ആലപ്പുഴ: കൊവിഡ് ബാധിച്ചയാൾ മരിച്ച് രണ്ട് ദിവസത്തിന് ശേഷം മാത്രം വിവരമറിയിച്ച വിവാദത്തിന് പിന്നാലെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ വീണ്ടും സമാനമായ സംഭവം. തീവ്രപരിചരണ വിഭാഗത്തിലായിരുന്ന രോഗി മരിച്ചത് ബന്ധുക്കൾ അറിഞ്ഞത് നാല് ദിവസത്തിന് ശേഷം മാത്രം. ചെങ്ങന്നൂർ പെരിങ്ങാല സ്വദേശി തങ്കപ്പൻ(55) മരിച്ച വിവരമാണ് നാല് ദിവസത്തിന് ശേഷം ബന്ധുക്കൾ അറിഞ്ഞത്.ഈ മാസം ഏഴിനായിരുന്നു തങ്കപ്പനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തങ്കപ്പന്റെ ഭാര്യയും മകനും ഇതേ ആശുപത്രിയിലെ വാർഡിൽ ചികിത്സയിലുണ്ടായിരുന്നു.

എന്നാൽ പിന്നീട് ഇദ്ദേഹത്തിന്റെ വിവരമൊന്നും അറിയാതെ വന്നപ്പോൾ ഐസിയുവിലെത്തി അന്വേഷിച്ചതോടെയാണ് മരണമടഞ്ഞിട്ട് നാല് ദിവസമായി എന്നറിഞ്ഞത്.വിഷയത്തിൽ അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ ആരോഗ്യമന്ത്രി വീണാ ജോർജ് ആവശ്യപ്പെട്ടു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടറാണ് അന്വേഷിക്കുക.കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.മുൻപ് ഹരിപ്പാട് സ്വദേശിയായ ദേവദാസ് ഇവിടെ കൊവിഡ് ബാധിച്ച് മരിച്ച വിവരം രണ്ട് ദിവസം കഴിഞ്ഞാണ് ബന്ധുക്കൾ അറിഞ്ഞത്. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെയാണ് ദേവദാസിന് കൊവിഡ് ബാധിച്ചത്. ഇദ്ദേഹത്തെ കാത്ത് ഭാര്യ വിജയമ്മ വാർഡിന് വെളിയിൽ വിവരം അറിയാതെ കാത്തിരിക്കുകയായിരുന്നുവെന്ന് മക്കൾ അറിയിച്ചു. എന്നാൽ വിവരം അറിയിക്കാൻ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ആരെയും ലഭിച്ചില്ലെന്നും വീഴ്‌ച ഉണ്ടായില്ലെന്നുമാണ് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here