സ്വന്തം ലേഖകൻ

മലപ്പുറം : പാണക്കാട് ഹൈദരാലി തങ്ങളെ ചന്ദ്രകയുമായി ബന്ധപ്പെട്ട കള്ളപണ വിവാദത്തിൽ ഇ ഡി ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയതോടെ ലീഗിലെ പ്രതിസന്ധി രൂക്ഷമായി. പി കെ കുഞ്ഞാലിക്കുട്ടിയുടെ അജണ്ടകളാണ് ലീഗിൽ നടപ്പാക്കുന്നതെന്ന ആരോപണമാണ് പ്രതിസന്ധിയുടെ ആഴം വർധിപ്പിച്ചത്. ആരോപണം ഉന്നയിച്ചത് പുറത്തുനിന്നുള്ള ഒരാളല്ലെന്നതും നേതൃത്വത്തെ കുഴക്കുന്നുണ്ട്.
പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട അഴിമതി പണം മുസ്ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ അക്കൗണ്ടിലൂടെ വെളുപ്പിച്ചെടുത്തുവെന്ന ആരോപണമാണ് ലീഗിനെ ഈ പ്രതിസന്ധിയിലെത്തിച്ചത്. മുൻമന്ത്രി ഇബ്രാഹിംകുഞ്ഞ് അഴിമതി പണം വെളുപ്പിക്കാൻ ചന്ദ്രിക ദിനപത്രത്തെ ഉപയോഗപ്പെടുത്തിയെന്നും, അതിന് പി കെ കുഞ്ഞാലിക്കുട്ടിയുടെ സഹായമുണ്ടായി എന്നുമാണ് ആരോപണം. കഴിഞ്ഞ നാൽപ്പത് വർഷമായി ചന്ദ്രികയിലെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത് കുഞ്ഞാലിക്കുട്ടിയാണ് എന്ന മുഈൻ തങ്ങളുടെ തുറന്നു പറച്ചിൽ കുഞ്ഞാലിക്കുട്ടിയുടെ നിലപാടുകളെ പാണക്കാട് കുടുംബത്തിലെ ഒരു വിഭാഗം അംഗീകരിച്ചിരുന്നില്ലെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.


പാണക്കാട് തങ്ങൾ കുടുംബത്തിന്റെ തണലിലാണ് പി കെ കുഞ്ഞാലിക്കുട്ടി വളർന്നു പന്തലിച്ചത്.  മുസ്ലിംലീഗിൽ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി കുഞ്ഞാലിക്കുട്ടി മാറിയതും പാണക്കാട് തങ്ങളായിരുന്ന ശിഹാബ് തങ്ങളുടെ വാൽസല്യത്തിലായിരുന്നു. ശിഹാബ് തങ്ങളുടെ മരണത്തോടെ അദ്ദേഹത്തിന്റെ സഹോദരനായ ഹൈദരലി ശിഹാബ് തങ്ങൾ ലീഗിന്റെ സംസ്ഥാന അധ്യക്ഷനായി. കുഞ്ഞാലിക്കുട്ടി അതിശക്തനായി വളർന്നതോടെ പാണക്കാട് തങ്ങൾക്ക് പോലും എതിരഭിപ്രായം പ്രകടിപ്പിക്കാൻ പറ്റുമായിരുന്നില്ല. കുഞ്ഞാലിക്കുട്ടി പാർലമെന്റ് തെരഞ്ഞടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചതും, പിന്നീട് രണ്ടാം വട്ടം രാജിവച്ച് സംസ്ഥാന നേതൃത്വത്തിലേക്ക് തിരിച്ചുവരാൻ തീരുമാനിച്ചതുമെല്ലാം സ്വന്തം തീരുമാനമെന്നാണ് ലീഗിലെ ഒരു വിഭാഗം നേതാക്കളുടെ പ്രതികരണം. അന്തിമമായ തീരുമാനം പാണക്കാട് തങ്ങൾ പ്രഖ്യാപിച്ചിരുന്ന രീതിക്ക് പലപ്പോഴും മാറ്റമുണ്ടായി.


സജീവ രാഷ്ട്രീയത്തിലേക്ക് പാണക്കാട് കുടുംബത്തിലെ ഇളമുറനേതാക്കൾ കൂടുതൽ ഇടപെടാൻ തുടങ്ങിയതോടെ പി കെ കുഞ്ഞാലിക്കുട്ടിയെ ഉൾക്കൊള്ളാൻ പലർക്കും പറ്റാതായി. ശിബാബ് തങ്ങളുടെ മക്കൾക്ക് കുഞ്ഞാലിക്കുട്ടിയുമായുള്ള അത്ര മാനസിക അടുപ്പം ഹൈദരാലി തങ്ങൾക്കോ, അദ്ദേഹത്തിന്റെ മക്കൾക്കോ ഉണ്ടായിരുന്നില്ല. നിലവിൽ അധികാരം ഹൈദരലി തങ്ങൾക്കാണ്. ആരോഗ്യപരമായ അവശതകൾ നേരിടുന്ന ഹൈദരാലി തങ്ങൾക്ക് ഇ ഡി അന്വേഷണം എന്നൊക്കെ പറയുന്നതിലുള്ള അഭിമാന പ്രശ്‌നമുണ്ട്. ഇതാണ് മകനിലൂടെ പുറത്തുവരുന്നത്.


ചന്ദ്രിക പത്രത്തിന്റെ പേരിൽ കള്ളപ്പണം വെളിപ്പിച്ചെന്ന കേസിൽ സത്യാവസ്ഥ വെളിപ്പെടുത്താനായി വിളിച്ച പത്രസമ്മേളനത്തിലാണ് മൊഈൻ അലി തങ്ങൾ കുഞ്ഞാലിക്കുട്ടിയെ പ്രതിരോധത്തിലാക്കിയത്. മൊഈൻ അലിക്ക് ചന്ദ്രികയുമായി ബന്ധമില്ലെന്നായിരുന്നു നേതൃത്വത്തിന്റെ ആദ്യപ്രതികരണം. എന്നാൽ ചന്ദ്രികയിലെ പ്രതിസന്ധി തീർക്കാൻ സ്വന്തം പിതാവായ ലീഗ് സംസ്ഥാന അധ്യക്ഷൻ രേഖാമൂലം ചുമതല നൽകിയതായുള്ള രേഖകൾ പുറത്തുവന്നതോടെ നേതൃത്വം കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയായിരുന്നു.
പരസ്യമായി കുഞ്ഞാലിക്കുട്ടിക്കെതിരെയുണ്ടായ പ്രതികരണത്തിൽ മൊഈൻ അലിക്കെതിരെ എന്ത് നടപടിയുണ്ടാവുമെന്ന് നാളെ സാദിക്കലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ  നടക്കുന്ന ലീഗ് ഉന്നതാധികാരസമിതിയാണ് തീരുമാനിക്കുക. നിലവിൽ യൂത്ത്‌ലീഗ് ദേശീയ ഉപാധ്യക്ഷനാണ് മൊഈൻ അലി തങ്ങൾ.


പാണക്കാട് കുടുംബത്തിലെ ഒരു യുവനേതാവിനെതിരെ നടപടിയുണ്ടാവുകയെന്നത് ലീഗിനെ ഒന്നു പിടിച്ചുലയ്ക്കും. എന്നാൽ കെ ടി ജലീലുമായി ചേർന്ന് കുഞ്ഞാലിക്കുട്ടിക്കെതിരെ നടത്തുന്ന നീക്കം വച്ചുപൊറുപ്പിക്കാനാവില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കൾ. പാണക്കാട് കുടുംബത്തിലുള്ള അധികാര തർക്കവും ഈ വിവാദങ്ങൾക്ക് ഒരു കാരണമായി പറയപ്പെടുന്നുണ്ട്.

കഴിഞ്ഞ അഞ്ചുവർഷക്കാലം അധികാരമില്ലാത്തതിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന പാർട്ടിയാണ് മുസ്ലിംലീഗ്. അടുത്ത അഞ്ചുവർഷം ഇനിയും ഭരണത്തിലുണ്ടാവുകയുമില്ല. ഇത്തരം സാഹചര്യത്തിൽ ലീഗിന് പിടിച്ചു നിൽക്കാൻ പറ്റാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. അധികാരമില്ലാത്തതിന്റെ അസ്വസ്ഥതകൾ ലീഗ് പ്രവർത്തകരിലും പ്രകടമാണ്. ഇത്തരം സാഹചര്യത്തിൽ പാർട്ടിയിൽ അഭ്യന്തര കലാപവും ഉണ്ടായാൽ അതിനെ അതിജീവിക്കാൻ ബുദ്ധിമുട്ടാവും. 

LEAVE A REPLY

Please enter your comment!
Please enter your name here