രാജേഷ് തില്ലങ്കേരി

ചാരത്തിൽ നിന്നും ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേൽക്കുക എന്നൊക്കെ ആലങ്കാരികമായി പറയാറുണ്ട്. അങ്ങിനെയൊരു കേസുണ്ട് കേരളത്തിൽ. അതാണ് ചാരക്കേസ്. ചാരക്കേസിൽ ഐ എസ് ആർ ഒ യിലെ ശാസ്ത്രജ്ഞനായിരുന്ന നമ്പിനാരായണനെ അറസ്റ്റു ചെയ്ത് പീഢിപ്പിച്ച സംഭവമാണ് കാൽനൂറ്റാണ്ടിന് ശേഷം വീണ്ടും ഉയർത്തെഴുന്നേറ്റത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസ് അടക്കമുള്ളവർ ഇപ്പോൾ പ്രതികളായി കോടതി വരാന്തയിലൂടെ നടക്കുകയാണ്.
 
ഐ എസ് ആർ ഒ -ചാരക്കേസ് മലയാളിക്ക് ഒരിക്കലും മറക്കാനാവില്ല. ദൃശ്യമാധ്യമങ്ങളൊക്കെ വരുന്നതിന് മുൻപ് കേരളത്തിൽ നടന്ന വലിയൊരു രാഷ്ട്രീയ നാടകമായിരുന്നു ഐ എസ് ആർ ഒ കേസ്. കേസിൽ രണ്ട് മാലി യുവതികളെ കൂടി അറസ്റ്റുചെയ്തതോടെ ദേശീയ ശ്രദ്ധപിടിച്ചുപറ്റിയ കേസായി ചാരക്കേസ് മാറി.

കേരളത്തിലെ പൊലീസിന്റെ ബുദ്ധി അപാരമാണ്, അത് ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കാറുമുണ്ട്. ചാരക്കേസിൽ പൊലീസ് ബുദ്ധിയാണ് ഏറ്റവും നന്നായി ഉപയോഗിക്കപ്പെട്ടത്. സത്യങ്ങൾ എത്രത്തോളം അകലെയാണെന്ന് ഇപ്പോഴും വ്യക്തമല്ല. എന്നാൽ ചാരക്കേസിൽ പൊലീസ് ബുദ്ധി വളരെ കൃത്യമായി പ്രവർത്തിച്ചതിന്റെ ഫലമായി നമ്പി നാരായണൻ ജയിലിൽ ക്രൂരമായ പീഢനത്തിന് ഇരയായത് മാത്രമല്ല, ഐ എസ് ആർ ഒയുടെ പ്രവർത്തനത്തെപോലും കേസ് പ്രതികൂലമായി ഭവിച്ചു.  ആ ചാരക്കേസാണ് ഇപ്പോൾ ആന്റി ക്ലൈമാക്‌സിലേക്ക് നീങ്ങുന്നത്.

 
 ഐ എസ് ആർ ഒ യിൽ ശാസ്ത്രജ്ഞനായ നമ്പി നാരായണനെ ചാരക്കേസിൽ കുരുക്കി അറസ്റ്റു ചെയ്ത് പീഡിപ്പിച്ച സംഭവത്തിന് പിന്നിൽ നടന്ന ഉന്നത ഗൂഢാലോചന നടന്നുവെന്നാണ് നിലവിൽ സി ബി ഐ സംശയിക്കുന്നത്. അന്നത്തെ പൊലീസ് ഉന്നതനായ   സിബി മാത്യൂസ്, എസ് വിജയൻ തുടങ്ങിയ പൊലീസ് ഉദ്യോഗസ്ഥരെയാണ് സി ബി ഐ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. അറസ്റ്റു തടയാനായി മുൻകൂർ ജാമ്യാപേക്ഷയും ഇവർ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.  കേസിൽ നിന്നും ഒഴിവാകാനായി നമ്പി നാരായണൻ സി ബി ഐ ഉദ്യോഗസ്ഥർക്ക് ഭൂമിയും പണവും നൽകിയെന്നാണ് എസ് വിജയൻ ജാമ്യാപേക്ഷയ്‌ക്കൊപ്പം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. നിയമ പോരാട്ടത്തിൽ നമ്പി നാരായണൻ കാണിച്ച ധൈര്യമാണ് കേസ് ഇവിടെ വരെ എത്തിച്ചതെന്ന് കാണാം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ ഗൂഢാലോചന പുറത്തുവരട്ടെ…. വൈകിയാലും നീതി ലഭ്യമാവട്ടെ….

ജയിൽ, പരോൾ, കള്ളക്കടത്ത് കൊടി മോഡൽ

ജയിലിൽ കിടക്കുന്ന ഒരു കുറ്റവാളിക്ക് അകത്തുകിടന്നുകൊണ്ട് സമൂഹത്തിൽ ഇടപെടാൻ പറ്റുമോ ? പറ്റുമെന്ന് തെളിയിക്കുകയാണ് ടി പി ചന്ദ്രശേഖരൻ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾ ചെയ്യുന്നത്. സി പി എമ്മിന്റെ പിന്തുണയുള്ള, വി ഐ പി നിലവാരമുള്ള ക്രിമിനലുകളാണ് ഇവർ. കൊടി സുനി, മുഹമ്മദ് ഷാഫി, കിർമ്മാണി മനോജ് തുടങ്ങി കേസിൽ ശിക്ഷിക്കപ്പെട്ടവർ എല്ലാവരും നാട്ടിൽ ജീവിക്കുന്നതിലും ആഘോഷപൂർവ്വമായാണ് ജയിലിൽ ജീവിക്കുന്നത്. 
 
 
ജയിലിൽ കിടന്ന് ക്വട്ടേഷൻ, സ്വർണക്കടത്ത്, സ്വർണവുമായി വിദേശത്തുനിന്നും വരുന്നവരെ തട്ടിക്കൊണ്ടുപോവൽ തുടങ്ങി, നാട്ടിലുള്ള എല്ലാക്രിമിനൽ പദ്ധതികൾക്കുപിന്നിലും ഈ സംഘമാണെന്നാണ് ലഭിക്കുന്ന വിവരം. ജയിലിൽ കിടക്കുന്ന തടവുകാരുടെ  മനുഷ്യാവകാശം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ജാമ്യം അനുവദിക്കുന്നത്. പരോളിലിറങ്ങുന്ന തടവുകാർ വ്യവസ്ഥകൾ ലംഘിക്കുന്നുണ്ടോ എന്നു നോക്കാനുള്ള സംവിധാനവും ഉണ്ടെന്നാണ് പറയപ്പെടുന്നത്. 
 
എന്നാൽ പരോളിലിറങ്ങി, സ്വർണകടത്തും ക്വട്ടേഷനും നടത്തുന്നതിൽ യാതൊരു ബുദ്ധിമുട്ടും ടി പി കേസിലെ പ്രതികൾക്ക് ഉണ്ടായിട്ടില്ല. കൊടിരാജാണ് ജയിലിൽ നടക്കുന്നത്, സ്മാർട്ട് ഫോൺ അടക്കമുള്ള എല്ലാ സംവിധാനങ്ങളുമായി ജയിലിൽ രാജാക്കളെ പോലെ കഴിയാൻ ഇവർക്ക് ആരാണ് സൗകര്യമുണ്ടാക്കിക്കൊടുക്കുന്നത് ? പരോൾ വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനുള്ള പൊലീസിന്റെയും ജയിൽ വകുപ്പിന്റെയും നിയമം എന്തുകൊണ്ടാണ് ഇവർക്ക് മാത്രം ബാധകമാവാത്തത് എന്നൊന്നും ചോദിക്കരുത്.
 
 പാർട്ടിക്ക് ബന്ധമില്ല, ഉപ്പുതിന്നവർ വെള്ളം കുടിക്കും, തുടങ്ങിയ സ്ഥിരം പരിപാടികൾ നിരത്തും. അതോടെ സി പി എമ്മിനും സംസ്ഥാനം ഭരിക്കുന്നവരും രക്ഷപ്പെടും. മറ്റെന്തെങ്കിലും ഇവിടെ നടക്കുന്നെങ്കിൽ അതെല്ലാം അനുവിക്കുക, പഴയ വനിതാ കമ്മീഷൻ അധ്യക്ഷയുടെ ഭാഷയിൽ പറഞ്ഞാൽ അനുഭവിച്ചോ…. അല്ല പിന്നെ….  

മലപോലെ വന്ന് എലി പോലെയായ കൊടകര കുഴൽ

കൊടകരയിൽ കള്ളപ്പണം കവർന്ന കേസ് ഒത്തുതീർപ്പാക്കിയോ ?  ഒത്തുതീർപ്പാക്കിയെന്നാണ് ഉയരുന്ന ആരോപണം. കൊടകര കേസുമായിബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തെ പെട്ടെന്ന് മാറ്റിയപ്പോൾതന്നെ കോൺഗ്രസിന് ഒരു സംശയമുണ്ടായിരുന്നു, കേസ് ഒത്തുതീർപ്പാക്കിയേക്കുമെന്ന്.

 കേസിൽ ബി ജെ പി നേതാക്കളൊന്നുമില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. 19 പേരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നത്. ആർ എസ് എസ്, ബി ജെ പി നേതാക്കളെ പലരെയും ചോദ്യം ചെയ്തു. ഒടുവിൽ ആരുമില്ലെന്ന് പൊലീസ് കണ്ടെത്തി. ബി ജെ പി നേതാക്കളുടെ അറിവോടെ, തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോടികൾ കേരളത്തിലേക്ക് കടത്തിയെന്നും, കൊടകരയിൽ പിടിച്ച പണം ബി ജെ പി നേതാക്കളുടെ അറിവോടെ കൊണ്ടുവന്നതാണ് എന്നും സി പി എം ആക്ടിംഗ് സെക്രട്ടറിയും പറഞ്ഞു. 
 
 
എന്നാൽ അതൊന്നുമല്ല പൊലീസ് കണ്ടെത്തിയത്. സാക്ഷികൾ പോലുമാവാതെ എല്ലാ ബി ജെ പി നേതാക്കളെയും പൊലീസ് ഒഴിവാക്കിയിരിക്കയാണ്. കൊണ്ടുവന്ന 3.5 കോടിയിൽ നിന്നും 2 കോടി പ്രതികൾ ധൂർത്തടിച്ചുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. പണം എന്റെതാണെന്ന് ധർമ്മരാജൻ കോടതിയെ അറിയിച്ചിട്ടുണ്ട്. പണത്തിന്റെ ഉറവിടം അന്വേഷിക്കാൻ പൊലീസിന് അധികാരമില്ല. അതിനാൽ ശേഷം അന്വേഷണം ഇ ഡി നടത്തട്ടേ എന്നായിരിക്കും പ്രത്യേക അന്വേഷണ സംഘത്തിന്റെ നിഗമനം. എന്നാൽ കേസിൽ വലിയ ട്വസിറ്റുണ്ടായതായി കണ്ടെത്തിയിരിക്കുകയാണ് രമേശ് ചെന്നിത്തല.

 പഴയ പ്രതിപക്ഷനേതാവായ  രമേശ് ചെന്നിത്തല പറയുന്നത് കേൾക്കുക. കൊടകര കുഴൽപണ കേസ് കേവലം ഒരു പണം കവർച്ചാ കേസ് മാത്രമായി മാറുകയാണ് എന്നാണ് പുറത്തുവന്നുകൊണ്ടിരിക്കുന്ന വാർത്തകൾ. കൊടകര കള്ളപ്പണ കേസ് മലപോലെ വന്നതാണ്. ഇതാ ഇപ്പോ അത് എലിയായി മാറിയിരിക്കുന്നു. കേസ് സംസ്ഥാന, കേന്ദ്രസർക്കാരുകൾ ചേർന്ന് ഒതുക്കിയെന്നാണ് ചെന്നിത്തല ജി പറയുന്നത്.
 ബി ജെ പിയുടെ പല ഉന്നത നേതാക്കളും കുരുക്കിലാവുമെന്നും, ഒടൻ അറസ്റ്റിലാവുമെന്നും നേരത്തെ വന്ന വാർത്തകളൊന്നും സത്യമല്ലെന്നാണ് ലഭിച്ചിരിക്കുന്നത്. സി പി എമ്മും ബി ജെ പിയും ഒത്തുകളിച്ച് കേസില്ലാതാക്കിയെന്നാണ് ചെന്നിത്തലയുടെ ആരോപണം.

എന്നാൽ ഇതൊക്കെ വെറും ചീള് കേസ് എന്നാണ് ബി ജെ പി പറയുന്നത്. ബി ജെ പിക്ക് കൊടകരകേസിൽ പങ്കില്ലെന്നും, നേതാക്കളുടെ രോമത്തിൽപോലും തൊടാനാവില്ലെന്നും കെ സുരേന്ദ്രൻ അന്നേ പറഞ്ഞതാണ്. സംഭവം സത്യമാവുകയാണ്. ബി ജെ പി നേതാക്കളോ, അവരുമായി ബന്ധപ്പെട്ടവരോ കേസിൽ ഇല്ലെന്നും, അങ്ങിനെ തോന്നിയിരുന്നുവെങ്കിൽ അതൊക്കെ യാഥ്യശ്ചികമാണെന്നും അറിയിപ്പ് വന്നിരിക്കയാണ്.
ദേശീയ നേതാവാകാനായി തയ്യാറെടുപ്പുകൾ നടക്കുന്നതിനിടയിലാണ് കൊടകരകേസ്  രമേശ് ചെന്നിത്തല ഏറ്റെടുത്തിരിക്കുന്നത്. ദേശീയതലത്തിൽ ബി ജെ പിയെ ആണല്ലോ നേരിടേണ്ടത്.  

ത്യാഗിയാണ് മോൻസ് ജോസഫ്, പാർട്ടിയുടെ കെട്ടുറപ്പിന് വേണ്ടി എന്ത് ത്യാഗവും ചെയ്യും


തനിക്ക് ഒരു സ്ഥാനവും വേണ്ടെന്നും, പാർട്ടിയാണ് എനിക്ക് എല്ലാമെന്നും പ്രഖ്യാപിച്ചിരിക്കയാണ് കേരളാ കോൺഗ്രസ് നേതാവും കടുത്തുരുത്തി എം എൽ എയുമായ മോൻസ് ജോസഫ്. കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ ഉണ്ടായിരിക്കുന്ന കാർമേഘങ്ങൾ പാർട്ടിയെ പിളർത്തുമെന്ന ഘട്ടത്തിലെത്തി നിൽക്കെയാണ് മോൻസിന്റെ ഈ ത്യാഗം.

ഫ്രാൻസിസ് ജോർജും, ജോണി നെല്ലൂരും, തോമസ് ഉണ്ണിയാടനും ഉണ്ടാക്കിയിരിക്കുന്ന പ്രതിസന്ധിയിൽ നിന്നും പാർട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ രണ്ടാം ഘട്ടത്തിലും പരാജയപ്പെട്ടതിനെ തുടർന്നാണ് എല്ലാം സ്ഥാനമാനങ്ങളും വിട്ടെറിയാൻ തീരുമാനിച്ചിരിക്കുന്നത്.  
വളരുകയും പിളരുകയും ചെയ്യുന്ന പാർട്ടിയാണല്ലോ കേരളാ കോൺഗ്രസ്. കേരളാ കോൺഗ്രസ് എമ്മും, ജെയും ഒരുമിച്ച് ശക്തരായി, ഭരണത്തിൽ പങ്കാളികളുമായി. എന്നാൽ അതിനൊന്നും ഒരുപാട് കാലം മുന്നോട്ട് പോവാൻ പറ്റിയില്ല, തർക്കങ്ങളും, ആരോപണങ്ങളും ശക്തിപ്രാപിച്ചതോടെ കേരളാ കോൺഗ്രസ് എമ്മിൽ നിന്നും ചരിത്രപരമായ ഒരു വഴിപിരിയിലുണ്ടായി.  വേർപിരിയുമ്പോൾ കേരളാ കോൺഗ്രസിൽ പി ജെ ജോസഫായിരുന്നു ശക്തൻ. 
 
 
പാർട്ടി രണ്ടായപ്പോൾ ജോസ് കെ മാണിയെ യു ഡി എഫും കൈവിട്ടു. ഇതിനെല്ലാം ചുക്കാൻ പിടിച്ചതം പി ജെ ജോസഫായിരുന്നു. പി ജെ ജോസഫിന്റെ അമിതമായ ആത്മവിശ്വാസമായിരുന്നു പിളർപ്പിലേക്കും, പുറത്താക്കലിലേക്കുമൊക്കെ നയിച്ചത്. ജോസ് കെ മാണി ഇടതുമുന്നണിയിൽ അഭയം തേടി. രണ്ടിലപോലും ഒരു ഘട്ടത്തിൽ പി ജെ ജോസഫിന്റെ കൈകളിലായിരുന്നു. എന്നാൽ പിന്നീടുണ്ടായതെല്ലാം ഒന്നിന് പിറകെ മറ്റൊന്നായി.  കേരളാ കോൺഗ്രസിന്റെ വികാരമായ രണ്ടില ജോസിന്റെ കേരളാ കോൺഗ്രസിന് ലഭിച്ചു. കോടതിവിധികളെല്ലാം പി ജെ ജോസഫിനെ തർക്കുന്നതായിരുന്നു.

ഒടുവിൽ ചിഹ്നത്തിൽ തട്ടി പാർട്ടിപോലും ഇല്ലാതായി, അണ്ടിപോയ അണ്ണാനെ പോലെയിരിക്കുന്ന ഘട്ടത്തിലാണ് ഒരു രക്ഷൻ അവതരിച്ചത്.  കേരളാ കോൺഗ്രസ് എന്ന ഒറിജിനൽ പാർട്ടിയുമായിട്ടായിരുന്നു പി സി തോമസിന്റെ രംഗപ്രവേശം. ബ്രാക്കറ്റില്ലാത്ത ഒരു പാർട്ടിയുണ്ടായിട്ടും കൂടെ ആരുമില്ലാത്തതിന്റെ ദുഖത്തിലായിരുന്നു പി സി തോമസ്. ബ്രാക്കറ്റില്ലാത്ത ഒരു കേരളാ കോൺഗ്രസ് കൈമാറാനുണ്ടെന്ന പരസ്യം കണ്ടാണ് പി ജെ ജോസഫ് അങ്ങോട്ടു കയറിയത്. തെരഞ്ഞെടുപ്പ് കാലമായതിനാൽ കൂടുതലൊന്നും നോക്കാതെ കേരളാ കോൺഗ്രസ് ഏറ്റെടുത്തു. എന്നാൽ കേരളാ കോൺഗ്രസ് ജേക്കബ്ബിൽ നിന്നും എത്തിയ ജോണി നല്ലൂർ, ജനാധിപത്യ കേരളാ കോൺഗ്രസിൽ നിന്നും വിട്ട് മാതൃസംഘടനയിൽ എത്തിയ ഫ്രാൻസിസ് ജോർജ്, തോമസ് ഉണ്ണിയാടൻ എന്നിവർ ആകെ നിരാശരായി. പാർട്ടി ഭാരവാഹികളെ നിശ്ചയിച്ചതിനെചൊല്ലിയായിരുന്നു ഇവരുടെ അഭിപ്രായ ഭിന്നതകൾ. എന്നാൽ കാര്യം അതൊന്നുമല്ലെന്ന് എല്ലാവർക്കും നിശ്ചയമുണ്ട്.

യു ഡി എഫ് അധികാരത്തിലെത്തുമെന്ന് വിശ്വസിച്ചാണ് ഇവരൊക്കെ പി ജെ ജോസഫിനൊപ്പം അടിയുറച്ചു നിന്നത്. അപ്പോ ജോസിനൊപ്പം പോവാനുള്ള മാർഗങ്ങളാണിപ്പോൾ ഈ നേതാക്കൾ ആരായുന്നത്.
പി ജെ ജോസഫിന്റെ ബ്രാക്കറ്റില്ലാത്ത കേരളാ കോൺഗ്രസിൽ നിന്നിട്ട് അഞ്ചു വർഷം യോഗം ചേരാം, കാപ്പികുടിക്കാമെന്നല്ലാതെ മറ്റൊന്നും കിട്ടിനില്ലെന്ന തിരിച്ചറിവാണ് പലനേതാക്കളെയും അസ്വസ്ഥരാക്കുന്നത്. മോൻസ് ജോസഫ് പറയുന്നു, എനിക്കൊരു സ്ഥാനവും വേണ്ട എന്ന്. പാർട്ടിയിൽ ഐക്യത്തിനായി എല്ലാം ഉപേക്ഷിക്കുകയാണ് മോൻസ്. എക്‌സിക്യുട്ടീവ് ചെയർമാൻ പദവി വെറുതെ കിട്ടിയതല്ലെന്നും, എന്നാൽ എല്ലാ പദവികളും ഒഴിയാൻ ഞാൻ തയ്യാറാണെന്നുമായിരുന്നു മോൻസിന്റെ പ്രതികരണം. ഈ സർവ്വപരിത്യാഗിയെ ഓർത്തെങ്കിലും ഫ്രാൻസിസ് ജോർജ് തീരുമാനം മാറ്റുമെന്ന് പ്രത്യാശിക്കാം.
ട്രാക്ടറിൽ കയറി കർഷകരുടെ പ്രശ്‌നം പരിഹരിക്കാൻ പുറപ്പെട്ട നമ്മുടെ പാർട്ടിക്ക് എന്തിനാണ് സാർ എക്‌സിക്യുട്ടീവ് ചെയർമാൻ പദവി.

മാണിയോ ഏത് മാണി… അത് മാണി സാറല്ലേ, സഖാവ് കുഞ്ഞുമാണി….


കേരളത്തെ ഏറെ നാണം കെടുത്തിയ സംഭവമായിരുന്നു നിയമസഭയിലെ കയ്യാങ്കളിയും സ്പീക്കറുടെ ചേമ്പറിലെ പ്രതിപക്ഷ അക്രമവും. ബാർകോഴ കേസിൽ ആരോപണ വിധേയനായ ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ നടന്ന പ്രതിഷേധമായിരുന്നു സ്പീക്കറുടെ ചേമ്പറിൽ പോലും അക്രമം അരങ്ങേറാൻ ഇടയാക്കിയത്. 
 
ഇ പി ജയരാജൻ, കെ ടി ജലീൽ, വി ശിവൻകുട്ടി തുടങ്ങിയ വിപ്ലവകാരികളുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. സ്പീക്കറുടെ കസേരയടക്കം എടുത്തെറിഞ്ഞു. എന്നിട്ടും വീരനായിരുന്ന കെ എം മാണി ബജറ്റ് അവതരിപ്പിച്ചു. ബജറ്റ് മേശപ്പുറത്ത് വച്ചതായി പ്രഖ്യാപിച്ചു. കോഴമാണിയെന്നും, അഴിമതി വീരനെന്നുമൊക്കെയായിരുന്നു അന്ന് കെ എം മാണിയെ വിപ്ലവവീര്യം മൂത്ത പ്രതിപക്ഷ എം എൽ എമാർ വിശേഷിപ്പിച്ചിരുന്നത്.
ഇത് ചരിത്രം. എന്നാൽ കെ എം മാണി കപടമീ ലോകത്തോട് വിടപറഞ്ഞു. മകൻ ജോസ് കെ മാണി കറങ്ങിത്തിരിഞ്ഞ് കയറിയത് എ കെ ജി സെന്ററിൽ. വലിയ സ്‌നേഹദരങ്ങളോടെയാണ് ജോസ് കെ മാണിയെ സ്വീകരിച്ചാനയിച്ചത്.
 

കാലം മാറി, കഥമാറി… അന്നത്തെ ഭരണ കക്ഷി പ്രതിപക്ഷമായി, പ്രതിപക്ഷം ഭരണ പക്ഷവുമായി. 
നിയമസഭാ അക്രമ കേസ് റദ്ദിക്കണമെന്നാ വശ്യപ്പെട്ടാണ് സർക്കാർ സുപ്രിംകോടതിയെ സമീപിച്ചത്. ജനാധിപത്യപരമായ പ്രതിഷേധമായിരുന്നു നിയമസഭയിൽ നടന്നത് എന്നും, കെ എം മാണിയെന്ന അഴിമതിക്കാരനായ മന്ത്രിക്കെതിരെ നടന്ന പ്രതിഷേധമായിരുന്നു അതെന്നുമാണ് സുപ്രിംകോടതിയിൽ വക്കീൽ വീറോടെ വാദിച്ചത്. 
 
നോക്കണേ, പുകിൽ… കാര്യം പഴയ ഫയലാണേ, അന്നത്തെ അഴിമതിക്കാരൻ ഇന്നത്തെ നമ്മുടെ ജോസ് മോന്റെ പപ്പയാണെന്ന് ഓർക്കാതെയാണ് ഇതൊക്കെ വക്കീൽ പറഞ്ഞത് എന്നറിഞ്ഞതോടെ സി പി എമ്മുകാർക്ക് വലിയ വിഷമമായി. കേസ് രണ്ടാമത് സുപ്രികോടതിയിൽ വന്നപ്പോഴാണ് ആ സത്യം വക്കീർ പുറത്തുവിട്ടത്. കെ എം മാണി ആരാണെന്ന് പോലും തനിക്ക് അറിയില്ലെന്ന സത്യം…. കെ എം മാണിയെന്ന മന്ത്രിയെയോ, മാണി സാർ എന്ന കേരളാ കോൺഗ്രസ് നേതാവിനെയോ, കോഴമാണിയെയോ തനിക്ക് അറിയില്ലെന്നും, യു ഡി എഫിന് എതിരായിരുന്നു പ്രതിഷേധമെന്നുമാണ് വക്കീൽ സുപ്രിംകോടതിയെ അറിയിച്ചത്.

ജോസ് കെ മാണീ… കണ്ണുനിറഞ്ഞുപോയി…സഖാവേ,  സി പി എമ്മിന്റെ ഈ കരുതലിൽ. ഇനി കെ എം മാണിയെന്ന സഖാവ് മാണിയുടെ മകന് സന്തോഷത്തോടെ അവിടെയിരിക്കാം…. ലാൽ സലാം…


സ്വർണക്കേസിൽ ഒരു വർഷത്തിലേറെയായി അന്വേഷണം നടക്കുന്നു. എവിടെ എത്തിയോ ആവോ….?

 കഴിഞ്ഞ വർഷം ഇതേ സമയത്ത് കേരളം ഏറെ ചർച്ച ചെയ്ത വിഷയം നയതന്ത്രബാഗിൽ സ്വർണം കടത്തിയ കേസായിരുന്നു. സ്വപ്‌ന സുരേഷ് പിടിയിലായതിന്റെ മൂന്നാം ദിവസം. എന്തൊരു ആവേശമായിരുന്നു മാധ്യമ പ്രവർത്തകർക്ക്. സ്വപ്‌ന സുരേഷ്, സന്ദീപ് നായർ, ബാഗ്ലൂർ യാത്ര… മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഐ ടി സെക്രട്ടറിയുമായ ശിവശങ്കരൻ… ഹോ… ആവേശത്തോടെയായിരുന്നു പത്രം വായിച്ചത്… ടെലിവിഷൻ ഒന്ന് ഓഫാക്കാൻ പോലും നമുക്ക് പറ്റിയിരുന്നില്ല. കാലം എല്ലാം മറയ്ക്കുമെന്നാണല്ലോ ചൊല്ല്… ശരിയാണ്,  ഇപ്പോഴും സ്വപ്‌നയും സന്ദീപും മാത്രമാണ് ജയിലിൽ…. മറ്റൊന്നും സംഭവിച്ചില്ല… സ്പീക്കർ, മന്ത്രി കെ ടി ജലീൽ തുടങ്ങി ഒട്ടേറെ പേർ വിവാദങ്ങളിൽ വന്നു. എന്തിനേറെ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനടക്കം ചോദ്യം ചെയ്യപ്പെട്ടു. രവീന്ദ്രനൊക്കെ ഉണ്ടാക്കിയ പുകില്… എന്റെ തമ്പുരാനേ….
 

എല്ലാം കെട്ടടങ്ങി… ഇപ്പോൾ ഒന്നുമില്ല…. കണ്ണൂരിലെ കുറേ ഏമ്പോക്കികൾ സ്വർണം കടത്തിയതാണ് നിലവിലുള്ള വാർത്ത… എല്ലാം മറന്നു കളയൂ … എല്ലാം….

അപ്പോ മരം കടത്ത് വിവാദമോ സാർ… സ്വർണ്ണത്തിന്റെ കാര്യം പറയുമ്പോൾ എന്തിനാണ് മരം… അതൊക്കെ പിന്നീട് ചർച്ച ചെയ്യാമെന്നേ….

കിറ്റെക്‌സിനെപോലും നിലനിർത്താനാവാതെ….


കേരളം നിക്ഷേപകർക്ക് ഏറ്റവും സൗഹാർദപരമായ അന്തരീക്ഷമുള്ള സംസ്ഥാനമെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. നിരന്തരമായ ശല്യം കാരണം സംസ്ഥാനം വിടാൻ കിറ്റെക്‌സ് തീരുമാനിച്ച അതേ ദിവസമാണ് സർക്കാർ ഈ പ്രസ്താവനയിറക്കിയത്. കുറച്ചൊന്നും പോരല്ലോ സാർ ചങ്കൂറ്റം.

കേരളത്തിൽ നിന്നും കിറ്റെക്‌സ് ഉടമ നിക്ഷേപം മാറ്റുകയാണെന്ന് പ്രഖ്യാപിച്ചപ്പോഴും പ്രത്യേകിച്ച് ഒന്നും പ്രതികരിക്കാത്ത മുഖ്യമന്ത്രിയാണ് കേരളം നിക്ഷേപകർക്ക് സുരക്ഷിതമായ ഇടമാണ് എന്ന് പ്രഖ്യാപിച്ചത്. എന്തായാലും കിറ്റെക്‌സ് തെലങ്കാനയിലേക്ക് പോകാൻ തീരുമാനിച്ചു. പൊട്ടക്കിണറ്റിൽ വീണ തവളയെന്നായിരുന്നു കേരളത്തിലെ വ്യവസായ വകുപ്പിനെ കുറിച്ച് കിറ്റെക്‌സ് എം ഡി യുടെ പ്രതികരണം. തെലങ്കാനയിലേക്ക് വ്യവസായ സ്ഥാപനങ്ങൾ പോവണമെന്ന് സാബു എം ജേക്കബ്ബ്  പറഞ്ഞില്ല. എന്നാൽ അവിടെ വ്യവസായികൾക്ക് ലഭിക്കുന്ന സ്വീകാര്യതയാണ് സാബു വിവരിച്ചത്.

ഇതിനിടയിലാണ് സിനിമാ സംഘടനകളുടെ നേതാവ് ഓണത്തിനിടയിൽ പൂട്ട് കച്ചവടം നടത്താനിറങ്ങിയത്. ബി ഉണ്ണികൃഷ്ണൻ പറയുന്നു ‘ കേരളത്തിൽ ഷൂട്ടിംഗ് നിരോധനം നിലനിൽക്കുന്നതിനാൽ ഷൂട്ടിംഗ് തെലങ്കാനയിലേക്ക് പോയെന്ന്. മലയാള സിനിമയുടെ ഷൂട്ടിഗം  ഇന്നേവരെ കേരളത്തിന് പുറത്ത് നടന്നിട്ടില്ലെന്നായിരിക്കും ഇതൊക്കെ കേൾക്കുന്നവർ തെറ്റിദ്ധരിക്കുക. അപ്പോ നേരത്തെ  ഊട്ടിയിലും, പൊള്ളാച്ചിയിലും, മറ്റുമായി ഷൂട്ടു ചെയ്ത സിനിമകളുടെ കണക്കുകൾ എടുത്താൽ ബി ഉണ്ണികൃഷ്ണൻ എന്തു പറയുമോ ആവോ….


ഹോ… എന്തൊരു ക്രൂരതയാണ് കാണിക്കുന്നത്


പിഞ്ചു കുട്ടികൾ അടക്കം ലൈഗീക പീഡനത്തിന് വിധേയമാവുന്നവരുടെ എണ്ണം വർധിക്കുകയാണ് കേരളത്തിൽ. എത്ര ക്രൂരമാണീ വാർത്തകൾ. പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ചെന്ന വാർത്ത വല്ലാതെ നമ്മെ അസ്വസ്ഥരാക്കുന്നു. വണ്ടിപ്പെരിയാരിൽ ഒരു ബാലികയെ പിഡകൻ കൊലചെയ്തു.
 

സ്ത്രീധനത്തിന്റെ പേരിൽ നടക്കുന്ന പീഡനങ്ങളും കൊലകളും കേരളത്തെ നടുക്കിയിരുന്നു. ഇതിനൊപ്പമാണ് ബാലികകളെ പീഡിപ്പിച്ചതായുള്ള വാർത്തകളും. ഇത് ദൈവത്തിന്റെ നാടോ അതോ പിശാചിന്റെ നാടോ….

വാൽകഷണം :
കേരളത്തിലെ കോവിഡ് വ്യാപനത്തിൽ ആശങ്കയറിയിച്ചിരിക്കയാണ് പ്രധാനമന്ത്രി. അപ്പോ നേരത്തെ ലഭിച്ച ഗപ്പിന്റെ കാര്യം പ്രധാനമന്ത്രിക്ക് അറിവില്ല എന്നാണോ ആവോ…




 

LEAVE A REPLY

Please enter your comment!
Please enter your name here