കൊച്ചി: കാക്കനാട്ടെ ഫ്‌ലാറ്റിൽ നിന്നും ലഹരിമരുന്നിനൊപ്പം എക്‌സൈസ് പിടികൂടിയ മാൻകൊമ്പ് വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. കൊച്ചിയിലെ എക്‌സൈസ് ഓഫീസിലെത്തിയാണ് 39 സെൻറീ മീറ്റർ നീളമുളള മാൻ കൊമ്പ് കസ്റ്റഡിയിലെടുത്തത്. കോടനാട് റേഞ്ച് ഫോറസ്റ്റ് ഓഫിസർ ജി.ധനിക്ക് ലാലിൻറെ നേതൃത്വത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ എക്‌സൈസ് ഓഫീസിലെത്തിയത്. ഇത് കോടതിയിൽ ഹാജരാക്കും. മയക്കുമരുന്ന് പിടിച്ച സംഘത്തിൽ നിന്നും മാൻ കൊമ്പ് എക്‌സൈസ് പിടിച്ചിരുന്നെങ്കിലും പിന്നീട് ഇതേ പറ്റി വിവരമുണ്ടായിരുന്നില്ല. മാൻ കൊമ്പ് എക്‌സൈസ് മുക്കിയെന്ന ആരോപണവും ഉയർന്നിരുന്നു. തുടർന്നാണ് വനം വകുപ്പിനെ വിവരമറിയിച്ചതെന്നാണ് സൂചന.

മാൻ കൊമ്പിൻറെ കാര്യം നേരത്തേ അറിയിച്ചിരുന്നില്ലെന്നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. ഇപ്പോൾ എക്‌സൈസ് അറിയിച്ചതിനെ തുടർന്നാണ് എത്തിയതെന്ന് ഫോറസ്റ്റ് ഓഫിസർ ജി.ധനിക്ക് ലാൽ പറഞ്ഞു. ലഹരിമരുന്ന് കേസിനൊപ്പം മാൻകൊമ്പ് കേസും മഹസറിൽ ഉൾപ്പെടുത്താനാകുമോയെന്ന സംശയം എക്‌സൈസിനുണ്ടായി. അതിനാലാണ് മഹസറിൽ രേഖപ്പെടുത്താത്തതെന്ന വിശദീകരണമാണ് എക്‌സൈസ് നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. മാൻ കൊമ്പ് മയക്കുമരുന്ന് സംഘത്തിൽ നിന്ന് പിടികൂടിയ സംഭവത്തിൽ എക്‌സൈസ് ഉദ്യോഗസ്ഥരിൽ നിന്നും വനം വകുപ്പ് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.

അതിനിടെ ലഹരിമരുന്ന് കേസിൽ അഡീഷണൽ എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തിൽ പുതിയ സംഘം അന്വേഷണം ആരംഭിച്ചു. അഡീഷണൽ കമ്മീഷണർ അബ്ദുൾ റാഷിയുടെ നേതൃത്വത്തിലുളള പുതിയ സംഘമാണ് അന്വേഷണം ആരംഭിച്ചത്. കേസ് അട്ടിമറിക്കാൻ ചില എക്‌സൈസ് ഉദ്യോഗസ്ഥർ ശ്രമിച്ചു എന്നതിൽ അന്വേഷണം ആവശ്യമാണെന്ന നിഗമനത്തിലാണ് പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചത്.

പ്രധാന കേസും അട്ടിമറി ആരോപണവും പുതിയ സംഘം അന്വേഷിക്കും. ഫ്‌ലാറ്റിൽ നിന്നും കണ്ടെത്തിയ ഒരു മൊബൈൽഫോൺ, നാല് മുന്തിയ ഇനം നായ്ക്കൾ, പണം എന്നിവ മഹസറിൽ ഉൾപ്പെടുത്തിയില്ലെന്നും ആരോപണമുയർന്നിട്ടുണ്ട്. എക്‌സൈസിലെ ക്രൈംബ്രാഞ്ച് വിഭാഗവും അട്ടിമറി ആരോപണത്തിൽ സമാന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here