സ്വന്തം ലേഖകൻ

കൊച്ചി: പാലായിൽ സിപിഎം വോട്ട് ചോർന്നെന്ന് സിപിഎം തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. അമ്പലപ്പുഴയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ചപറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ജി സുധാകരന്റെ പേര് റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വെള്ളി, ശനി ദിവസങ്ങളിൽ ചേരുന്ന സംസ്ഥാന സമിതി യോഗത്തിൽ നടപടിയുണ്ടാകും.

അമ്പലപ്പുഴയിൽ വീഴ്ച

അമ്പലപ്പുഴയിൽ വീഴ്ച പറ്റിയെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും ജി സുധാകരനെ പേരെടുത്ത് പരാമർശിക്കുന്നില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പാളിച്ചയുണ്ടെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ച റിപ്പോർട്ടിൽ പറയുന്നത്. സംസ്ഥാന കമ്മിറ്റിയിൽ നടക്കുന്ന ചർച്ചയുടെ ചുവട് പിടിച്ച് അന്വേഷണത്തിന് പാർട്ടി കമ്മീഷനെ നിയോഗിച്ചേക്കും.

വീഴ്ച പരിശോധിച്ച് നടപടി

കുണ്ടറ, തൃപ്പൂണിത്തുറ, അരുവിക്കര, ഒറ്റപ്പാലം, നെന്മാറ എന്നിവിടങ്ങളിലെ വീഴ്ച പരിശോധിച്ച ശേഷം നടപടിയെടുക്കും. ഇടതു മുന്നണി മൂന്നാം സ്ഥാനത്തു പോയ പാലക്കാട്, കാസർഗോഡ്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ പരാജയം പരിശോധിക്കും. ജില്ലാ തലത്തിലായിരിക്കും പരിശോധന. കുറ്റ്യാടിയിൽ നിലവിൽ നടപടിയെടുത്തിട്ടുണ്ട്. പൊന്നാനിയിലെ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും നടപടി.

കേരളാ കോൺഗ്രസ് സഹായിച്ചു

കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി മത്സരിച്ച പാലായിൽ സിപിഎം വോട്ട് ചോർന്നെന്നാണ് റിപ്പോർട്ട്. അതേസമയം കേരളാ കോൺഗ്രസിന്റെ വരവ് തെരഞ്ഞെടുപ്പ് വിജയത്തിനു സഹായമായെന്നും റിപ്പോർട്ടിൽ പറയുന്നു. ഇടുക്കി, കോട്ടയം ജില്ലകളിലെ വിജയത്തിനു പിന്നിൽ കേരളാ കോൺഗ്രസാണെന്നും റിപ്പോർട്ടിലുണ്ട്. കോഴിക്കോട് എറണാകുളം ജില്ലകളിൽ കേരളാ കോൺഗ്രസിന്റെ വരവ് ഗുണം ചെയ്‌തെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here