സ്വന്തം ലേഖകൻ

കണ്ണൂർ: സ്വർണ്ണക്കടത്ത് കേസിൽ ക്വട്ടേഷൻ സംഘങ്ങളുടെതെന്ന പേരിലുള്ള നിർണ്ണായക വാട്‌സാപ്പ് സന്ദേശം പുറത്ത്. സ്വർണ്ണം തട്ടിയെടുക്കാൻ ക്വട്ടേഷൻ സംഘങ്ങൾ സുരക്ഷയ്ക്കായി ‘പാർട്ടി’ലേബൽ ഉപയോഗിക്കുന്നെന്ന റിപ്പോർട്ട് മാതൃഭൂമി ന്യൂസാണ് പുറത്ത് വിട്ടത്. സ്വർണക്കടത്ത് പൊട്ടിക്കാനായി ക്വട്ടേഷൻ സംഘം തയ്യാറെടുക്കുന്നതിൻറെ ഓഡിയോ സന്ദേശമാണ് പുറത്ത് വന്നത്. ടിപി കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരടങ്ങുന്ന ടീമിനെയാണ് ‘പാർട്ടി’ എന്ന് ഓഡിയോയിൽ വിശേഷിപ്പിക്കുന്നതെന്നാണ് മാതൃഭൂമി റിപ്പോർട്ട്.

കഴിഞ്ഞ നാല് മാസമായി നടക്കുന്ന ക്വട്ടേഷൻ പ്രവർത്തനങ്ങളെക്കുറിച്ചാണ് ഓഡിയോയിലുള്ളത്. കടത്തിക്കൊണ്ടുവരുന്ന സ്വർണ്ണം തട്ടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടാകുമ്പോൾ ‘പാർട്ടിക്കാരാണ്’ ഇടപെടുന്നതെന്നാണ് സന്ദേശത്തിൽ പറയുന്നത്.

ലഭിക്കുന്നത് മൂന്നായാണ് വീതം വയ്ക്കുന്നത്. അതിൽ ഒരു പങ്ക് ഇത്തരക്കാർക്കാണ് എന്നും ഓഡിയോയിൽ പറയുന്നു. അതേസമയം ആരാണ് ഓഡിയോ അയച്ചതെന്നോ ആർക്കാണ് ഓഡിയോ ലഭിച്ചതെന്നോ സംബന്ധിച്ച് വിവരങ്ങൾ മാതൃഭൂമി റിപ്പോർട്ടിലില്ല.

കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ കളിക്കുന്നത് ആരെല്ലാമാണെന്ന് അറിയില്ലേ, അതിനാണ് മൂന്നിൽ ഒന്ന് പാർട്ടിക്കാർക്ക് കൊടുക്കുന്നത് നിന്നെ പ്രൊറ്റക്ട് ചെയ്യാനാണ്. പിന്നിൽ ഷാഫിക്കയുടെ ടീമാണെന്ന് അറിഞ്ഞാൽ പിന്നെ അന്വേഷണം ഉണ്ടാവില്ല. ഒറ്റയ്ക്കാണെന്ന് അറിഞ്ഞാൽ മാസങ്ങൾ കഴിഞ്ഞാലും ഉടമകൾ പിന്തുടരും. നാല് മാസത്തിനുള്ളിൽ ഒരുപാട് ഗെയിം നടന്നിട്ടുണ്ടെന്നും ഓഡിയോയിൽ പറയുന്നു.

ഒരു പ്രശ്നവും ഇല്ല. ഒരു ഓണറും പിന്നാലെ വരില്ല. തന്ന് വിടുന്നവർ നല്ല സാമ്പത്തികം ഉള്ളയാൾ ആണെങ്കിൽ ഒറ്റത്തവണ കോൾ ചെയ്യും. അല്ലെങ്കിൽ നാട്ടിൽ വന്നിട്ട് അന്വേഷിക്കും. പത്ത് പന്ത്രണ്ട് ദിവസം സാധനം നമ്മുടെ അടുത്തായാൽ കിട്ടൂലാന്ന് അറിഞ്ഞാൽ ഒഴിവാക്കും. അതിനിടക്ക് എന്തുചെയ്യും, അതിനാണ് പാർട്ടിക്കാരെ വെക്കുന്നത്. ഇത്രമാത്രം പറയും- ബോസ്സെ നമ്മുടെ പിള്ളാരാ എടുത്തത്, അതിൻറെ ഭാഗമായി ബുദ്ധിമുട്ടിക്കൽ ഉണ്ടായാൽ ഈയൊരു രീതിയിൽ ആവില്ല ബന്ധപ്പെടലെന്ന്. അപ്പോൾ അവൻറെ ഭാഗത്ത് ആൾക്കാരുണ്ടെന്ന് അറിഞ്ഞാൽ പിന്നെ ബുദ്ധിമുട്ടിക്കില്ലെന്നും ഓഡിയോ സന്ദേശം പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here