ആലപ്പുഴ : ദേശീയപാതയിൽ അരൂർ മുതൽ ചേർത്തല വരെയുള്ള പുതിയ പാതയുടെ നിർമ്മാണത്തിൽ നടന്ന അഴിമതി അന്വേഷിക്കണമെന്ന് എ എം ആരിഫിന്റെ കത്ത് വിവാദമാവുന്നു. ജി സുധാകരനെ ലക്ഷ്യമിട്ടാണ് ആരിഫിന്റെ നീക്കമെന്നാണ് ആക്ഷേപം. ദേശീയപാത തകർന്നത് നിർമ്മാണത്തിലുണ്ടായ അപാകതയാണെന്നും, വിഷത്തിൽ അടിയന്തിരമായി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് നൽകിയ കത്ത് പുറത്തുവന്നതോയാണ് വിഷയം ചൂടുപിടിച്ചത്. ആലപ്പുഴയിൽ മുൻമന്ത്രി ജി സുധാകരനെതിരെ സി പി എം നടത്തുന്ന അന്വേഷണവും മറ്റും ഈ ആരോപണവുമായി ചേർത്തുവായിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ.

 ജർമ്മൻ സാങ്കേതിക വിദ്യയിൽ നിർമ്മാണം നടത്തിയെന്ന് കൊട്ടിഘോഷിച്ചതായിരുന്നു ആലപ്പുഴയിലൂടെ കടന്നു പോവുന്ന ദേശീയപാത. ദേശീയപാതയുടെ അറ്റകുറ്റപണിയും മറ്റും സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് കൈകാര്യം ചെയ്യുന്നത്. പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ജി സുധാകരന്റെ പ്രത്യേക താല്പര്യപ്രകാരമാണ് പുതിയ സാങ്കേതിക വിദ്യയിൽ റോഡ് നിർമ്മാണം നടന്നത്. ഈ റോഡാണ് പൊട്ടിപൊളിഞ്ഞത്. റോഡ് നിർമ്മാണത്തിൽ അഴിമതിയാരോപിച്ച് എ എം ആരിഫ് രംഗത്തെത്തിയതോടെ ജില്ലയിലെ സി പി എമ്മിൽ ഉടലെടുത്തിരിക്കുന്ന ഗ്രൂപ്പിസം കൂടുതൽ ചർച്ചയാവുകയാണ്.
ജി സുധാകരൻ പ്രഗൽഭനായ മന്ത്രിയായിരുന്നുവെന്നും തന്റെ കത്ത് ദുർവ്യഖ്യാനം ചെയ്യേണ്ടതില്ലെന്നുമാണ് ആരിഫിന്റെ പ്രതികരണം. ദേശീയപാതയുടെ നിർമ്മാണത്തിൽ ക്രമക്കേട് നടന്നത് മന്ത്രി ശ്രദ്ധിച്ചിട്ടുണ്ടാവില്ലെന്നുമാണ് ആരിഫിന്റെ പ്രതികരണം.

 36 കോടിരൂപ ചിലവിട്ടാണ് റോഡ് നവീകരണം നടത്തിയതെന്നും റോഡിൽ ഉടനീളം കുഴികൾരൂപപ്പെട്ടതിൽ വിജിലൻസ് അന്വേണം വേണമെന്നുമാണ് ആരിഫിന്റെ കത്ത്. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ആരിഫ് എം പിയുടെ കത്ത് ലഭിച്ചതായി മന്ത്രി റിയാസും വ്യക്തമാക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്നും സജീവമായി പ്രവർത്തിച്ചില്ലെന്നമുള്ള പരാതിയിൽ പാർട്ടിയുടെ അന്വേഷണം നേരിടുന്ന നേതാവാണ് ജി സുധാകരൻ. എ എം ആരിഫ്, എച്ച് സലാം, ചിത്തരഞ്ചൻ തുടങ്ങിയ നേതാക്കൾ ജി സുധാകരനെതിരെ പാർട്ടിയിൽ ശക്തമായ നീക്കം  നടത്തുകയാണ്. ഇതിനിടയിലാണ് ദേശീയപാതയുടെ നിർമ്മാണത്തിൽ ക്രമക്കേട് നടന്നെന്നും,  വിജിലൻസ് അന്വേഷിക്കണമെന്നും  ആവശ്യപ്പെട്ട് ആരിഫ് രംഗത്തെത്തിയിരിക്കുന്നത്. 
 

LEAVE A REPLY

Please enter your comment!
Please enter your name here