മലപ്പുറം: നേതാക്കളിൽ നിന്നും ലൈംഗിക അധിക്ഷേപം നേരിടേണ്ടി വന്നെന്ന എം എസ് എഫ് വനിതാ വിഭാഗത്തിന്റെ പരാതി പിൻവലിപ്പിക്കാൻ ശ്രമവുമായി മുസ്ലീം ലീഗ്. പരാതി പിൻവലിക്കണമെന്ന് മുനവ്വറലി തങ്ങൾ. വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടു. പ്രശ്‌നപരിഹാരത്തിന് രണ്ട് നാൾ സാവകാശം തേടി മുനവ്വറലി തങ്ങൾ.

അതേസമയം, ലൈംഗികമായി അധിക്ഷേപിച്ചവർക്കെതിരെ നടപടി വേണമെന്ന് നിലപാടിലാണ് ഹരിത. പോലീസ് ഹരിത ജനറൽ സെക്രട്ടറിയുടെ മൊഴിയെടുത്തു.

എം എസ് എഫ് സംസ്ഥാന പ്രസിഡൻറ് പി കെ നവാസും മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി അബ്ദുൾ വഹാബും ലൈംഗിക അധിക്ഷേപം നടത്തിയെന്ന് കാട്ടി പത്ത് വനിതാ നേതാക്കളാണ് വനിതാ കമ്മീഷന് നൽകിയ പരാതി.

അതേസമയം, സംസ്ഥാന അധ്യക്ഷൻ പി കെ നവാസിനെതിരെ ഹരിതാ നേതാക്കൾ നൽകിയ പരാതിയിൽ വനിതാ കമ്മീഷൻ അന്വേഷണം ആരംഭിച്ചു. പ്രാഥമിക റിപ്പോർട്ട് നൽകാൻ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ വി ജോർജിന് നിർദേശം നൽകി. പരാതിക്കാരുടെ മൊഴി ഇന്നലെ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മീഡിയാവൺ ആണ് ഇത് സംബന്ധിച്ച് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പരാതി ഒത്തുതീർപ്പാക്കാൻ ലീഗ് നേതൃത്വം തിരക്കിട്ട് ചർച്ചകൾ നടത്തുന്നതിനിടെയാണ് വനിതാ കമ്മീഷൻ നടപടിയിലേക്ക് കടന്നത്.

കോഴിക്കോട് വച്ച് ജൂൺ 22 ന് നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലെ ചില പരാമർശങ്ങളാണ് പരാതിയുടെ അടിസ്ഥാനം. സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് സംഘടനകാര്യങ്ങളിൽ വനിത നേതാക്കളോട് അഭിപ്രായം ചോദിച്ച് സംസാരിക്കവെ വേശ്യയ്ക്കും വേശ്യയുടേതായ ന്യായീകരണം ഉണ്ടാകുമല്ലോ അത് പറയൂ എന്നാണ് പരാമർശിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here