തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളർഷിപ്പിന്റെ പേരിലുള്ള വിവാദങ്ങൾക്കു ശേഷം സർക്കാർ സ്വീകരിച്ച നടപടികൾക്ക് പിന്നാലെ പ്രതിപക്ഷത്ത് കടുത്ത ആശയക്കുഴപ്പം. സംസ്ഥാന സർക്കാരിന്റെയും എൽഡിഎഫിന്റെയും നിലപാടിനു സമാനമായ പ്രതികരണം ഇന്നലെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ നടത്തിയതോടെ എതിർപ്പുമായി ലീഗ് രംഗത്തെത്തുകയായിരുന്നു. ഇതിനു പിന്നാലെ സതീശൻ നിലപാട് തിരുത്തി.

ഹൈക്കോടതി ഉത്തരവിനു പിന്നാലെ വന്ന മാറ്റങ്ങൾ മൂലം മുസ്ലീം സമുദായത്തിനു നഷ്ടമുണ്ടായതായി താൻ പറഞ്ഞിട്ടില്ലെന്നും ഈ വാർത്ത വാസ്തവവിരുദ്ധമാണെന്നുമായിരുന്നു ഇന്നു രാവിലെ വിഡി സതീശൻ കോട്ടയത്ത് പറഞ്ഞത്. മുസ്ലീം വിഭാഗത്തിനുള്ള സ്‌കോളർഷിപ്പ് വിഹിതം കുറയ്ക്കാതെ മറ്റു സമുദായങ്ങൾക്കുള്ള സ്‌കോളർഷിപ്പ് വിഹിതം വർധിപ്പിച്ച നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലീഗിന്റെ ആവശ്യം യുഡിഎഫ് ചർച്ച ചെയ്യുമെന്നും സതീശൻ വ്യക്തമാക്കി.

ന്യൂനപക്ഷ സ്‌കോളർഷിപ്പിൽ മുസ്ലീം സമുദായത്തിനു നഷ്ടമുണ്ടായെന്നായിരുന്നു ഇന്നലെ കാസർകോട് വെച്ച് വിഡി സതീശൻ പറഞ്ഞത്. എന്നാൽ ഇന്ന് കോട്ടയത്ത് വെച്ച് അദ്ദേഹം അഭിപ്രായം തിരുത്തുകയായിരുന്നു. ഏതെങ്കിലും സമുദായത്തിനു നഷ്ടമുണ്ടാകുന്നില്ലെന്നായിരുന്നു വിവാദമായ 80:20 അനുപാതത്തെ സ്വാഗതം ചെയ്തു കൊണ്ട് സതീശന്റെ വാക്കുകൾ. ഇതിനു പിന്നാലെയായിരുന്നു മുസ്ലീം ലീഗിന്റെ വിമർശനം. ഹൈക്കോടതി വിധി മുസ്ലീം സമുദായത്തിനു നഷ്ടമില്ലെന്നാണ് സതീശന്റെ നിലപാടെങ്കിൽ അത് തെറ്റാണെന്ന് ഇടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു. അനുപാതം എടുത്തു നീക്കുന്നതോടെ മുസ്ലീം സമുദായത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ സച്ചാർ കമ്മീഷൻ നൽകിയ നിർദേശം ഇല്ലാതായെന്നും ഇടി മുഹമ്മദ് ബഷീർ പറഞ്ഞു.

സ്‌കോളർഷിപ്പിന്റെ നൂറു ശതമാനവും മുസ്ലീം വിദ്യാർഥികൾക്ക് അവകാശപ്പെട്ടതാണെന്നും വിഎസ് സർക്കാർ കൊണ്ടുവന്ന 80:20 അനുപാതം തെറ്റാണെന്നും ഇടി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.. ഇത്തരത്തിൽ മുസ്ലീം വിഭാഗങ്ങൾക്ക് അനുവദിച്ച സ്‌കോളർഷിപ്പ് എല്ലാ ന്യൂനപക്ഷങ്ങൾക്കുമായി അനുവദിച്ചു നൽകിയ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയതെന്നും ഈ തെറ്റ് തിരുത്തി സ്‌കോളർഷിപ്പ് പുനസ്ഥാപിക്കണമെന്നും ഇടി മുഹമ്മദ് ബഷീർ ആവശ്യപ്പെട്ടു. ഇക്കാര്യം പ്രതിപക്ഷ നേതാവിന് മനസ്സിലായിട്ടുണ്ടോ എന്നറിയില്ല. സച്ചാർ കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകളൊന്നും നടപ്പാകില്ലെന്ന അവസ്ഥയാണ് കേരളത്തിലുള്ളതെന്നും ഇക്കാര്യം പ്രതിപക്ഷ നേതാവും സർക്കാരും തിരിച്ചറിയണമെന്നും അദ്ദേഹം ചാനലിനോടു പറഞ്ഞു.

അതേസമയം, ലീഗിന്റെ പ്രതികരണത്തിനു പിന്നാലെ വിഡി സതീശൻ വിശദീകരണത്തിൽ വ്യക്തത വരുത്തി. ന്യൂനപക്ഷ സ്‌കോളർഷിപ്പിൽ ലീഗിന്റെ അഭിപ്രായം യുഡിഎഫ് ചർച്ച ചെയ്യുമെന്നും വിഡി സതീശൻ വ്യക്തമാക്കി. സ്‌കോളർഷിപ്പുകളുടെ എണ്ണം കുറയില്ലെന്നാണ് താൻ ഉദ്ദേശിച്ചതെന്നും ലീഗിന്റെ അഭിപ്രായം തൻറെ പ്രതികരണം മനസ്സിലാക്കാതെയാണെന്നുമാണ് സതീശൻ പറയുന്നത്. പ്രതിപക്ഷം നൽകിയ ഫോർമുല സർക്കാർ ഭാഗികമായി അംഗീകരിച്ചിട്ടുണ്ടെന്നും എന്നാൽ മുസ്ലീം വിഭാഗത്തിനായി മാത്രം കൊണ്ടുവന്ന പദ്ധതി ഇല്ലാതായതോടെ അവർക്ക് നഷ്ടമുണ്ടായി എന്നത് വ്യക്തമാണെന്നും സതീശൻ വ്യക്തമാക്കി. അതേസമയം, സതീശന്റെ നിലപാടിൽ ലീഗിനുള്ളിൽ അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

മുസ്ലീം വിഭാഗത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാനായി സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്‌കോളർഷിപ്പ് കൊണ്ടുവന്നത്. എന്നാൽ ഇതിനെതിരെ ഹൈക്കോടതി വിധി വന്നതോടെ സർക്കാർ സ്വീകരിക്കുന്ന നിലപാട് ഈ ശുപാർശകളെ അട്ടിമറിക്കുന്നതാണെന്നാണ് ലീഗിന്റെ പക്ഷം. എന്നാൽ ഹൈക്കോടതി വിധി നടപ്പാക്കണമെന്നും സർക്കാർ തീരുമാനത്തെ പിന്തുണയ്ക്കണമെന്നുമാണ് കോൺഗ്രസ് നേതാക്കളുടെ വികാരം. ഇക്കാര്യത്തിലാണ് ലീഗും കോൺഗ്രസും തമ്മിലുള്ള ഭിന്നത.

LEAVE A REPLY

Please enter your comment!
Please enter your name here