ലണ്ടൻ: ക്രിക്കറ്റിന്റെ തറവാട്ടു മുറ്റത്താണ് മത്സരം നടക്കുന്നതെന്ന് പറഞ്ഞിട്ട് എന്തു കാര്യം! ലോർഡ്സിൽ നടക്കുന്ന ഇന്ത്യ–ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ ചർച്ചയായി ഇംഗ്ലിഷ് കാണികളുടെ മോശം പെരുമാറ്റം. മത്സരത്തിനിടെ ഇന്ത്യൻ താരം കെ.എൽ. രാഹുലിനെതിരെ ഒരു കൂട്ടം ആരാധകർ ഗാലറിയിൽനിന്ന് കുപ്പിയുടെ കോർക്ക് ഉൾപ്പെടെയുള്ള വസ്തുക്കൾ വലിച്ചെറിഞ്ഞതാണ് വിവാദമായത്. മത്സരത്തിന്റെ മൂന്നാം ദിനം ഇംഗ്ലിഷ് താരങ്ങൾ ബാറ്റു ചെയ്യുമ്പോഴാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സിലെ 69–ാം ഓവറിലാണ് സംഭവം. ബാറ്റു ചെയ്യുന്നത് ഇംഗ്ലണ്ട് നായകൻ ജോ റൂട്ടും ജോണി ബെയർസ്റ്റോയും. മുഹമ്മദ് ഷമി എറിഞ്ഞ ഈ ഓവറിലെ നാലാം പന്തിനു ശേഷമാണ് ഇംഗ്ലിഷ് ആരാധകർ ഗാലറിയിൽനിന്ന് രാഹുലിനു നേരെ ഷാംപെയിന്‍ കുപ്പിയുടെ കോർക്കുകൾ വലിച്ചെറിഞ്ഞത്. ഈ സമയത്ത് ബൗണ്ടറിക്കു സമീപം ഫീൽഡ് ചെയ്യുകയായിരുന്നു രാഹുൽ.

സംഭവത്തിൽ അസന്തുഷ്ടനായി കാണപ്പെട്ട ഇന്ത്യൻ നായകൻ വിരാട് കോലി, ഗ്രൗണ്ടിൽ വീണ കോർക്കുകൾ ഗ്രൗണ്ടിനു പുറത്തേക്ക് എറിഞ്ഞുകളയാൻ രാഹുലിനോട് ആവശ്യപ്പെടുന്നത് കാണാമായിരുന്നു. ഓൺ–ഫീൽഡ് അംപയർമാരായ മൈക്കൽ ഗഫ്, റിച്ചാർഡ് ഇല്ലിങ്‌വർത്ത് എന്നിവരെ ഇന്ത്യൻ താരങ്ങൾ ഇക്കാര്യം ധരിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ ഇന്ത്യൻ ടീം ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ടോ എന്ന് വ്യക്തമല്ല.

ഒന്നാം ഇന്നിങ്സിൽ തകർപ്പൻ സെഞ്ചുറിയുമായി ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത് കെ.എൽ. രാഹുലായിരുന്നു. ഓപ്പണറായി ഇറങ്ങിയ രാഹുൽ 250 പന്തിൽനിന്ന് 12 ഫോറും ഒരു സിക്സും സഹിതം 129 റൺസാണ് അടിച്ചുകൂട്ടിയത്. ഒന്നാം വിക്കറ്റിൽ രോഹിത് ശർമയ്‌ക്കൊപ്പവും മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ വിരാട് കോലിക്കൊപ്പവും സെഞ്ചുറി കൂട്ടുകെട്ടും തീർത്തു. ഒന്നാം ഇന്നിങ്സിൽ 364 റൺസെടുത്ത ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 391 റൺസിന് പുറത്തായി.

നേരത്തെ, ഓസ്ട്രേലിയൻ പര്യടനത്തിനിടെയും ഇന്ത്യൻ ടെസ്റ്റ് ടീമിനുനേരെ കാണികൾ വംശീയാധിക്ഷേപം നടത്തിയത് വാർത്തയായിരുന്നു. ഇന്ത്യൻ പേസ് ബോളർ മുഹമ്മദ് സിറാജാണ് അന്ന് ഓസീസ് കാണികളുടെ അധിക്ഷേപത്തിന് ഇരയായത്. ഇതിനു പിന്നാലെയാണ് മറ്റൊരു ഇന്ത്യൻ താരത്തിനുശേഷം ഇംഗ്ലണ്ടിൽവച്ച് ഇത്തരമൊരു നീക്കമുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here