിൽപ്പനയിൽ ഉണ്ടാവുന്നത്. 22 രൂപയുടെ എൻ 95 മാസ്‌ക്കിന് 50 രൂപയാണ് ഈടാക്കിയിരുന്നത്. ഇതൊക്കെ നിയന്ത്രിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഇന്ന് ഉത്തരവിറക്കിയിരിക്കയാണ്. ഇതോടെ പകൽക്കൊള്ളക്കാർ ഒതുങ്ങുമൊ എന്നു കണ്ടറിയണം.

ഒടുവിൽ തീരുമാനമായി, ജോസിന് ഒറ്റ മന്ത്രിമാത്രം

പ്രതീക്ഷകൾക്ക് അന്ത്യമായി , കേരളാ കോൺഗ്രസ് എമ്മിന് ഒരു മന്ത്രിമാത്രം. അഞ്ച് എം എൽ എ മാരുള്ള സാഹചര്യത്തിൽ രണ്ട് മന്ത്രിമാരെ ലഭിക്കണമെന്ന ജോസ് കെ മാണിയുടെ ആവശ്യത്തിന് മുന്നിൽ നോ ബോർഡ് വച്ചതോടെ പ്രതീക്ഷകൾക്ക് സമാപ്തിയായി.  സി പി ഐയിൽ നിന്നും ഒരു മന്ത്രി സ്ഥാനം ജോസിന്റെ പാർട്ടിക്ക് കൊടുക്കാനായി നടത്തിയ ചർച്ചയും ഫലം കണ്ടില്ല.

Jose K. Mani, MP


സി പി ഐ നാല് മന്ത്രിമാരും, ഡപ്യൂട്ടി സ്പീക്കറുമായി ഇടത് മുന്നണിയിൽ ശക്തരായി തുടരും. സി പി എമ്മിന് 12 മന്ത്രിമാരായിരിക്കും ഉണ്ടാവുക. ചീഫ് വിപ്പ് പദവി വിട്ടുകൊടുക്കാൻ സി പി ഐ തീരുമാനിച്ചുവത്രെ. ഒരു കാര്യവുമില്ലാത്ത ഒരു പോസ്റ്റാണ് ഇതെന്ന് സി പി ഐക്കു മാത്രമല്ലേ അറിയാവൂ…
എന്നാൽ കേരളാ കോൺഗ്രസിന് കാര്യങ്ങൾ അത്ര എളുപ്പമാവില്ല. റോഷി അഗസ്റ്റിൻ മന്ത്രിയാവും, എന്നാൽ കോട്ടയത്തുനിന്നും മന്ത്രിയില്ലാത്തത് ഏറെ ക്ഷീണമാവും. ജോസിന്റെ തോൽവിയോടെയാണ് കേരളാ കോൺഗ്രസ് എം അൽപം ഒന്നു ക്ഷീണിച്ചത്. ഭരണമുന്നണിയിലിരിക്കുമ്പോഴും അധികാരമില്ലാത്തത് വരും കാലത്ത് ജോസിനും തിരിച്ചടിയാവും.

ജനാധിപത്യ കേരളാ കോൺഗ്രസിനും ഐ എൻ എല്ലിനും മന്ത്രി സ്ഥാനം പങ്കിടേണ്ടിവരും


ഘടകക്ഷികൾ വർദ്ധിച്ചതിന്റെ ദുരതം ശരിക്കും അനുഭവിക്കുകയാണ് എൽ ഡി എഫ്. രണ്ട് എം എൽ എ മാർ മാത്രമുള്ളവർക്ക് മന്ത്രി സ്ഥാനം എന്നതായിരുന്നു എൽ ഡി എഫിന്റെ പ്രഖ്യാപിത ലക്ഷ്യം. ഇടഞ്ഞു നിൽക്കുന്ന എൻ എസ് എസിനെയും ലത്തീൻ സഭയെയും ഒന്ന് സന്തോഷിപ്പിക്കാൻ തന്നെയാണ് സി പി എമ്മിന്റെ നീക്കം. കെ ബി ഗണേഷ് കുമാറിനും, ആന്റണി രാജുവിനും നറുക്ക് വീണത് അങ്ങിനെയാണ്. ഇല്ലാത്ത മന്ത്രിക്കസേരയയുണ്ടാക്കിയാണ് ആന്റണി രാജുവിനെ സന്തോഷിപ്പിക്കുന്നത്. എന്നാൽ രണ്ടര വർഷമേ ആ സന്തോഷത്തിന് ആയുസ് ഉണ്ടാവുകയുള്ളൂ.


കുറേ കാലമായി കൂടെ നടക്കുന്ന ഐ എൻ എല്ലിനെയും സന്തോഷിപ്പിക്കണമല്ലോ. പാവങ്ങളാണ് 22 വർഷമായി കൂടെയുണ്ട് എന്നീ പരിഗണനകൾ നല്കിയാണ് അഹമ്മദ് ദേവർകോവിലിനെ മന്ത്രിയായി പരിഗണിക്കുന്നത്. പക്ഷ, ആൾ വെയിറ്റിംഗ് ലിസ്റ്റിലായിരിക്കുമെന്ന് മാത്രം.

എൻ സി പി യിൽ മന്ത്രി സ്ഥാനം സംബന്ധിച്ച തർക്കം തീർന്നിട്ടില്ല. ഈ രണ്ടര വർഷ പദ്ധതി അവർക്കും പരീക്ഷിക്കാവുന്നതാണല്ലോ. ജെ ഡി എസ് കുറേ കാലമായി ഇത് പരീക്ഷിച്ച് വിജയിച്ചതാണല്ലോ.

നേതൃമാറ്റം ഉടനില്ല, രോഗം അറിഞ്ഞതിനു ശേഷം മാത്രം ചികിൽസയെന്ന് ഹൈക്കമാന്റ് വ്യക്തമാക്കുന്നു

കേരളത്തിലെ തോൽവിയെകുറിച്ചുള്ള പഠന റിപ്പോർട്ട് പരിശോധിച്ചായിരിക്കും നേതൃമാറ്റമത്രേ… രോഗം വ്യക്തമായി മനസിലാക്കിയുള്ള ചികിത്സയായിരിക്കും ഉണ്ടാവുകയെന്നാണ് ഹൈ കമാന്റ് പറയുന്നത്.
കേരളത്തിലെ കോൺഗ്രസ് നേതൃമാറ്റമൊന്നും ഒരു സംഭവമായി മാധ്യമങ്ങൾ പോലും കാണുന്നില്ലെന്നതാണ് സത്യം. ഇനിയിപ്പോൾ കെ പി സി സി അധ്യക്ഷൻ ആരായാലും പ്രത്യേകിച്ച് ഒന്നും സംഭവിക്കാനില്ലല്ലോ എന്ന നിലപാടിലാണ് കോൺഗ്രസുകാർ. എന്നാൽ കോൺഗ്രസ് തകർന്നടിഞ്ഞിട്ടും ഗ്രൂപ്പിസത്തിന് മാത്രം ഒരു കുറവും ഉണ്ടായിട്ടില്ല.  
 

 പ്രതിപക്ഷ നേതാവാകാൻ ഗ്രൂപ്പുകാർ നല്ല ശ്രമത്തിലാണ്. വി ഡി സതീശനാണ് ഒരു പക്ഷത്ത് ശക്തമായുള്ളത്. രമേശ് ചെന്നിത്തല മാറേണ്ടതില്ലെന്ന് തീരുമാനിച്ചാൽ സംഗതി ആകെ തകിടം മറിയും. മുല്ലപ്പള്ളിയെ തൊഴിൽ രഹിതനാക്കാൻ എന്തായാലും കെ സി വേണുഗോപാൽ തയ്യാറല്ല, മുല്ലപ്പള്ളിക്ക് എ ഐ സി സി നേതൃത്വത്തിലേക്ക് പോവാനും താല്പര്യമില്ല. എന്നാൽ കേരളത്തിൽ ഒരു ചുമതലയും മുല്ലപ്പള്ളിക്ക് നൽകരുതെന്നാണ് മുല്ലപ്പള്ളി വിരുദ്ധരുടെ നിലപാട്. പാർട്ടിയുടെ അടിത്തറയിളകിയിരിക്കയാണെന്നാണ് താരിഖ് അൻവറുടെ പ്രഥമ റിപ്പോർട്ട്. എന്നാൽ ഗ്രൂപ്പ് മാനേജർമാർ ഇതൊന്നും ഗൗരവമായി എടുത്ത മട്ടില്ല. ഇനിയിപ്പോ എന്ത് ചികിൽസ നടത്തിയാലാണ് രോഗി രക്ഷപ്പെടുകയെന്ന് ഒരു ഡോക്ടർക്കും നിശ്ചയമില്ലാത്ത അവസ്ഥയിലാണ് കോൺഗ്രസ്.

വി മുരളീധരന് ഇതെന്ത് പറ്റിയെന്നറിയില്ല

വി മുരളീധരൻ ശരിക്കും ആരാണ്. കേന്ദ്രമന്ത്രിയാണെന്നാണ് എല്ലാവർക്കും അറിയാം. എന്നാൽ കേന്ദ്രമന്ത്രിയാണെങ്കിലും ഞാൻ കേരളത്തിൽ നിന്നുള്ള ബി ജെ പി നേതാവാണെന്നാണ് അദ്ദേഹം പറയുന്നത്.
കേന്ദ്രമന്ത്രിയെന്നതൊക്കെ മറന്നാണ് ഏഷ്യാനെറ്റിനെ ബഹിഷ്‌ക്കരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്, ഇത് നിയമപരമായി തെറ്റാണെന്നുപോലും അറിയാനുള്ള ബുദ്ധി ഈ കേന്ദ്ര സഹമന്ത്രിക്ക് ഇല്ലാതെ പോയോ…
 

ബി ജെ പി കേരള ഘടകം ഏഷ്യാനെറ്റിനെ ബഹിഷ്‌ക്കരിക്കാൻ എടുത്ത തീരുമാനം ബി ജെ പി നേതാവെന്ന നിലയിൽ നടപ്പാക്കുമെന്നാണ് വി മുരലീധരൻ പ്രഖ്യാപിച്ചത്. എന്നാൽ മാധ്യമങ്ങളെ ബഹിഷ്‌ക്കരിക്കാനുള്ള തീരുമാനം കേന്ദ്രമന്ത്രിയെന്ന നിലയിൽ സത്യപ്രതിജ്ഞാ ലംഘനമാണെന്ന കേരളാ ടെലിവിഷൻ ഫെഡറേഷന്റെ ആരോപണം അദ്ദേഹത്തിന് തിരിച്ചടിയാവും. പശ്ചിമ ബംഗാളിലെ ആക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നില്ലെന്ന ആരോപണമാണ് ബി ജെ പിയെ ചൊടിപ്പിച്ചത്. എന്നാൽ മന്ത്രിയുടെ ഔദ്യോഗിക വാർത്താ സമ്മേളനത്തിൽ ഏഷ്യാനെറ്റിനെ പങ്കെടുപ്പിക്കേണ്ടതില്ലെന്ന വി മുരളീധരന്റെ നിലപാടാണ് വിവാദമായിരിക്കുന്നത്.
മുരളീധരൻ തുടർച്ചയായി വിവാദ പ്രസ്ഥാവനയുമായാണ് കേരളത്തിൽ വരാറുള്ളത്, എന്നാൽ ഏഷ്യാനെറ്റ് ബഹിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് വി മുരളീധരൻ പുലിവാലു പിടിക്കാനാണ് സാധ്യത.

 
വാൽക്കഷണം :

ലോക് ഡൗൺ നീണ്ടതോടെ സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യകിറ്റ് നൽകാൻ സർക്കാർ തീരുമാനിച്ചിരിക്കയാണ്. പെൻഷനും കിറ്റുമാണ് ഈ സർക്കാരിന്റെ ഐശ്വര്യം.
 

LEAVE A REPLY

Please enter your comment!
Please enter your name here