കൊച്ചി : ശ്രീലങ്കയില്‍ നിന്നും ബംഗ്ളാദേശില്‍ നിന്നുവരെ നിക്ഷേപമിറക്കാന്‍ ക്ഷണം തേടിയെത്തുമ്പോള്‍ വീണ്ടും റെയ്ഡും പരിശോധനയുമായി കിറ്റെക്സിനെ വിടാന്‍ കൂട്ടാക്കാതെ സര്‍ക്കാര്‍. കിഴക്കമ്പലത്ത് കിറ്റെക്സിൽ ഇന്ന് രാവിലെ വീണ്ടും പരിശോധനകള്‍ നടന്നു.

ഭൂഗർഭ ജല അതോറിറ്റി യിലെ ഉദ്യോഗസ്ഥരാണ് രാവിലെ 11 മണിയോടെ പരിശോധനയ്ക്കായി എത്തിയത്. 12 ാം തവണയാണ് സ്ഥാപനത്തിൽ പരിശോധന നടക്കുന്നത്. ജില്ലാ വികസന സമിതി യോഗത്തില്‍ പി.ടി. തോമസ് എംഎല്‍എ ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി കിറ്റെക്സ് പറയുന്നു. നേരത്തേ പരിശോധനയിലും റെയ്ഡിലും പൊറുതിമുട്ടിയാണ് സംസ്ഥാനത്ത് നടത്താനിരുന്ന 3500 കോടിയുടെ പദ്ധതിയില്‍ നിന്നും പിന്മാറുന്നതെന്നായിരുന്നു കിറ്റെക്സ് പറഞ്ഞിരുന്നത്.

ഇതിന് പിന്നാലെയാണ് കിറ്റെക്സിനെ തേടി അന്യസംസ്ഥാനങ്ങളുടെ ക്ഷണം എത്തിയത്. റെയ്ഡ് നടത്തി നിരന്തരം പീഡിപ്പിക്കുന്നു എന്നായിരുന്നു കിറ്റെക്സിന്റെ പരാതി. കിറ്റെക്സ് കേരളസര്‍ക്കാരുമായി ഒപ്പുവെച്ചിരുന്ന വന്‍കിട പദ്ധതിയില്‍ നിന്നും പിന്മാറുന്നു എന്ന വാര്‍ത്ത വന്നതോടെ ഇത് ദേശീയതലത്തില്‍ത്തന്നെ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഒമ്പത് സംസ്ഥാനങ്ങളും രണ്ടു രാജ്യങ്ങളും കിറ്റെക്സിനെ തേടി വന്നത്.

വ്യവസായ ശാലകളില്‍ മിന്നല്‍ പരിശോധനയുണ്ടാവില്ലെന്ന് വ്യവസായ മന്ത്രി പ്രഖ്യാപിച്ച് രണ്ടാഴ്ചയ്ക്കുള്ളിലാണ് വീണ്ടും പരിശോധനയെന്നും സര്‍ക്കാരും മന്ത്രിമാരും എന്തെല്ലാം വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചാലും അതൊന്നും നടപ്പിലാവില്ലെന്നതിന് ഉദാഹരണമാണ് ഈ പരിശോധനയെന്നുമാണ് കിറ്റെക്സിന്റെ പുതിയ പ്രതികരണം. കഴിഞ്ഞ ദിവസമാണ് കിറ്റെക്സിനെ തേടി ശ്രീലങ്കന്‍ അധികൃതര്‍ കൊച്ചിയില്‍ വിമാനമിറങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here