തിരുവനന്തപുരം: കോവിഡ്‌ രണ്ടാം തരംഗത്തിന്റെ പ്രതിസന്ധിയ്‌ക്കിടയില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ കന്നി ബജറ്റ്‌ ഇന്ന്‌. രണ്ട്‌ ഇടതുപക്ഷ സര്‍ക്കാരുകളുടെ ധനമന്ത്രിയായിരുന്ന ഡോ. ടി.എം. തോമസ്‌ ഐസക്കിന്റെ പിന്‍ഗാമിയായി ചുമതലയേറ്റ ധനമന്ത്രി കെ.എന്‍. ബാലഗോപാലാണ്‌ പ്രതിസന്ധിക്കാലത്ത്‌ തന്റെ കന്നി ബജറ്റുമായി എത്തുക.
ജനുവരിയില്‍ തോമസ്‌ ഐസക്ക്‌ അവതരിപ്പിച്ച ബജറ്റിന്റെ അടിത്തറയില്‍ നിന്നായതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ നയങ്ങളില്‍ കാര്യമായ മാറ്റത്തിന്‌ ഇടയില്ല.

അവസാന ബജറ്റിലെ തൊഴില്‍ദാനപദ്ധതിയുള്‍പ്പെടെയുള്ളവ തുടരും. കോവിഡ്‌ ബാധിതര്‍ക്ക്‌ ചില ആശ്വാസ പദ്ധതികള്‍ പുതിയ ബജറ്റില്‍ ഉണ്ടായേക്കുമെന്നാണ്‌ സൂചന. സമീപഭാവിയില്‍ സംസ്‌ഥാനത്തിന്‌ കടന്നുപോകാന്‍ കഴിയുന്ന സാമ്പത്തികസ്‌ഥിതിയാണുള്ളത്‌. എന്നാല്‍ വരുംദിവസങ്ങളില്‍ സാമ്പത്തികഞെരുക്കം ശക്‌തമാകും. കേന്ദ്രത്തില്‍ നിന്നുള്ള ജി.എസ്‌.ടി. കുടിശികയുള്‍പ്പെടെ വാങ്ങിയെടുത്തുകൊണ്ടുമാത്രമേ ഇത്‌ മറികടക്കാന്‍ കഴിയുകയുള്ളുവെന്നാണ്‌ മന്ത്രി തന്നെ പറയുന്നത്‌. ഫലപ്രഖ്യാപനം കഴിഞ്ഞതുമുതല്‍ സംസ്‌ഥാനം അടച്ചിടലിന്റെ വക്കിലായതുകൊണ്ടുതന്നെ വരുമാനത്തില്‍ ഗണ്യമായ കുറവും ഉണ്ടായിട്ടുണ്ട്‌. സര്‍ക്കാരിന്റെ പ്രധാനവരുമാനമാര്‍ഗമായ മദ്യവില്‍പനയും നിലച്ചിരിക്കുകയാണ്‌.
കഴിഞ്ഞ ബജറ്റില്‍ സാമൂഹികക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ച സാഹചര്യത്തില്‍ കൂടുതല്‍ എന്ത്‌ എന്നത്‌ ചോദ്യചിഹ്നമാണ്‌. പ്രകടനപത്രികയിലെ പ്രധാനവാഗ്‌ദാനങ്ങളില്‍ ഒന്നായ വീട്ടമ്മമാര്‍ക്ക്‌ പെന്‍ഷന്‍ എന്ന പദ്ധതിക്കും ഈ ബജറ്റില്‍ തുടക്കം കുറിയ്‌ക്കുമോയെന്നതും ഉറ്റുനോക്കുന്ന കാര്യമാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here