തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കെ.പി. സി. സി. പ്രസിഡന്റിന്റെ ഉൾപ്പെടെ എതിര്‍‍പ്പ് മറികടന്ന് കായലും നെൽവയലും നികത്താൻ റവന്യൂവകുപ്പ് അനുമതി നല്കി. കുമരകത്തെ മെത്രാൻ കായൽ ടൂറിസംപദ്ധതിക്കായും കൊച്ചി കടമക്കുടിയിൽ ആശുപത്രിക്കായും 425 ഏക്കർ നെൽവയലും നീർത്തടവും നികത്താനാണ് അനുമതി. ഉത്തരവിന്റെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു. റവന്യു വകുപ്പിന്റെ നടപടിയിൽ കെ.പി.സിസി പ്രസിഡന്റ് വി.എം സുധീരൻ മന്ത്രി അടൂർ പ്രകാശിനെ അതൃപ്തി അറിയിച്ചു.

പൊതു ആവശ്യം, പരിസ്ഥിതി സൗഹൃദം എന്ന വിശേഷണങ്ങൾ നൽകിയാണ് ടൂറിസം, ആരോഗ്യ പദ്ധതികൾക്ക് സർക്കാർ പച്ചക്കൊടി കാണിച്ചിരിക്കുന്നത്. കുമരകം മെത്രാൻ കായലിൽ 387 ഏക്കറാണ് ടൂറിസം പദ്ധതിക്കായി നികത്തുക. ഈ മാസം ഒന്നാം തീയതി റവന്യൂ വകുപ്പ് അഡിഷണല്‍‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. റക്കിൻഡോ ഡവലപ്പേഴ്സ് എന്ന കമ്പനിയും അവരുടെ കീഴിലെ 34 അനുബന്ധ കമ്പനികളും ചേർന്നാണ് 362 മുതൽ 403 വരെ സർവെ നമ്പറുകളിലെ ഭൂമി വാങ്ങിയത്. 2009 ൽകുമരകം ടൂറിസ്റ്റ് റിസോര്‍‍ട്ട് വില്ലേജ് എന്ന പദ്ധതി സമർപ്പിച്ചു. പ്രദേശത്ത് കൃഷിസാധ്യമല്ലെന്നാണ് റവന്യൂ വകുപ്പിന്റെ കണ്ടെത്തൽ. സ്വകാര്യ കമ്പനി പുതുക്കി നൽകിയ പദ്ധതി പരിസ്ഥിതി സൗഹൃദമാണെന്നും സർക്കാർ ഉത്തരവ് പറയുന്നു. കൂടാതെ 2200 കോടിയുടെ നിക്ഷേപം വരുന്നത് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും. ജില്ലാകലക്ടർ അനുകൂല ശുപാർശ നൽകിയതിനാൽ പദ്ധതിക്ക് തത്വത്തിൽ അനുമതി നൽകുന്നുവെന്നാണ് മാർച്ച് ഒന്നിന് തിടുക്കത്തിൽ പുറപ്പെടുവിച്ച ഉത്തരവ് പറയുന്നത്. മെഡിക്കൽടൂറിസം അഭിവൃദ്ധിപ്പെടുത്താൻ, മൾട്ടി സ്്പെഷ്യാലിറ്റി ആശുപത്ര്ി വരുന്നതാണ് പൊതു ആവശ്യം എന്ന ഗണത്തിൽ പെടുത്തിയിരിക്കുന്നത്. ഇതിനായി കടമക്കുടിയിൽ 47 ഏക്കർ വയൽ നിക്കത്താനാണ് അനുമതി. 1000 കോടിയുടേതാണ് ഈ നിക്ഷേപം. നിയമം ലംഘിച്ചും കൂടിയാലോചനയില്ലാതെയുമുള്ള നടപടിയിൽ കെപിസിസി പ്രസിഡന്റ് , റവന്യൂമന്ത്രിയെ കടുത്ത അതൃപ്തി അറിയിച്ചു. കുമരകത്തെ മെത്രാൻ കായൽ നികത്താൻ അനുമതി. 2007നു മുമ്പ് കൃഷിയില്ലെന്ന് ചൂണ്ടിക്കാട്ടി 425 ഏക്കർ നിലം നികത്താനാണ് അനുമതി നൽകിയത്. കൊച്ചി കടമക്കുടിയിൽ ആശുപത്രിക്കായി നിലം നികത്താനും തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ഇറക്കിയ ഉത്തരവിലൂടെ റവന്യൂ വകുപ്പ് അനുമതി നൽകി. ഉത്തരവിന്റെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു.

വിശദാംശങ്ങൾ പഠിച്ചശേഷം പ്രതികരിക്കാമെന്ന് റവന്യുമന്ത്രി അടൂർ പ്രകാശ് പറഞ്ഞു. തിരഞ്ഞെടുപ്പിന് മുൻപ് പല ഫയലുകളും ഒപ്പിടാറുണ്ട്. വിഷയത്തിൽ വി.എം സുധീരനുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും അടൂർ പ്രകാശ് പത്തനംതിട്ടയിൽ പറഞ്ഞു.

മുഖ്യമന്ത്രി ഇടപെട്ട് ഉടൻ റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ. കുട്ടനാടിന്റെ പരിസ്ഥിതിയെ അപ്പാടെ തകർക്കുന്നതാണ് ടൂറിസം പദ്ധതി. കോടികളുടെ അഴിമതിയാണ് ഇതിന് പിന്നിലുള്ളതെന്നും വി.എസ്.വാർത്താകുറിപ്പിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here