തിരുവനന്തപുരം: അഫ്ഗാനിസ്ഥാനിൽ നിന്നും ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് മുൻകൈയെടുത്ത പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രാലയത്തിനും നന്ദി രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയോടും ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയ വിദേശകാര്യ മന്ത്രാലയത്തോടും ഹൃദയപൂർവ്വം നന്ദി പറയുന്നെന്ന് അദ്ദേഹം പറഞ്ഞു.

അഫ്ഗാനിസ്ഥാനിൽ പെട്ടുപോയിരിക്കുന്ന മലയാളികൾക്ക് സഹായങ്ങൾക്കായി നോർക്ക റൂട്ട്‌സുമായി ബന്ധപ്പെടാമെന്നും മുഖ്യമന്ത്രി അറിയിച്ചു. വിദേശകാര്യ മന്ത്രാലയത്തിൻറെ 24×7 പ്രവർത്തിക്കുന്ന സ്‌പെഷ്യൽ അഫ്ഗാനിസ്ഥാൻ സെല്ലിനെയും സമീപിക്കാവുന്നതാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പറഞ്ഞു.

അഫ്ഗാനിൽ നിന്ന് മടങ്ങിയെത്താൻ വിവരങ്ങൾ രജിസ്റ്റർ ചെയ്ത എല്ലാ മലയാളികളെയും തിരിച്ചെത്തിച്ചതായി കേന്ദ്ര സർക്കാർ ഇന്ന് അറിയിച്ചിരുന്നു. ഇന്ന് രാവിലെ കാബൂളിൽ നിന്നുള്ള വ്യോമസേനാ വിമാനത്തിൽ ഡൽഹിയിലാണ് മലയാളികൾ എത്തിയത്. മലയാളികൾക്കൊപ്പം ഡൽഹിയിൽ എത്തിയ സംഘത്തിൽ എംപിമാർ അടക്കമുള്ള അഫ്ഗാൻ പൗരന്മാരും ഉണ്ടായിരുന്നു.

കാബൂളിൽ നിന്ന് തിരിച്ചു വരാൻ ആഗ്രഹിക്കുന്ന മുഴുവൻ പേരെയും തിരിച്ചെത്തിക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി വി മുരളീധരനും പ്രതികരിച്ചിരുന്നു. വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ സുരക്ഷ പ്രശ്‌നം ഉണ്ട്. ഐഎസിൽ ചേർന്ന മലയാളികളെ താലിബാൻ മോചിപ്പിച്ചതിനെ കുറിച്ച് വിവരം ഇല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here