രാജേഷ് തില്ലങ്കേരി

കൊച്ചി : രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായപ്പോഴും  കേരളത്തിൽ മാത്രം രോഗികളുടെ എണ്ണം ദിനം പ്രതി വർദ്ധിക്കുകയാണ്. സംസ്ഥാനത്തെ മിക്കയിടങ്ങളിലും ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കയാണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ താഴെയെത്തിക്കാൻ ആരോഗ്യവകുപ്പിന് കഴിയാതത്തതും ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.
രാജ്യത്ത് മൊത്തം ഉണ്ടാവുന്ന പ്രതിദിന രോഗികളുടെ എണ്ണത്തിൽ കേരളം ഏറെ മുന്നിലായതോടെ കേന്ദ്രആരോഗ്യവകുപ്പും സംസ്ഥാനത്തെ ആശങ്ക അറിയിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താനായി കേന്ദ്രസംഘം കേരളത്തിലെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വാക്സിൻ ക്ഷാമത്തിന് താല്കാലിക പരിഹാരം ഉണ്ടായെങ്കിലും വാക്‌സിനേഷനിലും കേരളം ഏറെ പിന്നിലാവുകയാണ്.
 എന്തുകൊണ്ടാണ് കേരളം ഈ അവസ്ഥയിലേക്ക് മാറിയത്.
കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായ രീതിയിൽ രോഗം തടഞ്ഞു നിർത്തിയ സംസ്ഥാനമാണ് കേരളം. ലോകം വളരെ കൗതുകത്തോടെയാണ് കേരളമെന്ന ഈ കൊച്ചു സംസ്ഥാനത്തെ നോക്കികണ്ടത്. കേരളാ മോഡൽ എന്നായിരുന്നു കോവിഡ് കാലത്ത് പറഞ്ഞിരുന്നത്.
രണ്ടാം വ്യാപനത്തോടെ കേരളത്തിന്റെ സ്ഥാനം നേരെ മാറിമറിഞ്ഞു. രോഗികളുടെ എണ്ണം കുതിച്ചുയർന്നു, പലതരത്തിലുള്ള നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു, കർശനമായി നിയന്ത്രണങ്ങൾ നടപ്പാക്കിയിട്ടും കേരളത്തിന് ആശ്വസിക്കാനുള്ള വകയൊന്നുമില്ലാതായി. മരണ സംഖ്യ ഉയരുന്നത് തടഞ്ഞുനിർത്താനായി എന്നത് വലിയ നേട്ടമാണ്. എന്നാൽ കേരളത്തിന് ആശ്വസിക്കാനുള്ള സ്ഥിതി കേരളത്തിലുണ്ടായിട്ടില്ല.
വാക്സിനേഷൻ മാത്രമാണ് കോവിഡിനെ പിടിച്ചുകെട്ടാനുള്ള ഏക മാർഗമെന്നാണ് ലോകാരോഗ്യ സംഘടനയുടെ തുടർച്ചയായുള്ള പ്രഖ്യാപനം. എന്നാൽ കേരളത്തിന് എന്തുകൊണ്ടാണ് വാക്സിനേഷനിൽ മുന്നേറാനാവാത്തത് എന്നാണ് പരിശോധിക്കേണ്ടത്. വാക്സിൻ വിരണത്തിൽ ആദ്യ ഘട്ടത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. 45 വയസിന് മുകളിലുള്ളവർക്ക് സൗജന്യ വാക്സിൻ എന്നായിരുന്നു കേന്ദ്രസർക്കാരിനുണ്ടായിരുന്നത്. എന്നാൽ പിന്നീട് അത് മാറി. ഡൽഹിയിൽ വാക്സിൻ യഥേഷ്ടം ലഭ്യമാണ് എന്നിട്ടും എന്തുകൊണ്ടാണ് സംസ്ഥാന സർക്കാർ വാക്സിനേഷനിൽ പിറകോട്ട് പോയത്. ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നും വീഴ്ചകളുണ്ടായോ എന്നും പരിശോധിക്കേണ്ടതുണ്ട്. വാക്സിനേഷനിൽ നമ്മളായിരിക്കും മുന്നിലെന്നും, എല്ലാവർക്കും സൗജന്യമായി വാക്സിൻ ലഭ്യമാക്കുമെന്നുമായിരുന്നു കഴിഞ്ഞ ജനുവരിയിൽ അന്നത്തെ ധനമന്ത്രി ഡോ തോമസ് ഐസക് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പ്രഖ്യാപനം മാത്രമാണുണ്ടായത്. വാക്സിൻ എത്തിക്കാനുള്ള നീക്കമൊന്നും കേരളത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നാണ് ഉയരുന്ന പരാതി. വാക്സിൻ വാങ്ങാനായി ക്രൗഡ് ഫണ്ടിംഗ് എന്ന ആശയത്തിന് ആവേശകരമായ പ്രതികരണാണ് ഉണ്ടായത്. സംസ്ഥാനം നേരിട്ട് വാക്സിൻ വാങ്ങിക്കുന്നിത് പോലും നീക്കങ്ങൾ നടത്തിയിരുന്നു. പിന്നീട് എന്താണ് സംഭവിച്ചതെന്നാണ് അജ്ഞാതം. കേന്ദ്ര സർക്കാരിൻ നിന്നും കൃത്യമായി വാക്സിൻ ക്വോട്ട വാങ്ങിയെടുക്കുന്നതിൽ ആരോഗ്യ വകുപ്പിന് കഴിയാതെ പോയത് എന്തുകൊണ്ടാണ്. കേന്ദ്രസർക്കാർ വാക്സിൻ വിതരണത്തിൽ ഉദാരനയം സ്വീകരിച്ചപ്പോഴും കേരളത്തിന് എന്തുകൊണ്ടാണ് വാക്സിൻ എത്തിക്കാൻ കഴിയാതെ പോയത് ? .
വാക്സിൻ സ്ലോട്ടുകൾ ലഭിക്കാത്തതിനാൽ ഒരു മാസത്തിലേറെയായി മിക്കവരും സ്വകാര്യ ആശുപത്രികളെയാണ് വാക്സിനേഷനായി സമീപിക്കുന്നത്. ബുക്കിംഗ് സോഫ്റ്റ്‌വെയറിൽ കൃത്രിമം നടക്കുന്നതായും ആരോപണമുണ്ടായിരുന്നു. രോഗികളുടെ എണ്ണം വർദ്ധിക്കുന്നതും, കഴിഞ്ഞ ദിവസങ്ങളിൽ വാക്സിനേഷൻ ഭാഗീകമായി നിലച്ചതും കേരളത്തെ കൂടുതൽ ആശങ്കയിലേക്ക് തള്ളിവിട്ടിരിക്കയാണ്.
രാഷ്ട്രീയമായ അഭിപ്രായഭിന്നതകൾ മാറ്റി നിർത്തി കേരളത്തിലുണ്ടായിരിക്കുന്ന വാക്സിൻ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ഉടൻ ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here