സ്വന്തം ലേഖകൻ

കോഴിക്കോട് : കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകണമെന്നും, കടകൾ എല്ലാ ദിവസവും തുറക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വ്യാപാരികൾ കടതുറപ്പ് പ്രഖ്യാപിച്ചു. സർക്കാറിനെ വെല്ലുവിളിച്ചുകൊണ്ടുള്ള കടതുറപ്പ് സമരം നടത്താനുള്ള തീരുമാനം സർക്കാർ നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവർക്കും കട എല്ലാ ദിവസവും തുറക്കണമെന്നാണ് ആഗ്രഹമെന്നും, എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കടകൾ തുറക്കാനുള്ള ആഹ്വാനം നടക്കില്ല, ആ കളി വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കാനുള്ള ആഹ്വാനം സർക്കാർ നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പെരുനാൾ അടുത്തതോടെ മാർക്കറ്റിൽ തിരക്കേറും, അതിനാൽ എല്ലാ ദിവസവും കടകൾ തുറക്കാൻ അനുമതി കൊടുത്താൽ തിരക്ക് ഒഴിവാക്കാമെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ടി നസറുദ്ദീൻ ആവശ്യപ്പെടുന്നത്.
കേരളത്തിൽ ഓൺലൈൻ കമ്പനികൾ ആധിപത്യം സ്ഥാപിക്കുകയാണ്, ഇത് കേരളത്തിലെ വ്യാപാരികൾക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്.

നിരവധി തൊഴിലാളികൾ ആശ്രയിക്കുന്ന സ്ഥാപനങ്ങൾ തുടർച്ചയായി അടച്ചിടുന്നത് വലിയതോതിൽ തൊഴിൽ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ബാങ്ക് വായ്പയുടെ കാര്യത്തിൽ വ്യക്തതയില്ല. ഇലട്രിസിറ്റി, വാടക തുടങ്ങിയവ കൃത്യമായി കൊടുക്കേണ്ടിവരുന്നു. ഇത്തരം സാഹചര്യത്തിൽ നമുക്ക് പിടിച്ചു നിൽക്കാൻ പറ്റാതായിരിക്കയാണെന്ന് ആൾ കേരള ടെസ്റ്റൈൽ ഡീലേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ്

ടി എസ് പട്ടാഭി രാമൻ ആരോപിച്ചു. എ ബി സി ഡി ഗ്രേഡ് ചെയ്താണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. രോഗവ്യാപനത്തിലും, ടെസ്റ്റിംഗിന്റെ കാര്യത്തിലും ആരോഗ്യവകുപ്പ് ഉണ്ടാക്കുന്ന നിയന്ത്രണം അശാസ്ത്രീയമാണെന്നും കടകൾ അടച്ചിടണമെന്ന് പറയുമ്പോഴും, മദ്യഷോപ്പുകൾ തുറക്കാൻ അനുമതി നൽകുകയാണെന്നും  പട്ടാഭിരാമൻ ആരോപിച്ചു.
 

LEAVE A REPLY

Please enter your comment!
Please enter your name here