വടകര: ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന് ആരോപിച്ച് ഭര്‍തൃമതിയായ യുവതി നല്‍കിയ പരാതിയില്‍ സിപിഎം ലോക്കല്‍ കമ്മറ്റി അംഗം, ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മറ്റി അംഗം എന്നിവര്‍ക്കെതിരെ വടകര പോലീസ് കേസെടുത്തു.
 
 സിപിഎം പതിയാരക്കര ലോക്കല്‍ കമ്മറ്റി അംഗവും മുളിയേരി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയുമായ പതിയാരക്കര പുല്ലുള്ള പറമ്പത്ത് പി.പി ബാബുരാജ്, ഡിവൈഎഫ്‌ഐ പതിയാരക്കര മേഖല സെക്രട്ടറി ടി.പി ലിജീഷ് എന്നിവര്‍ക്കെതിരെയാണ് വടകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
 
സിപിഎം  ബ്രാഞ്ച് കമ്മറ്റി അംഗമായ യുവതി ഭര്‍ത്താവും രണ്ടു മക്കളുമുള്ളവരാണ്.
  മൂന്ന് മാസം മുന്‍പ് ബാബുരാജ് വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തു കയറി താന്‍ പറയുന്നത് അനുസരിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തന്നെ മാനഭംഗപ്പെടുത്തിയെന്ന് പരാതിയില്‍ പറയുന്നു. പിന്നീട് ബാബുരാജിന്റെ സുഹൃത്തായ ലിജീഷും തന്റെ വീട്ടിലെത്തി അയാള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ ഇക്കാര്യം ഭര്‍ത്താവിനെയും നാട്ടുകാരെയും അറിയിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയെന്നും തുടര്‍ന്നും ഇരുവരും ശാരീരികമായും മാനസികമായും ഉപദ്രവിച്ചതായും പരാതിയിലുണ്ട്. 
 
റൂറല്‍ ജില്ലാ പോലീസ് മേധാവി, വടകര ഡിവൈഎസ്പി, വടകര സിഐ എന്നിവര്‍ക്കാണ്  പരാതി നല്‍കിയത്. തനിക്ക് സംരക്ഷണം നല്‍കണമെന്നും പ്രതികള്‍ക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി. ബലാല്‍സംഗം, അതിക്രമിച്ചു കടക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് ചാര്‍ജ് ചെയ്തത്.
 
 പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയുടെ മൊഴിയെടുത്തതായും കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു. ഇതു സംബന്ധിച്ചുളള ഊഹോപോഹങ്ങള്‍ പ്രാദേശികമായി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതിനിടയിലാണ് കേസെടുത്ത കാര്യം പുറം ലോകം അറിയുന്നത്. ഇരുവരെയും സിപിഎം പുറത്താക്കി.

LEAVE A REPLY

Please enter your comment!
Please enter your name here