മതിലകം: മതിലകത്ത് പ്രവര്‍ത്തിച്ചിരുന്ന നമ്മുടെ ആരോഗ്യം കമ്യൂണിറ്റി ഹോസ്പിറ്റല്‍ പൂര്‍ണമായും കൊറോണ ചികിത്സാകേന്ദ്രമാക്കി. പുതിയ സംവിധാനങ്ങളോടെ ആരംഭിച്ച കൊറോണ ആശുപത്രിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ എസ് ഷാനവാസ് ഐഎഎസ് സൂമിലൂടെ നിര്‍വഹിച്ചു. കോവിഡിനെതിരെ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പിന്തുണയാണ് ഇത്തരം ചികിത്സാകേന്ദ്രങ്ങളെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ കളക്ടര്‍ പറഞ്ഞു. നമ്മുടെ ആരോഗ്യം കമ്യൂണിറ്റി ഹോസ്പിറ്റല്‍ ചെയര്‍മാന്‍ കെ എം നൂര്‍ദീന്‍ അധ്യക്ഷനായ ചടങ്ങില്‍ തൃശൂര്‍ ഡെപ്യൂട്ടി ഡിഎംഒ ഡോ. സതീഷ് കെ എന്‍., ഹോസ്പിറ്റല്‍ സിഎംഒ ഡോ. പ്രദീപ് കുമാര്‍, സിഇഒ അനിതാ ബാലി എന്നിവര്‍ പ്രസംഗിച്ചു. കോവിഡ് ചികിത്സാകേന്ദ്രമാക്കുന്നതിന്റെ ഭാഗമായി ആശുപത്രിയില്‍ 30 ഐസിയു ബെഡ്ഡുകളും 16 എച്ച്ഡിയും ബെഡ്ഡുകളും 40 വാര്‍ഡ് ബെഡ്ഡുകളുമായി മൊത്തം 86 ബെഡ്ഡുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച കെ എം നൂര്‍ദീന്‍ പറഞ്ഞു. ഇവയ്ക്കു പുറമെ 13 വെന്റിലേറ്ററുകളും 2 പോര്‍ട്ടബ്ള്‍ വെന്റിലേറ്ററുകളും 11 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും നാല് ബൈ പാപ്പ്, നാല് സി പാപ് സ്റ്റേഷനുകളും സജ്ജീകരിക്കുന്നുണ്ട്.

ആശുപത്രിവാസത്തില്‍ താല്‍പ്പര്യമില്ലാത്ത കൊറോണ രോഗികള്‍ക്കായി നാളെ (മെയ് 19) മുതല്‍ ഹോം കെയര്‍ സേവനങ്ങളും ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ ടെലിഫോണ്‍ വഴി ബോധവത്കരണവും ടെലി മെഡിസിനും രണ്ടാം ഘട്ടത്തില്‍ പ്ളസ് ഓക്‌സിമീറ്ററും ഓക്‌സിജന്‍ സിലിണ്ടറും നല്‍കിക്കൊണ്ടുള്ള പരിചരണവും മൂന്നാം ഘട്ടത്തില്‍ ആംബുലന്‍സും ഹോം കെയര്‍ വാഹനവും ഉപയോഗിച്ച് ആശുപത്രിയിലേക്ക് കൊണ്ടുവന്നുള്ള സമ്പൂര്‍ണ ചികിത്സയുമാണ് വിഭാവനം ചെയ്തിരിക്കുന്നത്.

യുഎഇയിലുള്ള ഏതാനും വിദേശ മലയാളികളുടെ കീഴിലുള്ള നമ്മുടെ ആരോഗ്യം ചാരിറ്റബ്ള്‍ ട്ര്സറ്റാണ് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന നമ്മുടെ ആരോഗ്യം കമ്യൂണിറ്റി ഹോസ്പിറ്റല്‍ ആശുപത്രിയുെട ഉടമകള്‍. താഴ്ന്ന നിരക്കിലും സബ്സിഡികളുടെ സഹായത്തോടെയുമാണ് പ്രധാനമായും സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവര്‍ക്ക് കേരള സര്‍ക്കാരിന്റെ കാരുണ്യ പദ്ധതിയുടെ കീഴിലുള്‍പ്പെടെ ഇവിടെ ചികിത്സ നല്‍കിവരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here