സ്വന്തം ലേഖകൻ

കോഴിക്കോട് : തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടി തീരുമാനം മാറ്റണമെന്നാവശ്യപ്പെട്ട് അണികളെ തെരുവിലറക്കി സീറ്റ് തരപ്പെടുത്തി, പാർട്ടി നടപടിയിലേക്ക്. പി കെ കുഞ്ഞഹമ്മദ് കുട്ടി എം എൽ എയ്‌ക്കെതിരെയാണ് സി പി എം നടപടി തുടങ്ങിയത്. അഹമ്മദ്കുട്ടിയുടെ സ്ഥാനാർത്ഥി മോഹമാണ് കുറ്റ്യാടിയിലെ എല്ലാ കുഴപ്പങ്ങൾക്കും കാരണമെന്നാണ് നേതൃത്വം കണ്ടെത്തിയത്.

തെരഞ്ഞെടുപ്പിൽ സി പി എം നേതൃത്വത്തെ ഞെട്ടിപ്പിച്ച സംഭവമായിരുന്നു കുറ്റ്യാടിയിലെ പാർട്ടിക്കാരുടെ പരസ്യ പ്രതിഷേധ പ്രകടനം. കുറ്റ്യാടി സീറ്റ് കേരളാ കോൺഗ്രസ് എമ്മിന് നൽകിയ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെയായിരുന്നു പ്രതിഷേധം. പാർട്ടിയുടെ തീരുമാനങ്ങൾ അംഗീകരിക്കുകയാണ് അണികളുടെ രീതിയെന്നായിരുന്നു സി പി എം നേതാക്കളുടെ ആദ്യ പ്രതികരണം.
 
എന്നാൽ പ്രതിഷേധം കനത്തതോടെ പാർട്ടി നിലപാട് മയപ്പെടുത്തി. കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയാവാൻ തീരുമാനിക്കപ്പെട്ടയാൾക്ക് കുറ്റ്യാടിയിൽ കാലുകുത്താൻപോലും കഴിഞ്ഞില്ല. ഇതോടെ കേരളാ കോൺഗ്രസ് കുറ്റ്യാടി സി പി എമ്മിന് തിരികെ ഏൽപ്പിക്കുന്നതായി പ്രഖ്യാപിക്കേണ്ടിവന്നു. നേതൃത്വത്തെ തിരുത്തുമെന്ന് പ്രഖ്യാപിച്ചാണ് പാർട്ടി പ്രവർത്തകർ തെരുവിലിറങ്ങിയത്. വടകരയിൽ എൽ ജെ ഡിയും നാദാപുരത്ത് സി പി ഐയും സ്ഥാനാർത്ഥികളാവുകയും കുറ്റ്യാടി കേരളാ കോൺഗ്രസിന് നൽകുകയും ചെയ്താൽ വടകര താലൂക്കിൽ സി പി എമ്മിന് ജനപ്രതിനിധികൾ ഇല്ലാതാവുമെന്നായിരുന്നു പ്രധാന ആരോപണം. കുറ്റ്യാടി സീറ്റ് തിരികെ പിടിക്കണമെങ്കിൽ അണികളെ അനുസരിക്കുക മാത്രമാണ് ഏക വഴിയെന്ന് തിരിച്ചറിഞ്ഞ നേതാക്കൾ ഒടുവിൽ തിരിച്ചറിഞ്ഞു. ഇതോടെ പി കെ കുഞ്ഞഹമ്മദ് കുട്ടിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞു. പി കെ കുഞ്ഞഹമ്മദ് കുട്ടി മാന്യമായ വോട്ട് വാങ്ങി വിജയിച്ചു. എന്നാൽ പാർട്ടി നേതൃത്വത്തെ ധിക്കരിച്ച് പരസ്യമായി തെരുവിലിറങ്ങിയതിന്റെ ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാറായിക്കൊള്ളാൻ സി പി എം പി കെ കുഞ്ഞഹമ്മദ് കുട്ടി എം എൽ എയോട് ആവശ്യപ്പെടുകയാണ്. ഇതിന്റെ ആദ്യ നടപടിയായി എം എൽ എയെ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്നും തരം താഴ്ത്താനാണ് തീരുമാനം.

കുറ്റ്യാടി ഉപേക്ഷിച്ച് കേരളാ കോൺഗ്രസ് എം സ്ഥലം വിട്ടതോടെ സി പി ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ പി കെ കുഞ്ഞഹമ്മദ് കുട്ടിയെ സ്ഥാനാർത്ഥിയാക്കാൻ നീക്കങ്ങൾ നടത്തിയെന്നാണ് പി കെ കുഞ്ഞഹമ്മദ് കുട്ടി എം എൽ എയ്‌ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. ജനങ്ങളുടെ പിന്തുണയും അംഗീകാരവുമാണ് സി പി എം നിരവധി ആരോപണങ്ങൾ ഉയർത്തിക്കാട്ടുന്നത്. എന്നാൽ പാർട്ടിയെ പ്രതിരോധത്തിലാക്കിയതിന്റെ ശിക്ഷ ജയിച്ചതിനാൽ ഒഴിവാക്കാൻ കഴിയില്ലെന്ന വ്യക്തമായ മുന്നറിയിപ്പാണ് പി കെ കുഞ്ഞഹമ്മദ് കുട്ടി എം എൽ എയ്ക്ക് നേതൃത്വം നൽകിയത്.  
 

LEAVE A REPLY

Please enter your comment!
Please enter your name here