തിരുവനന്തപുരം: ലോക്ക്ഡൗൺ ഇളവുള്ള പ്രദേശങ്ങളിലെ മദ്യശാലകൾ നാളെ (18-07-2021) തുറക്കും. ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ നിയന്ത്രണങ്ങളിൽ മൂന്ന് ദിവസം ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചിരുന്നു.

മൂന്നു ദിവസം വ്യാപാര സ്ഥാപനങ്ങൾക്കു നൽകിയ പ്രത്യേക ഇളവിൽ മദ്യശാലകളെയും സർക്കാർ ഉൾപ്പെടുത്തിയതോടെയാണ് നാളെ മദ്യശാലകൾ തുറക്കുന്ന സാഹചര്യമുണ്ടായത്. ബക്രീദ് പ്രമാണിച്ച് ജൂലൈ 18, 19, 20 തീയതികളിലാണ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിരിക്കുന്നത്. 21നാണ് ബക്രീദ്. എ, ബി, സി വിഭാഗങ്ങൾ ഉൾപ്പെടുന്ന മേഖലകളിലാണ് കൂടുതൽ ഇളവുകൾ അനുവദിക്കുക.

അതേസമയം, ട്രിപ്പിൾ ലോക്ക്ഡൗൺ ഉള്ള ഡി വിഭാഗത്തിൽ ഇളവുകൾ ഉണ്ടാകില്ല. നിയന്ത്രണങ്ങളിൽ ഇളവ് ലഭ്യമായ എ, ബി, സി മേഖലകളിലെ പലചരക്ക്, പഴം, പച്ചക്കറി, മീൻ, ഇറച്ചി, ബേക്കറി എന്നീ ആവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് തുറന്ന് പ്രവർത്തിക്കാം. തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകൾ, ഫാൻസി ഷോപ്പുകൾ സ്വർണക്കട എന്നിവയ്ക്കും തുറന്ന് പ്രവർത്തിക്കാൻ അനുവാദം നൽകിയിട്ടുണ്ട്. രാത്രി എട്ട് മണിവരെയാണ് ഈ കടകൾക്ക് പ്രവർത്തനാനുമതി ഉണ്ടായിരിക്കുക.

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് രാവിലെ ഏഴ് മുതൽ രാത്രി എട്ട് മണിവരെ കടകൾക്ക് തുറന്ന് പ്രവർത്തിക്കാം. അതേസമയം, ഡി കാറ്റഗറിയിൽ വരുന്ന പ്രദേശങ്ങളിൽ ആവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് പ്രവർത്തനാനുമതിയുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി 15 ശതമാനത്തിന് മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളാണ് ഡി കാറ്റഗറിയിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here