കോഴിക്കോട് : തുടർച്ചയായ പ്രതിസന്ധി മൂലം സമസ്തമേഖലകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും,  വിദേശങ്ങളിൽ, പ്രത്യേകിച്ച് ഗൾഫ് നാടുകളിൽ പല കാരണങ്ങളാൽ തൊഴിൽ നഷ്ടപ്പെട്ടവരും ദുരിതത്തിലും ആണ്. ഈ സാഹചര്യത്തിൽ കേരള അസെൻഡ് നിക്ഷേപക സംഗമത്തിൽ നിർദ്ദേശിക്കപ്പെട്ട 3500 കോടിയുടെ കിറ്റക്സ് പദ്ധതി ഉൾപ്പെടെ എത്രയും വേഗം പ്രവർത്തനം തുടങ്ങുന്നതിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കണമെന്ന്
വാണിജ്യ-വ്യവസായ
സംഘടനകൾ ആവശ്യപ്പെട്ടു.
 
ഈ ആവശ്യം ഉന്നയിച്ച് കേരള ഗവർണർ,  മുഖ്യമന്ത്രി, വ്യവസായ മന്ത്രി, ധനമന്ത്രി, തൊഴിൽമന്ത്രി, ചീഫ് സെക്രട്ടറി, മറ്റു ബന്ധപ്പെട്ടവർ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് മലബാർ ഡെവലപ്മെന്റ് കൗണ്സിലിന്റെ ആഭിമുഖ്യത്തിൽ  ചേർന്ന വ്യാപാര-വ്യവസായ സംഘടനകൾ, ചേംബർ ഓഫ് കൊമേഴ്സ്സുകൾ, കേരളത്തിലെയും, മറുനാട്ടിലെയും പ്രമുഖവ്യവസായികളുടെയും സംയുക്ത ഓൺലൈൻ യോഗം ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു.
 
 മുൻപ് തൊഴിൽ സമരങ്ങളാണ് കേരളത്തിൽ  നിക്ഷേപകരെ പിന്നോട്ടടിപ്പിച്ചിരുന്നത്. ഇപ്പോൾ തൊഴിൽമേഖലയിൽ താരതമ്യേന സമാധാന അന്തരീക്ഷമാണ്. തൊഴിൽ നഷ്ടപ്പെടുമോ എന്ന ആശങ്കയിൽ കിറ്റക്സ് സ്ഥാപനങ്ങളിലെ ജീവനക്കാർ ഒന്നിച്ച് വിവിധ വകുപ്പുകൾ പരിശോധന നടത്തുന്നതിനെതിരെ  മാനേജ്മെന്റിനെ അനുകൂലിച്ച് സമരം നടത്തുന്ന വിചിത്ര കാഴ്ചയാണ് കഴിഞ്ഞദിവസം അരങ്ങേറിയത്. സംസ്ഥാന സർക്കാർ മുൻകൈയെടുത്തല്ല മറിച്ച്  എം.പി യുടെയും, എം.എൽ.എ യുടെയും മറ്റും പരാതിയുടെ അടിസ്ഥാനത്തിലാണ് കിറ്റ്ക്സിൽ പരിശോധനകൾ നടന്നതെന്ന്  വ്യവസായമന്ത്രി പി. രാജീവ്  അറിയിച്ചത്.
 
 
അതേസമയം  ഹൈക്കോടതി സ്റ്റേ നിലനിൽക്കെ 2019ലെ മിനിമം വേതന നിയമ ശുപാർശകൾ നടപ്പാക്കിയില്ലെന്ന്  ആരോപിച്ച് അസിസ്റ്റന്റ് ലേബർ ഓഫീസർ കിറ്റക്സിന് നോട്ടീസ് നൽകിയത് സംശയത്തിന് ഇട നൽകുന്നു. കോടതി അലക്ഷ്യം ആകുമെന്ന് കരുതി നോട്ടീസ് പിൻവലിക്കാൻ സർക്കാർ നിർദ്ദേശം നൽകി. സർക്കാരിനെ കളങ്കപ്പെടുത്തുന്നതും, വ്യവസായികളെ ദ്രോഹിക്കുന്നതുമായ ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു.
 
    ഈ സാഹചര്യത്തിൽ   കേരള ഗവർണറും, മുഖ്യമന്ത്രിയും, വകുപ്പ് മന്ത്രിമാരും മുൻകൈയെടുത്ത് പ്രശ്നം രമ്യമായി പരിഹരിക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന്  യോഗം അഭ്യർത്ഥിച്ചു. 
 
 യോഗത്തിൽ  പ്രസിഡന്റ് ഷെവലിയാർ സി.ഇ. ചാക്കുണ്ണി അധ്യക്ഷതവഹിച്ചു. രക്ഷാധികാരിയും പ്രമുഖ വ്യവസായിയുമായ ഡോക്ടർ എ.വി. അനൂപ് യോഗം ഉദ്ഘാടനം ചെയ്തു. പ്രമുഖ അഭിഭാഷകൻ പി. രഘുനാഥൻ തൊഴിൽമേഖലയിലെ വിവിധ നിയമങ്ങളുടെ സങ്കീർണതയെ പറ്റി  വിശദീകരിച്ചു. കാലിക്കറ്റ് ചേംബർ പ്രസിഡണ്ട് സുബൈർ കൊളക്കാടൻ, വയനാട് ചേംബർ പ്രസിഡന്റ് ജോണി പറ്റാണി, സെക്രട്ടറി ഇ.പി മോഹൻദാസ്, കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്  ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ടും, ജില്ലാ പ്രസിഡണ്ടുമായ ജോഹർ ടാംടൺ (സിൽക്കി), ഗുജറാത്തിലെ പ്രമുഖ വ്യവസായിയും, സൂരജ് ഫോർവേഡ് ഗ്രൂപ്പിന്റെ എംഡി എ.എം.രാജൻ, അഖിലേന്ത്യാ ആയുർവേദ സോപ്പ് നിർമ്മാണ വിതരണ അസോസിയേഷൻ വൈസ് പ്രസിഡന്റും, സഞ്ജീവനി ഹെർബൽസ് ഉടമയുമായ  ശ്രീകല മോഹൻ, ചെന്നൈ ജെസ്സി ഗ്രൂപ്പ് ചെയർമാൻ എം.കെ. തോമസ്, എസ്.എൻ. ലബോറട്ടറീസ് ചെന്നൈ (അമ്മ സോപ്പ്) എംഡി എൻ. തങ്കപ്പൻ, മലബാർ ഡെവലപ്മെന്റ് കൗൺസിൽ വൈസ് പ്രസിഡണ്ട് പ്രൊഫസർ ഫിലിപ്പ് കെ ആന്റണി,  ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം.കെ. അയ്യപ്പൻ, ആൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.സി. മനോജ്, സെക്രട്ടറി കുന്നോത്ത് അബൂബക്കർ എന്നിവർ വിവിധ മേഖലകളിലെ അനുഭവങ്ങൾ യോഗത്തിൽ പങ്കുവെച്ചു.
 
 മലബാർ ഡെവലപ്മെന്റ് കൗൺസിൽ ഖജാൻജി എം.വി. കുഞ്ഞാമു സ്വാഗതവും, സി.വി. ജോസി നന്ദിയും പറഞ്ഞു.
 
 

LEAVE A REPLY

Please enter your comment!
Please enter your name here