കൊച്ചി: കൊച്ചി മെട്രോ ജനകീയ യാത്ര കേസിൽ ഉമ്മൻ ചാണ്ടി ഉൾപ്പടെ പ്രതിപ്പട്ടികയിലുണ്ടായിരുന്ന എല്ലാവരെയും വെറുതെവിട്ടു. ഉമ്മൻ ചാണ്ടിയ്ക്ക് പുറമെ രമേശ് ചെന്നിത്തല, വി ഡി സതീശൻ തുടങ്ങി 29 പേരാണ് പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നത്. ജനപ്രതിനിധികൾക്കായുള്ള കൊച്ചിയിലെ പ്രത്യേക കോടതിയാണ് എല്ലാവരെയും വെറുതെ വിട്ടത്.

നിയന്ത്രണങ്ങൾ ലംഘിച്ച് മെട്രോ ജനകീയ യാത്ര സംഘടിപ്പിച്ചെന്നായിരുന്നു കേസ്. 2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മെട്രോയുടെ ഉദ്ഘാടന ചടങ്ങും ആദ്യ യാത്രയും രാഷ്ട്രീയവൽക്കരിച്ചെന്നാരോപിച്ചായിരുന്നു പ്രതിപക്ഷത്തിൻറെ പ്രതിഷേധം. ആലുവയിൽ നിന്ന് പാലാരിവട്ടം വരെയായിരുന്നു കോൺഗ്രസ് നേതാക്കൾ മെട്രോയിൽ യാത്ര ചെയ്തത്. പ്രവർത്തകർ മുദ്രാവാക്യം വിളിയോടെ മെട്രോ സ്റ്റേഷനുകളിലേക്കെത്തിയതോടെ സുരക്ഷാ സംവിധാനങ്ങളെ ബാധിക്കുകയായിരുന്നു. മെട്രോ ട്രെയിനിൽ വച്ചും പ്രവർത്തകർ മുദ്രാവാക്യം വിളിച്ചിരുന്നു.

മെട്രോ ചട്ടം അനുസരിച്ച് ട്രെയിനിലും സ്റ്റേഷൻ പരിസരത്തും പ്രകടനം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ആയിരം രൂപ പിഴയും ആറ് മാസം വരെ തടവ് ശിക്ഷയും ഇതനുസരിച്ച് ലഭിച്ചേക്കാം. ജനകീയ യാത്രയെന്ന പേരിൽ കോൺഗ്രസ് പ്രവർത്തകർ എത്തിയതോടെ ആലുവയിലെയും പാലാരിവട്ടത്തെയും സുരക്ഷാ സംവിധാനങ്ങൾ താറുമാറായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here