സ്വന്തം ലേഖകൻ

കൊച്ചി : ഐ എൻ എൽ നേതാക്കൾ ചേരിതിരിഞ്ഞുള്ള അക്രമവും കയ്യാങ്കളിയും, യോഗത്തിൽ പങ്കെടുക്കാനെത്തിയ  മന്ത്രി അഹമ്മദ് കോവിൽ പൊലീസിന്റെ കാവലിൽ രക്ഷപ്പെട്ടു. കോവിഡ് നിയന്ത്രണം കർശനമായി പാലിക്കപ്പെടുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന് പൊലീസ് നടപടികൾ കർശനമായി നടപ്പാക്കികൊണ്ടിരിക്കെയാണ് നൂറിലധികം പേരെ പങ്കെടുപ്പിച്ചുകൊണ്ട് എറണാകുളം ബോട്ട് ജെട്ടിക്ക് സമീപമുള്ള സ്വകാര്യ ഹോട്ടലിൽ പൊലീസിന്റെ കാവലിൽ ഐ എൻ എൽ സംസ്ഥാന സമിതിയോഗം നടന്നത്. ഇടതുമുന്നണിയിൽ പ്രവേശനം കിട്ടുകയും മന്ത്രി സഭയിൽ അഹമ്മദ് ദേവർകോവിൽ അംഗമാവുകയും ചെയ്തതിനു പിന്നാലെ പാർട്ടിയിൽ ഉണ്ടായ അഭിപ്രായ ഭിന്നതകൾ പരസ്യമായിരുന്നു. ഇത് ചർച്ച ചെയ്യുന്നതിനായി വിളിച്ചു ചേർത്ത യോഗത്തിലാണ് പ്രസിഡന്റ് അബ്ദുൾ വഹാബിനെ അനുകൂലിക്കുന്നവരും ജനറൽ സെക്രട്ടറി കാസിം വി ഇരിക്കൂറിനെ അനുകൂലിക്കുന്നവരും തമ്മിൽ വാക്കേറ്റമുണ്ടായത്. അഭിപ്രായഭിന്നത രൂക്ഷമായതിനെ തുടർന്ന് സംസ്ഥാന അധ്യക്ഷൻ  പുറത്തേക്കിറങ്ങി യോഗം പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചു. എന്നാൽ യോഗം തുടരുമെന്നായിരുന്നു ജനറൽ സെക്രട്ടറിയുടെ പ്രഖ്യാപനം.

യോഗഹാളിന് പുറത്ത് കാത്തിരുന്ന പ്രവർത്തകർ കാത്തിരുന്നു, ചില നേതാക്കൾക്ക് നേരെ കയ്യേറ്റം നടന്നു. ഇതോടെ മന്ത്രിക്ക് പുറത്തുകടക്കാൻ പൊലീസ് സഹായം വേണ്ടിവന്നു. ലാത്തിവീശിയതോടെയാണ് പ്രവർത്തകർ പിരിഞ്ഞുപോയത്. ചില ജല്ലാ നേതാക്കളെയും പ്രവർത്തകരെയും പൊലീസ് അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു.
ഐ എൻ എൽ സംസ്ഥാന കമ്മിറ്റിയോഗം കോവിഡ് പ്രോട്ടോകോൾ പ്രകാരമാണ് നടന്നതെന്നാണ് പിന്നീട് അഹമ്മദ് ദേവർ കോവിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞത്.
ഐ എൻ എൽ രൂപീകരിച്ച് 27 വർഷങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്ത് മന്ത്രിസഭയിൽ ഇടം കിട്ടുന്നത്. ഐ എൻ എല്ലിന് ലഭിച്ച പി എസ് സി അംഗത്വം 40 ലക്ഷത്തിന് വിറ്റുവെന്ന ആരോപണമാണ് പാർട്ടിയിൽ ഏറെക്കാലമായി നിലനിന്നിരുന്ന വിവാദം മറനീക്കി പുറത്തുവന്നത്. പാർട്ടിയിൽ ജന.സെക്രട്ടറിക്കാണ് അന്തിമ തീരുമാനമെടുക്കാനുള്ള അധികാരമെന്നിരിക്കെ കാസിം ഇരിക്കൂറിനെ മാറ്റണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.  
ഐ എൻ എൽ യോഗത്തിലുണ്ടായ കയ്യാങ്കളിയും വാക്കേറ്റവും ഇടതുമുന്നണി നേതാക്കൾക്കിടയിൽ കടുത്ത എതിർപ്പുണ്ടാക്കിയിരിക്കയാണ്. നേരത്തെ സി പി എം ഇടപെട്ട് ഐ എൻ എൽ നേതൃത്വത്തെ താക്കീത് ചെയ്തിരുന്നു. ഐ എൻ എൽ തർക്കവും കയ്യാങ്കളിയും ഇടതുമുന്നണിക്ക് വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്. 
 

LEAVE A REPLY

Please enter your comment!
Please enter your name here