തിരുവനന്തപുരം: വിവാദമായ നിയമസഭാ കയ്യാങ്കളി കേസിൽ പ്രതികൾ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചതോടെ സംസ്ഥാന സർക്കാർ വെട്ടിൽ. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും മുൻ മന്ത്രിമാരായ ഇപി ജയരാജനും കെടി ജലീലുമാണ് കേസിലെ മുഖ്യപ്രതികൾ. നേതാക്കൾക്കെതിരെ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ച സുപ്രീം കോടതി എംഎൽഎമാർ ഭരണഘടനാ മൂല്യങ്ങൾ ചവിട്ടിമെതിച്ചെന്നാണ് വിമർശിച്ചത്. ക്രിമിനൽ നിയമങ്ങളിൽ നിന്ന് രക്ഷപെടാൻ അംഗങ്ങൾക്ക് അവകാശമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

വിവാദമായ ബജറ്റ് പ്രസംഗം

2015ൽ കെഎം മാണി ധനമന്ത്രിയായിരിക്കേയാണ് വിവാദമായ നിയമസഭാ കയ്യാങ്കളി നടന്നത്. ബാർ കോഴ വിവാദത്തിൽ ആരോപണം നേരിടുന്ന കെ എം മാണിയെ നിയമസഭയിലെത്തി ബജറ്റ് പ്രസംഗം അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന് അന്നു പ്രതിപക്ഷത്തായിരുന്ന എൽഡിഎഫ് വ്യക്തമാക്കുകയായിരുന്നു. എതിർപ്പ് അവഗണിച്ച് ബജറ്റ് പ്രസംഗവുമായി നിയമസഭയിലെത്തിയ കെഎം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താനായി പ്രതിപക്ഷം നടത്തിയ പ്രതിഷേധം കയ്യാങ്കളിയിലേയ്ക്ക് വഴി മാറുകയായിരുന്നു. സഭയുടെ ഡയസിൽ ഭരണ – പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രതിപക്ഷ എംഎൽഎമാരായിരുന്ന വി ശിവൻകുട്ടി, ഇപി ജയരാജൻ, കെ ടി ജലീൽ തുടങ്ങിയവർ സ്പീക്കറുടെ ഡയസ് തകർത്തെന്നും ഉപകരണങ്ങൾ നശിപ്പിച്ചെന്നുമാണ് കേസ്. ഇതിന്റെ തത്സമയ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.

കേസ് ഒതുക്കാൻ സർക്കാർ ശ്രമം

നിയമസഭയ്ക്കുള്ളിൽ നടന്ന പ്രതിഷേധം അന്നു അവസാനിച്ചതാണെന്നും ഇതുമായി ബന്ധപ്പെട്ട കേസ് നീട്ടിക്കൊണ്ടു പോകുന്നതിൽ അർത്ഥമില്ലെന്നുമായിരുന്നു സംസ്ഥാന സർക്കാർ നിലപാട്. മുതിർന്ന നേതാക്കളെ വിചാരണ ചെയ്യുന്നതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. നിയമസഭയ്ക്കുള്ളിൽ നടന്നത് ക്രിമിനൽ നടപടിയാണെന്നും ഇതിൽ നിന്നു അംഗങ്ങൾക്ക് സംരക്ഷണം നൽകാൻ കഴിയില്ലെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഉത്തരവിട്ടു. നിയമസഭാംഗത്വം കുറ്റം ചെയ്യാനുള്ള അവകാശമല്ലെന്നും അക്രമസംഭവങ്ങൾ സഭാ നടപടികളുടെ ഭാഗമായി കാണാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

സർക്കാരിന് രൂക്ഷവിമർശനം

സംസ്ഥാന സർക്കാരിനും കേസിലെ പ്രതികൾക്കും എതിരെ രൂക്ഷവിമർശനമാണ് സുപ്രീം കോടതി ഉന്നയിച്ചത്. കേസിലെ എല്ലാ പ്രതികളും വിചാരണ നേരിടണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പൊതുജന വിശ്വാസ്യതയുടെ ഉത്തരവാദിത്തം നിയമസഭാംഗങ്ങൾക്കുണ്ട്. നിയമസഭയിൽ നടന്നത് സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ്. ക്രിമിനൽ നടപടികൾ സഭാനടപടികളുടെ ഭാഗമല്ലെന്നും ഇത്തരം പ്രവൃത്തികൾ അംഗീകരിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ സ്പീക്കർക്ക് അധികാരമില്ലെന്നും കോടതി പറഞ്ഞു. കേസ് പിൻവലിക്കുന്നത് സ്വാഭാവികനീതിയുടെ നിഷേധമാകുമെന്നും കോടതി വ്യക്തമാക്കി.

മന്ത്രി രാജി വെക്കണമെന്ന് പ്രതിപക്ഷം

സുപ്രീം കോടതിയുടെ വിധിയോടു കൂടി സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രി തന്നെ വിചരാണ നേരിടേണ്ട അവസ്ഥയാണ് സർക്കാർ നേരിടുന്നത്. എന്നാൽ രാജി വെക്കില്ലെന്നും വിചാരണ നേരിടുമെന്നും ശിവൻകുട്ടി പറയുന്നു. മന്ത്രി രാജിവെച്ചില്ലെങ്കിൽ മുഖ്യമന്ത്രി രാജി ചോദിച്ചു വാങ്ങണമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം. യുഡിഎഫ് ഉന്നയിച്ച ചോദ്യങ്ങൾ തന്നെയാണ് കോടതിയും ചോദിച്ചതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. രാജി വെക്കുന്നതു വരെ സമരം നടത്തുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും വ്യക്തമാക്കിയിട്ടുണ്ട്. വിചാരണ നേരിടേണ്ട മന്ത്രി സഭയിൽ ഇരിക്കുന്നത് ഭൂഷണമല്ലെന്നും സതീശൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here