സ്വന്തം ലേഖകൻ

ആരാണ് മാഫിയ എന്ന് എല്ലാവർക്കുമറിയാമെന്നും സുധാകരൻ

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്റെ കഴിഞ്ഞ ദിവസത്തെ ആരോപണങ്ങൾ തെളിയിച്ചാൽ താൻ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. കൊച്ചിയിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രിയെ വെല്ലുവിളിച്ചുകൊണ്ട് സുധാകരൻ രംഗത്തെത്തിയത്. കൂടുതൽ ആരോപണങ്ങളും സുധാകരൻ
രണ്ട് കൊലക്കേസുകളിൽ ഒന്നാം പ്രതിയായിരുന്നു പിണറായി വിജയൻ. ക്രമിനൽ പശ്ചാത്തലമുള്ള നേതാവാണ് പിണറായി വിജയൻ എന്ന് കേരളം തിരിച്ചറിയണം. തലശ്ശേരിയിലെ ജനസംഘത്തിന്റെ പ്രവർത്തകനായിരുന്ന വാടിക്കൽ രാമകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലാണ് പിണറായി ഒന്നാം പ്രതിയായിരുന്നത്. പിണറായി വിജയന്റെ സന്തത സഹചാരിയായിരുന്ന ബാബു വെന്ന വെണ്ടുട്ടായി സ്വദേശിയെ തലശ്ശേരിയിൽ വച്ച് വെട്ടിക്കൊലപ്പെടുത്തി. ബാബുവിന്റെ മൃതദേഹം സംസ്‌കരിക്കാൻപോലും സമ്മതിച്ചില്ല.  താനല്ല തോക്കും വെടുയുണ്ടയുമായി നടന്നിരുന്നത്. ഞാനിതുവരെ തോക്കുപോലും കണ്ടിട്ടില്ല. മക്കളെ തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചു എന്നാണ് പിണറായി വിജയൻ ആരോപിച്ചത്. അതുപോലും എഴുതിയാണ് വായിച്ചത്. സ്വന്തം മക്കളെ തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചുവെന്ന സംഭവത്തിൽ എന്തുകൊണ്ടാണ് പൊലീസിൽ പരാതി നൽകാതിരുന്നതെന്ന് പിണറായി വ്യക്തമാക്കണം. എന്റെ സുഹൃത്തായ ഒരു കോൺഗ്രസ് നേതാവ് പറഞ്ഞതാണെന്ന് പറയുന്നു. ആരാണ് ഇത് പറഞ്ഞതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മരിച്ചുപോയാലും അദ്ദേഹത്തിന് പേരുണ്ടാവില്ലേ… എന്നും സുധാകരൻ ചോദിച്ചു.
എന്നെ നിരന്തരമായി വേട്ടയാടിയ വരാണ് പിണറായിയും സംഘവും. ബോംബേറിൽ മൂന്ന് കാറുകൾ തകർന്നു, പേരാവൂരിൽ വച്ചുണ്ടായ അക്രമത്തിൽ ദൈവത്തിന്റെ കടാക്ഷം കൊണ്ടാണ് അന്ന് ഞാൻ രക്ഷപ്പെട്ടത്.

എനിക്ക് ഒരു മാഫിയയുമായും ബന്ധമില്ല, ഒരു വിദേശ കറൻസി ഇടപാടും ഞാൻ നടത്തിയിട്ടില്ല. കേരളത്തിലെ എല്ലാവർക്കും അറിയാവുന്നതാണല്ലോ ആരാണ് കേരളത്തിൽ കള്ളക്കടത്ത് നടത്തുന്നത് എന്നും, വിദേശ കറൻസി ഇടപാട് നടത്തിയതെന്നും. സ്വപ്‌ന സുരേഷ് എന്ന മഹതിയെ നാല് വർഷം പ്രോൽസാഹിപ്പിച്ചതും, അവർക്ക് ഒരു യോഗ്യതയുമില്ലാതിരുന്നിട്ടും ഉന്നതമായ ജോലി നൽകിയതും മുഖ്യമന്ത്രിയാണ്. വിദേശ യാത്രകളിൽ ഒരുമിച്ച് പോയതും, ഒരേ ഹോട്ടലിൽ താമസിച്ചതും ഒക്കെ കേരളീയർക്ക് അറിയാം.

ബ്രണ്ണൻ കോളജിൽ 1967 ലാണ് പിണറായിയും ഞാനും ഒക്കെ ഉണ്ടായിരുന്നത്. എ കെ ബാലനും, മമ്പറം ദിവാകരനും ഒക്കെ അവിടെ എത്തിയത് 1971 ലാണ്. അവർക്ക് എങ്ങിനെയാണ് 67 ൽ നടന്ന സംഘർഷങ്ങളെ കുറിച്ച് അറിയുന്നത്. വളരെ കുറച്ച് കെ എസ് എഫുകാർ മാത്രമാണ് അന്നവിടെയുണ്ടായിരുന്നത്. പിണറായി വിജയന് വലിയ അഭ്യാസിയുടെ പ്രതിച്ഛായയൊന്നുമില്ലായിരുന്നു. 28 കോൺഗ്രസ് പ്രവർത്തകർ നിഷ്ഠൂരമായി കൊലചെയ്യപ്പെട്ടു. ഓരോ പ്രവർത്തകന്റെയും മൃതദേഹം മാഹി പാലത്തിൽ വച്ച് ഏറ്റുവാങ്ങുമ്പോൾ വിങ്ങിപ്പൊട്ടുന്ന മനസുമായി നിന്ന ഒരു കോൺഗ്രസ് പ്രവർത്തകനാണ് ഞാൻ.
ഞാൻ ആരെയും കൊലപ്പെടുത്തിയിട്ടില്ല, എന്നെ കൊലയാളിയായി ചിത്രീകരിക്കുന്നതും, ബി ജെ പികാരനായി ചിത്രീകരിക്കുന്നതും എന്തു കൊണ്ടാണെന്ന് എല്ലാവർക്കും അറിയാം. ഇതെല്ലാം ബൂമറാംഗ് പോലെ തിരിച്ചടിക്കുമെന്ന് ഓർക്കണം.

ബ്രണ്ണൻ കോളജിൽവച്ച് പിണറായി വിജയനെ ചവിട്ടിയെന്ന സംഭവം മനോരമ ലേഖകനോട് ഓഫ് ദ റിക്കോർഡായി പറഞ്ഞതാണ്. ഒരിക്കലും അതൊന്നും പ്രസിദ്ധീകരിക്കരുതെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ പത്രപ്രവർത്തനത്തിലെ മാന്യതകൾ പാലിക്കാതെ അതൊക്കെ എഴുതി, ഇതാണ് സംഭവിച്ചത്.

പിണറായി വിജയൻ ഇന്നലെ പി ആർ ഏജൻസിയുടെ മൂടുപടത്തിൽ നിന്നും പുറത്തു വന്നതാണ് കണ്ടത്. തനിക്കെതിരെയുണ്ടായ ആരോപണങ്ങൾ എന്തെങ്കിലും തെളിയിക്കാൻ കഴിയുമോ ?

ഡി സി സി ഫണ്ട് വെട്ടിച്ചു, ചിറക്കൽ രാജാസ് സ്‌കൂൾ ഫണ്ട് വെട്ടിച്ചു, രക്ത സാക്ഷി ഫണ്ട് വെട്ടിച്ചു എന്നൊക്കെ ആരോപണം ഉന്നയിച്ചു. ഇതെല്ലാം മുഖ്യമന്ത്രിക്ക് ഏജൻസികളെ ഉപയോഗിച്ച് അന്വേഷിക്കാവുന്നതാണ്. കുറ്റക്കാരനായി കണ്ടെത്തിയാൽ ശിക്ഷയും ഏറ്റുവാങ്ങും. എത്രയോ കാലമായി തനിക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണമുന്നയിക്കുകയാണ്.
മട്ടന്നൂർ പുലിയങ്ങോട് വച്ച് നാൽപാടി വാസുവിനെ ഞാൻ വെടിവച്ചു കൊന്നു എന്നു പറയുന്നത് അടിസ്ഥാനമില്ലാത്ത ആരോപണമാണ്. എന്റെ ഗൺമാന്റെ വെടിയേറ്റാണ് വാസു കൊലചെയ്യപപെട്ടത്. ഇ പി ജയരാജനെ ആന്ധ്രയിൽ വച്ച് വെടിവച്ച സംഭവത്തിലും എന്നെ പ്രതി ചേർക്കാൻ ശ്രമമുണ്ടായി. അന്ന് അവിടെ മുഖ്യമന്ത്രിയായിരുന്നു ചന്ദ്രബാബു നായിഡുവിനെ സ്വാധീനിച്ച് എന്നെ കുരുക്കാൻ ശ്രമിച്ചു. എന്നാൽ അതൊന്നും നടന്നില്ല.
വ്യക്തിപരമായി എനിക്ക് പിണറായി വിജയനോട് യാതൊരു അഭിപ്രായ ഭിന്നതയുമില്ല. അക്രമ രാഷ്ട്രീയത്തിന്റെ വക്താക്കളായ സി പി എമ്മിന്റെ നേതാവ് എന്ന നിലയിലാണ് ഞാൻ പിണറായി വിജയനെ എതിർക്കുന്നത്. അതിനാൽ രാഷ്ട്രീയത്തെ രാഷ്ട്രീയമായി കാണാൻ തയ്യാറാവണം. പിണറായി വിജയനെ അടിച്ചിട്ട അഭ്യാസിയായി അറിയപ്പെടാൻ എനിക്ക് താല്പര്യമില്ലെന്നും കെ സുധാകരൻ പറഞ്ഞു.
മാധ്യമ പ്രവർത്തകരോടും കെ സുധാകരൻ തന്റെ പതിവിൽ തട്ടിക്കയറി. ചോദ്യങ്ങൾ വാട്‌സ് ആപ്പിൽ അയച്ചുതരുന്നത് എ കെ ജി സെന്ററിൽ നിന്നാണോ എന്നായി ചോദ്യം. പത്രപ്രവർത്തകർ തങ്ങളുടെ ജോലിചെയ്യണമെന്നും, അതെല്ലാതെ ചോദ്യങ്ങൾ സി പി എം നേതാക്കൾക്ക് വേണ്ടിയാവരുതെന്നും സുധാകരൻ പത്ര സമ്മേളനത്തിനിടയിൽ സൂചിപ്പിച്ചു.
മമ്പറം ദിവാകരൻ പാർട്ടിയിൽ അകത്താണോ പുറത്താണോ എന്നറിയില്ല. അത് പാർട്ടി കൈകാര്യം ചെയ്യും. പ്രകാശ് ബാബു എന്നയാൾ വർഷങ്ങളായി സി പി എം ക്യാമ്പിലുള്ളയാളാണ്. എന്നെ അപകടത്തിൽ പെടുത്താൻ പദ്ധതിയിട്ട ആളാണ് പ്രകാശ് ബാബുവെന്നും സുധാകരൻ ആരോപിച്ചു.

പിണറായി വിജയന്റേത് ക്രിമിനൽ രാഷ്ട്രീയക്കാരന്റെ ഭാവവും ഭാഷയുമായിരുന്നു. അതിനാൽ അദ്ദേഹത്തിന്റെ അതേ രീതിയിൽ എനിക്ക് മറുപടി പറയാൻ കഴിയില്ലെന്ന അഭിമുഖത്തോടെയാണ് സുധാകരൻ പത്രസമ്മേളനം ആരംഭിച്ചത്.
പിണറായി വിജയൻ ക്രിമിനലാണെന്ന് വ്യക്തമാക്കാനായി നേരത്തെ അക്രമിക്കപ്പെട്ട കണ്ടോത്ത് ഗോപിയെന്ന പഴയകാല തൊഴിലാളി സംഘടനാ നേതാവും പത്ര സമ്മേളനത്തിൽ തനിക്കു നേരെയുണ്ടായ അക്രമ സംഭവം വിവരിച്ചു. പിണറായി വിജയൻ നേരിട്ട് തന്നെ വെട്ടിയതും പൊലീസിനെ സ്വാധീനിച്ച് കേസ് അട്ടിമറിച്ചതുമായിരുന്നു അദ്ദേഹം പറഞ്ഞത്.

ഇന്നലെ മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞ പല കാര്യങ്ങളും അടിസ്ഥാന രഹിതവും, യുക്തിയില്ലാത്തതുമാണെന്നാണ് സുധാകരൻ പറഞ്ഞത്. ബ്രണ്ണൻ കോളജിൽ എന്നെ നഗ്നനായി നടത്തിച്ചുവെന്ന ആരോപണം പിണറായി വിജയന്റെ സ്വപ്‌നത്തിൽ കണ്ടതായിരിക്കും. അക്കാലത്ത് കോളജിൽ ഉണ്ടായിരുന്നു നിരവധിയാളുകൾ ഇന്നും ജീവിച്ചിരിപ്പുണ്ടെന്നും, അതൊക്കെ പത്രപ്രവർത്തകർക്ക് അന്വേഷിച്ച് കണ്ടെത്താവുന്നതാണ്.
ആരോപണങ്ങൾക്ക് അതേ ഭാഷയിലുള്ള മറുപടിയാണ് സുധാകരൻ നൽകിയത്. ഇതോടെ പിണറായി- സുധാകരൻ പോരാട്ടം മറ്റൊരു ദിശയിലേക്ക് നീങ്ങുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here