കോട്ടയം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ഏറെ ശ്രദ്ധയാകർഷിച്ച രാഷ്ട്രീയ നീക്കമായിരുന്നു പാലാ എംഎൽഎ മാണി സി കാപ്പൻറേത്. ഇടതുമുന്നണി പാലാ സീറ്റ് എൻസിപിക്ക് നൽകില്ലെന്ന് ഉറപ്പായതോടെ പാർട്ടി വിട്ട് പുതിയ രാഷ്ട്രീയ പാർട്ടി (എൻസികെ) രൂപീകരിച്ച് കാപ്പൻ യുഡിഎഫിനൊപ്പം ചേരുകയായിരുന്നു. ഇടതുമുന്നണിയ്ക്കായി കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി പാലായിൽ മത്സരിച്ചപ്പോൾ അദ്ദേഹത്തെ പരാജയപ്പെടുത്തി കാപ്പൻ സീറ്റ് നിലനിർത്തുകയും ചെയ്തു. എന്നാൽ ഇപ്പോൾ മാണി സി കാപ്പന് പാർട്ടിയിൽ നിന്ന് കനത്ത തിരിച്ചടി നേരിടുകയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എൻസികെയിലെ പ്രധാന നേതാക്കളാണ് പാർട്ടി വിട്ടത്.

എൻസിപി വിട്ട് മാണി സി കാപ്പനൊപ്പം ചേർന്ന് നാഷനലിസ്റ്റ് കോൺഗ്രസ് കേരള (എൻസികെ) രൂപീകരിച്ച പ്രധാന നേതാക്കളാണ് പാർട്ടി വിട്ടന്നാണ്  റിപ്പോർട്ട് ചെയ്യുന്നത്. സംസ്ഥാന വർക്കിങ് പ്രസിഡൻറ് ബാബു കാർത്തികേയൻ, വൈസ് പ്രസിഡൻറ് പി ഗോപിനാഥ്, സെക്രട്ടറി എ.കെ.ജി. ദേവദാസ്, നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ കൊച്ചു ദേവസി എന്നിവരാണ് എൻസികെ ബന്ധം ഉപേക്ഷിക്കുന്നത്. എൻസികെയിലെ പ്രധാന നേതാക്കളാണ് ഇവർ.

നിയമസഭ തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ കാപ്പൻറെ രാഷ്ട്രീയ നിലപാടുകളോടു വിയോജിച്ചാണ് പാർട്ടി വിടുന്നതെന്നാണ് നേതാക്കൾ പറയുന്നത്. അടുത്തിടെ യുഡിഎഫിനെതിരെ മാണി സി കാപ്പൻ നടത്തിയ പ്രസ്താവനയാണ് നേതാക്കളുടെ എതിർപ്പിന് കാരണമെന്നാണ് റിപ്പോർട്ട്. പാർട്ടി നേതാക്കളോട് പോലും കൂടി ആലോചിക്കാതെയാണ് യുഡിഎഫിനെതിരെ കാപ്പൻ പ്രസ്താവന ഇറക്കിയതെന്നാണ് ആക്ഷേപം. പുതിയ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത രീതിയ്‌ക്കെതിരെ കാപ്പൻ നേരത്തെ വിമർശനം നടത്തിയിരുന്നു.

മാണി സി കാപ്പൻ ഒരു സംഘത്തിൻറെ വലയിൽ ഉൾപ്പെട്ട് അതിനനുസൃതമായി തീരുമാനങ്ങളെടുക്കുകയും അദ്ദേഹത്തിൻറെ പ്രത്യേക താൽപ്പര്യങ്ങൾ പൂർത്തീകരിക്കുന്നതിന് വേണ്ടി തയ്യാറായി വരുന്ന ആളുകളെ സംസ്ഥാന ഭാരവാഹികളാക്കി നിയോഗിക്കുകയും ചെയ്ത് പാർട്ടിയിൽ ജനാധിപത്യപരമായ എല്ലാ നടപടിക്രമങ്ങളും അവസാനിപ്പിക്കുകയാണ് ഉണ്ടായിട്ടുള്ളതെന്ന് പാർട്ടി വിട്ട നേതാക്കൾ ആരോപിച്ചു.

യുഡിഎഫിൻറെ സ്ഥാനാർഥിയായി ജയിച്ചതിന് ശേഷം മാണി സി കാപ്പൻ എൻസിപിയുടെ നേതാക്കന്മാരെ കണ്ടെന്നും പർട്ടി വിട്ട നേതാക്കൾ ആരോപിക്കുന്നു. ഇത്തരം നീക്കങ്ങളൊക്കെ പൊതുജനങ്ങൾക്ക് മുന്നിൽ പാർട്ടിയുടെ പ്രതിച്ഛായ മോശമാക്കുകയാണെന്നും ഇവർ പറഞ്ഞു. എൻ സി കെ വിട്ടതോടെ ഇനി ഏത് പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കുമെന്ന് കൂട്ടായി ആലോചിച്ച് തീരുമാനിക്കുമെന്നും നേതാക്കൾ വ്യക്തമാക്കുന്നു.

പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത രീതി ശരിയായില്ലെന്ന മാണി സി കാപ്പൻറെ പരാമർശമാണ് എൻസികെ നേതാക്കളെ ചൊടിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തിലെ അതൃപ്തി യുഡിഎഫ് നേതാക്കളെ അറിയിച്ചെന്നും രമേശ് ചെന്നിത്തല മികച്ച പ്രതിപക്ഷ നേതാവാണെന്നും മാണി സി കാപ്പൻ നേരത്തെ പറഞ്ഞിരുന്നു. യുഡിഎഫ് നേതാക്കൾ മരം മുറി വിവാദത്തിൻറെ പശ്ചാത്തലത്തിൽ മുട്ടിൽ സന്ദർശിച്ചപ്പോൾ തന്നെ വിളിച്ചില്ലെന്ന മാണി സി കാപ്പൻറെ വാക്കുകളും ചർച്ചയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here