തിരുവനന്തപുരം: ഡി സി സി അധ്യക്ഷൻമാരുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട അന്തിമപട്ടിക സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടെന്ന വിധത്തിൽ ചില ദൃശ്യമാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്ത അടിസ്ഥാനരഹിതവും വെറും നുണപ്രചരണവുമാണെന്ന് കെ പി സി സി പ്രസിഡൻറ് കെ സുധാകരൻ എം പി. ഡി സി സി പുനഃസംഘടനയുമായി ബന്ധപ്പെട്ട പട്ടിക എ ഐ സി സിയുടെ പരിഗണനയിലാണെന്നും അത് അന്തിമമായി പ്രസിദ്ധീകരിക്കുന്നത് വരെ ഒരുവിധത്തിലും പുറത്തുവരുന്ന സാഹചര്യമില്ലെന്നും സുധാകരൻ പറഞ്ഞു.

അതേസമയം, കോൺഗ്രസിൽ പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുന്നതിനിടെ പ്രശ്‌നങ്ങൾ നിരവധിയാണ് ഉടലെടുത്തിയിരിക്കുന്നത്. കേരളത്തിലെ ഡി സി സി അധ്യക്ഷന്മാരുടെ പട്ടികയിൽ  കൂടുതൽ യുവാക്കളെ മുൻനിരയിലേക്ക് കൊണ്ടുവരണമെന്നാണ് ഹൈക്കമാൻറ്  നിലപാട്. സാമുദായിക പരിഗണനക്കൊപ്പം കഴിവും സംഘടനാ മികവും ആയിരിക്കണം മാനദണ്ഡമെന്ന് ഹൈക്കമാൻറ് നിർദ്ദേശിച്ചു.

എന്നാൽ, ഡി  സി സി അധ്യക്ഷൻമാരുടെ പട്ടിക ഹൈക്കമാൻറിന് കൈമാറിയതിന് പിന്നാലെ പ്രതിഷേധവുമായി ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും രംഗത്തെത്തി. കേരളത്തിൽ പുതിയ ഗ്രൂപ്പുണ്ടാക്കാനാണ് നീക്കമെന്ന് ഹൈക്കമാൻറിനെ നേതാക്കൾ പരാതി അറിയിച്ചു. ഡി സി സി ഭാരവാഹികളെ ഏകപക്ഷീയമായി തീരുമാനിക്കാനുള്ള സുധാകരൻറെയും സതീശൻറെയും നീക്കത്തോട് സഹകരിക്കില്ലെന്ന നിലപാട് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഹൈക്കമാൻറിനെ അറിയിച്ചത്. കൂടിയാലോചന നടത്താതെ പ്രത്യേക ഗ്രൂപ്പുണ്ടാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും വിമർശനവും ഉമ്മൻചാണ്ടിയും രമേശ് ചെന്നത്തയും ഉയർത്തുന്നു.

എല്ലാവരേയും പൂർണമായി തൃപ്തിപ്പെടുത്തിക്കൊണ്ട് ജില്ലാ കോൺഗ്രസ് കമ്മറ്റികളുടെ പുന:സംഘടന സാധ്യമാകില്ലെന്നാണ് ് കെ മുരളീധരൻ പ്രതികരിച്ചത്. ജില്ലാ കോൺഗ്രസ് കമ്മറ്റി പുന:സംഘടന പട്ടിക ഏത് നിമിഷവും പുറത്തിറങ്ങും. തൻറെ നിർദേശങ്ങൾ ഹൈക്കമാൻറിനെ അറിയിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടി , രമേശ് ചെന്നിത്തല എന്നിവരെ തള്ളിക്കൊണ്ടുള്ള നടപടി വേണ്ടെന്നാണ് അറിയിച്ചിട്ടുള്ളതെന്നും കെ മുരളീധരൻ കോഴിക്കോട് പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here